ഡൽഹി:
പ്രൈവറ്റ് സ്കൂളുകളുടെ അതേ നിലവാരത്തിലെത്തി ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകൾ. സങ്കല്പങ്ങൾക്കപ്പുറമാണ് ഇവ മെച്ചപ്പെട്ടിരിക്കുന്നത്. ഇതിനു തെളിവെന്നോണമാണ് 2018 ലെ സി.ബി.എസ്.ഇ റിസൽട്ടുകൾ. 90.68 ശതമാനമാണ് ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകളുടെ വിജയ ശതമാനം. ഇതു പ്രൈവറ്റ് സ്കൂളുകളുടെ വിജയശതമാനമായ 88.35 നെക്കാളും ഉയരെയാണെന്നത് മാത്രമല്ല, ഇതുവരെ ഉണ്ടായ വിജയശതമാനത്തേക്കാളും കൂടുതലാണ്. ഈ വർഷത്തെ വിജയം കഴിഞ്ഞ പത്തു വർഷത്തെ നേട്ടങ്ങളെക്കാൾ മികച്ചതാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ആം ആദ്മി പാർട്ടി 2015 ൽ അധികാരത്തിൽ വന്നപ്പോൾ, വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ഊന്നൽ കൊടുക്കുമെന്ന് പറഞ്ഞതാണ്. ആ മാറ്റങ്ങൾ ഇപ്പോൾ നഗരത്തിലെ ആയിരത്തോളം വരുന്ന സർക്കാർ സ്കൂളുകളിൽ കാണാനുണ്ട്. മുൻപ് ഇരുപതു റൂമുകൾ തികച്ചില്ലാതിരുന്ന സ്കൂളുകളിൽ, ഇപ്പോൾ മികച്ച ലാബുകളും വിവിധാവശ്യങ്ങൾക്കുള്ള ഹാളുകളുൾപ്പെടെ എഴുപത്തെട്ടോളം മുറികളുണ്ട്. പല ക്ലാസ് റൂമുകളും എ.സി സൗകര്യമടക്കമുള്ളവയാണ്.
കുട്ടികൾ ഈ മാറ്റത്തിൽ അങ്ങേയറ്റം സന്തുഷ്ടരാണ്. വിദ്യാഭ്യാസ മന്ത്രിയുടെ മുൻ ഉപദേഷ്ടാവായിരുന്ന മനീഷ് സിസോദിയ, വിദ്യാഭ്യാസരംഗത്തും കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളെപ്പറ്റി സംസാരിച്ചു. മുൻകാലങ്ങളിൽ, ഒരു ക്ലാസ്റൂമിൽത്തന്നെ നിരവധി ക്ലാസ്സുകൾ എടുക്കേണ്ടുന്ന അവസ്ഥയായിരുന്നു. ബെഞ്ചുകളില്ലാത്തതിനാൽ കുട്ടികൾ തറയിൽ ഇരിക്കേണ്ടുന്ന അവസ്ഥയായിരുന്നു. വൃത്തിയുള്ള ടോയ്‌ലെറ്റുകളോ, കുടിവെള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. സ്കൂളിന്റെ ചുമരുകൾ നശിച്ചിരിക്കുകയായിരുന്നു. നാലു വർഷത്തിനുള്ളിൽ 21000 ക്ലാസ് റൂമുകൾ നിർമ്മിക്കുമെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. അതിൽ 8000 നിർമ്മിച്ചു കഴിഞ്ഞു. ബാക്കി 13000 നിർമിച്ചുകൊണ്ടിരിക്കുകയാണ്. 25 പുതിയ സ്കൂളുകൾ പുതുതായി പണി കഴിപ്പിച്ചു. ബാക്കി 31 എന്നതിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. വൃത്തിയുള്ളതും, വർണാഭമായതുമായ ക്ലാസ് റൂമുകൾ, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, വലിയ ക്ലാസ്സുകളിൽ പ്രൊജക്ടർ സംവിധാനങ്ങൾ, സ്മാർട്ട് ബോർഡുകൾ, ഇൻഡോർ-ഔട്ട് ഡോർ കഴിയ്ക് പരിശീലനങ്ങൾ.
കഴിഞ്ഞ വർഷം, മിഷൻ ബുനിയാദിന്റെ ഭാഗമായി വെക്കേഷൻ സമയത്ത് മൂന്നു മുതൽ പതിനൊന്നാം ക്ലാസ്സുവരെയുള്ള പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികളെ പഠനത്തിൽ മുന്നോട്ട് കൊണ്ടുവരാനായി കാമ്പയിനുകൾ നടത്തിയിരുന്നു. ഇതിനു പുറമെയായിട്ട്, ഹാപ്പിനെസ്സ് കരിക്കുലം എന്നൊരു പദ്ധതിയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ, അഴിമതി, തീവ്രവാദം, വിദ്വേഷം, അക്രമം എന്നിവയിൽ നിന്ന് അകറ്റി നിർത്തുകയാണ് ഇതിന്റെ ലക്‌ഷ്യം.