കൊച്ചി:
അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി.
ഗുർവീന്ദർ സിങ് ചുവപ്പു കാർഡ് കണ്ടു പുറത്തായതിനാൽ 23-ാം മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടു പോലും കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ആരാധകരെ ആശ്വസിപ്പിക്കാൻ ഒരു ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണായിരിക്കും ഐ.എസ്.എല്ലിന്റെ അഞ്ചാം പതിപ്പ്. അത്രമാത്രം നിരാശജനകമായ പ്രകടനമായിരുന്നു ടീമിന്റേത്. വെറും രണ്ടു വിജയങ്ങൾ മാത്രമാണ് ടീമിന് ഈ സീസണിൽ നേടാനായത്. ഒൻപതു മത്സരം സമനിലയായി. ഇതിൽ തന്നെ ആറു മത്സരങ്ങളെങ്കിലും കളിയുടെ അവസാന നിമിഷങ്ങൾ വരെ ലീഡ് ചെയ്തിട്ട് ഇഞ്ചുറി ടൈമിലും മറ്റും സമനില വഴങ്ങിയിട്ടുള്ളതാണ്.
പത്തു ടീമുകളുള്ള ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഒമ്പതാമതായാണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത് .
8 കളിയിൽ 29 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നേരത്തെ തന്നെ സെമിയിൽ എത്തിയിരുന്നു. ലോകത്തിലെ വമ്പൻ ക്ലബ്ബുകളോടു കിടപിടിക്കുന്ന വലിയൊരു ആരാധക പട തന്നെ ഉണ്ടായിട്ടും കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ഒരേയൊരു മത്സരം മാത്രമാണ് വിജയിക്കാനായത്. അതിലുപരി ടീമിനെ പിടിച്ചുലച്ച വിവാദങ്ങളും. ലീഗിന്റെ ഇടയ്ക്കു വെച്ച് കോച്ച് ഡേവിഡ് ജെയിംസും സൂപ്പർ താരമായ സി. കെ. വിനീതും ടീം വിട്ടു പോയിരുന്നു. കപ്പടിക്കാനും കലിപ്പടക്കാനും കടം വീട്ടാനുമൊക്കെയുള്ള ആഗ്രഹം സഫലമാകാതെ ടീം തലകുനിച്ചു മടങ്ങുമ്പോൾ നിരാശയിലാണ് ടീമിന്റെ ആരാധകരും.