അബുദാബി:
“ഇസ്ലാമിക സഹകരണത്തിന്റെ 50 വര്‍ഷങ്ങള്‍ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയുള്ള ദിശാവലംബം” എന്ന വിഷയത്തില്‍ നടക്കുന്ന, ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിന് അബുദാബി വേദിയാകും. എന്നാൽ ഇസ്ലാമിക് രാജ്യങ്ങളുടെ ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്നും പാക്കിസ്ഥാന്‍ പിന്‍മാറി. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്റെ പിന്മാറ്റം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.
മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ അബുദാബിയിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിലാണ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതില്‍, നേരത്തേ തന്നെ പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു. പാകിസ്ഥാനിലെ മൂന്നിടങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് യു.എ.ഇ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ്, യോഗം തന്നെ ബഹിഷ്‌കരിക്കുന്നുവെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയത്.