Fri. Dec 27th, 2024
#ദിനസരികള് 683

പാകിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാടുകള്‍ കേള്‍ക്കുമ്പോള്‍, 1974 ല്‍ യുനൈറ്റഡ് നേഷന്‍സിനെ അഭിവാദ്യം ചെയ്തുകൊണ്ടു സംസാരിച്ച പാലസ്തീൻ നേതാവ് യാസര്‍ അറഫാത്തിനെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. അന്ന് ലോകജനതയെ സാക്ഷിയാക്കി അറഫാത്ത് ഇങ്ങനെ പറഞ്ഞു.:- ഒരു കൈയ്യില്‍ സമാധാനത്തിന്റെ പ്രതീകമായ ഒലീവുമരക്കൊമ്പും, മറുകയ്യില്‍ വിനാശകാരിയായ തീതുപ്പുന്ന തോക്കുമായാണ് ഞാന്‍ നിലകൊള്ളുന്നത്. എന്റെ കയ്യില്‍ നിന്നും ഒലീവുമരക്കൊമ്പു താഴെ വെക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുത്, ഞാനാവര്‍ത്തിക്കട്ടെ, എന്നെക്കൊണ്ട് ഒലീവുമരക്കൊമ്പു താഴെ വെപ്പിക്കരുത്.” (“Today I have come bearing an olive branch and a freedom fighter’s gun. Do not let the olive branch fall from my hand. I repeat: Do not let the olive branch fall from my hand.”)

അറഫാത്തിന്റെ നിലപാട്, വ്യക്തവും സുദൃഡവുമായിരുന്നു. തങ്ങളൊരു യുദ്ധത്തെ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ ഒരു പോരാട്ടത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍, അതില്‍ നിന്നും ഒളിച്ചോടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് അറഫാത്ത് പ്രകടിപ്പിച്ച അതേ ആര്‍ജ്ജവത്തോടെ, സഹിഷ്ണുതയോടെ, മാനവികമായ ഉള്‍ക്കാഴ്ചയോടെ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി, തങ്ങളുടെ പാരമ്പര്യശത്രുവായ രാജ്യത്തോട് യുദ്ധസദൃശമായ ഒരന്തരീക്ഷത്തില്‍ പ്രതികരിക്കുന്നുവെന്നത് ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക?

എന്റെ രാജ്യം പിന്തുടര്‍ന്നു പോന്ന സംസ്കാരത്തെ പരിഗണിക്കുകയാണെങ്കില്‍, ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു സംയമനത്തിന്റെ ഭാഷ സംസാരിക്കേണ്ടിയിരുന്നത്. നമ്മുടെ ജവാന്മാരാണ് കൊല്ലപ്പെട്ടതെന്നും, നഷ്ടം നമുക്കായിരുന്നുവെന്നും ന്യായം പറയാം. എന്നാല്‍ തിരിച്ചടി നടത്തിയെന്ന് അവകാശപ്പെട്ടതിനു ശേഷമെങ്കിലും കേള്‍വി പെട്ട അംഹിസയുടെ നാട്ടിലെ പ്രധാനമന്ത്രിയില്‍ നിന്നും അത്തരമൊരു സമീപനമുണ്ടായില്ല. എന്നുമാത്രവുമല്ല, സ്ഥാനത്തും അസ്ഥാനത്തും മുന്നറിയിപ്പുകളും വീരവാദങ്ങളുമുയര്‍ത്തി, അദ്ദേഹം അസഹിഷ്ണുതയുടെ പ്രതീകമായി മാറി. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണങ്ങളില്‍ അദ്ദേഹം പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളെ വിദഗ്ദ്ധമായി ഉപയോഗിച്ചു. ഇന്ത്യയിലെ പ്രതിപക്ഷം ഉന്നയിച്ചതുപോലെ രാഷ്ട്രീയമായ മുതലെടുപ്പുകളായി അദ്ദേഹത്തിന്റെ യോഗങ്ങള്‍ മാറി.

പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള പരിശീലന കേന്ദ്രങ്ങളെ നമ്മുടെ സൈന്യം തകര്‍ത്തു തരിപ്പണമാക്കിയെന്നും, നാനൂറോളം ഭീകരന്മാര്‍ കൊല്ലപ്പെട്ടുവെന്നുമാണ് നരേന്ദ്ര മോദിയും കൂട്ടരും അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങളെ ലോകമാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നു. ഇന്ത്യ അവകാശപ്പെടുന്നപോലെയൊന്നും തന്നെ അവിടങ്ങളില്‍ സംഭവിച്ചിട്ടില്ലെന്ന് അവര്‍ ആണയിടുന്നത് മോദിയെ കൂടുതല്‍‌ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാഷ്ട്രീയ നാടകത്തിന് സൈന്യത്തെ ദുരുപയോഗം ചെയ്ത നടപടികളെച്ചൊല്ലി, മോദി പ്രതിക്കൂട്ടിലേക്കാണ് നടന്നകയറുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ശക്തമായി ഇന്ത്യയുടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്.

പാക്കിസ്ഥാൻ പോലെ ഏതു സമയത്തും പട്ടാള അട്ടിമറി നടത്തപ്പെടാന്‍ സാധ്യതയുള്ള ഒരു രാജ്യത്തു നിന്നുകൊണ്ടാണ്, ഇമ്രാന്‍ ഖാന്‍ ഒരു പരിധിവരെ ആത്മഹത്യപരമായ പ്രസ്താവനകള്‍ നടത്തിയതെന്നോര്‍ക്കുമ്പോഴാണ് സമാധാനത്തോട് അദ്ദേഹത്തിനുള്ള പ്രതിബദ്ധത നമുക്കു മനസ്സിലാകുക. പാക്കിസ്ഥാനിലെ സാധാരണക്കാരായ യുദ്ധം ഇഷ്ടപ്പെടാത്ത ജനതയുടെ ഇച്ഛയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മാത്രവുമല്ല, ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സൈന്യമാണെന്നും, അത്തരം പ്രവര്‍ത്തനങ്ങളെ രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ഭീകരപ്രവര്‍ത്തനം കൊണ്ട് ലോകരാജ്യങ്ങളുടെ മുന്നില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന അവസ്ഥയില്‍ തങ്ങള്‍ക്കു വേവലാതിയുണ്ടെന്നുമുള്ള സൂചന കൂടി, ഇമ്രാന്‍ ഖാന്‍ നല്കുന്നുണ്ട്.

ബാലാക്കോട്ടിന് മറുപടിയായി ഒരു പ്രത്യാക്രമണം നടത്തിയെന്ന പ്രതീതിയുണ്ടാക്കാന്‍ മാത്രമാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്.എന്നു മാത്രവുമല്ല, തങ്ങള്‍ അന്താരാഷ്ട്ര നിര്‍‌ദ്ദേശങ്ങളേയും, യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങളേയും അംഗീകരിക്കുന്നുവെന്നുവെന്ന് സൂചിപ്പിക്കുവാനും അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ ഒറ്റപ്പെടലുകള്‍ ഒഴിവാക്കാനും, ഇന്ത്യന്‍ വൈമാനികനായ അഭിനന്ദൻ വര്‍ത്തമാനെ വിട്ടയക്കാന്‍ തീരുമാനിച്ചു. സര്‍‌വ്വോപരി, കലുഷിതമായ ഒരു സാഹചര്യത്തില്‍ നിന്നുകൊണ്ട് ഒരു പരിധി കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍‌ ആരുടേയും നിയന്ത്രണത്തിലാവില്ലെന്നും, അതുകൊണ്ട് സമാധാനമാണ് നല്ലതെന്നും സമ്മതിച്ചുകൊണ്ട് ഇന്ത്യയെ ചര്‍ച്ചയ്ക്കു ക്ഷണിക്കുവാനും അദ്ദേഹം തയ്യാറായി. ലോകത്തിന്റെ, തന്റെ ജനതയുടെ വികാരം തിരിച്ചറിയുന്ന ഒരു നേതാവായി ഉയര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.

ഇമ്രാന്‍ ഖാനിലൂടെ, ഇന്ത്യാ പാക് പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന ചിന്ത അമിത പ്രതീക്ഷയാണെന്ന ആരോപണമുന്നയിക്കപ്പെടാന്‍ സാധ്യതയുണ്ടാക്കുമെങ്കിലും, ഞാന്‍ പിന്നോട്ടു മാറുന്നില്ല. എന്നാല്‍ പുല്‍വാമ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടിന്റെ അന്തസത്ത മനസ്സിലാക്കി ഇന്ത്യയും പ്രതികരിക്കണമെന്നു മാത്രം. ഇമ്രാന്‍ ഒരു പ്രതീക്ഷ ലോകത്തിന് നല്കുന്നുണ്ട് എന്ന കാര്യം ഒരു തരത്തിലും നിഷേധിക്കുവാന്‍ വയ്യ എന്നത് വസ്തുതയാണ്.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *