Wed. Nov 6th, 2024
മുംബൈ:

പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ എയർ വിംഗ് കമാൻഡന്റ് അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. എന്നാൽ അഭിനന്ദന്റെ അറസ്റ്റും ബാൽകോട്ട്, പുൽവാമ ആക്രമണങ്ങളെയും മുതലെടുത്ത് സിനിമ ഉണ്ടാക്കി പണം കൊയ്യാനുള്ള തിരക്കിലാണ് ബോളിവുഡ് നിർമ്മാതാക്കൾ. നിലവിലെ ഇന്ത്യ-പാക് സംഘർഷം വിഷയമാക്കിയുള്ള സിനിമകളുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയുള്ള തത്രപ്പാടുകളിലും കടുത്ത മത്സരങ്ങളിലുമാണ് ബോളിവുഡ് നിർമ്മാതാക്കൾ
പാക്കിസ്ഥാനിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയ ഫെബ്രുവരി 26 ന് പടിഞ്ഞാറൻ മുംബൈയിലെ ആന്ധേരിയിൽ ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഐ.എം.എം.പി.എ) യുടെ ഓഫീസുകളിൽ കുറഞ്ഞത് അഞ്ച് പ്രൊഡക്ഷൻ കമ്പനികളുടെ പ്രതിനിധികൾ എങ്കിലും തീവ്ര ദേശസ്നേഹം പ്രതിഫലിക്കുന്ന സിനമ പേരുകൾ രജിസ്റ്റർ ചെയ്യാൻ വന്നതായി ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബാലകോട്ട്, സർജിക്കൽ സ്ട്രൈക്ക് 2.0, പുൽവാമ അറ്റാക്ക് എന്നീ പേരുകൾക്കായി അന്നേ ദിവസം നിർമ്മാതാക്കൾക്കിടയിൽ വലിയ കിടമത്സരമാണ് നടന്നത്.

49 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമയിലെ ആക്രമണം ഉണ്ടായ ദിവസം ട്രേഡ് മാഗസിൻ ‘കമ്പ്ലീറ്റ് സിനിമ’യുടെ കണക്കുകൾ പ്രകാരം പുൽവാമ-പുൽവാമ: ദി സർജിക്കൽ സ്ട്രൈക്ക്, വാർ റൂം, ഹിന്ദുസ്ഥാൻ ഹമാര ഹെ, പുൽവാമ ടെറർ അറ്റാക്ക്, ദി അറ്റാക്ക് ഓഫ് പുൽവാമ, വിത്ത് ലവ് ഫ്രം ഇന്ത്യ, എ.ടി.എസ് – വൺ മാൻ ഷോ തുടങ്ങിയ പേരുകൾ നിർമ്മാതാക്കൾ രജിസ്റ്റർ ചെയ്തിരുന്നു.
പുൽവാമ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച പേരുകൾക്കായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐ.എം.എം.പി.എ. പ്രതിനിധി സംഘം കഴിഞ്ഞ ഫെബ്രുവരി 27 ന് സ്ഥിരീകരിച്ചു. അബുൻഡാൻറിയ(Abundantia), ടി. സീരീസ് എന്നീ പ്രൊഡക്ഷൻ കമ്പനികളും ഈ കൂട്ടത്തിൽ പെടും.

ഇന്ത്യ-പാക് പോരാട്ടത്തിന്റെ കഥ പറഞ്ഞ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ വൻ വിജയമാണ് സമാനസ്വഭാവത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കാനും അവയ്ക്കായി നേരത്തെ തന്നെ പേരുകൾ രജിസ്റ്റർ ചെയ്യാനും നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.

ഒരു സിനിമ പേര് രജിസ്റ്റർ ചെയ്യുന്നതിന് എല്ലാ പ്രൊഡക്ഷൻ ഹൗസും ആദ്യമായി ചെയ്യേണ്ടുന്നത് ലളിതമായ ഒരു ഫോം പൂരിപ്പിക്കുക എന്നതാണ്. 4-5 പേരുകൾ മുൻഗണനയോടെ ക്രമീകരിക്കുകയും തുടർന്ന് 250 രൂപ 18 ശതമാനം ജിഎസ്ടിയോടെ ഫീസ്‌ അടക്കുകയും ചെയ്‌താൽ അപേക്ഷ പൂർത്തിയായി. പലപ്പോഴും, ഒരു നിശ്ചിത പേര് രജിസ്റ്റർ ചെയ്യുന്നവർ ഒരു സിനിമ / വെബ് സീരീസ് അല്ലെങ്കിൽ ടിവി ഷോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവരല്ല. സിനിമ ചെയ്യാൻ പ്രാപ്തിയുള്ള സ്റ്റുഡിയോക്കോ നിർമ്മാതാവിനോ പേര് ആവശ്യമായി വന്നാൽ മറിച്ച്‌ വിൽക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പേരുകൾ രജിസ്റ്റർ ചെയ്യുന്നത്.

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന തീവ്രവാദസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പാക്കിസ്ഥാനിലുള്ള ബാൽകോട്ടിലെ താവളം ആക്രമിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയ പാക്കിസ്ഥാൻ, പൈലറ്റായ എയർ വിംഗ് കമാൻഡന്റ് അഭിനന്ദൻ വർധമാനെ അറസ്റ്റ് ചെയ്തിരുന്നു.പാക്കിസ്ഥാൻ വ്യോമസേനയുടെ പ്രകോപനം നേരിടുന്നതിനിടയിലാണ് അഭിനന്ദൻ പറത്തിയ വിമാനം പാകിസ്ഥാൻ വെടിവെച്ചിട്ടത്. പാക്കിസ്ഥാനിൽ ക്രാഷ് ലാൻഡ് ചെയ്ത അഭിനന്ദനെ പിടികൂടിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടർന്നു വരുന്നതിനിടയിലാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയത്.

ഫെബ്രുവരി 14-ന് ജമ്മുവിലെ പുലവാമയിൽ 49 സി.ആർ.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്ഥിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *