കാശ്മീർ:
റിപ്പബ്ലിക്ക് ടി.വിയുടെ സ്ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ അർണാബ് ഗോസ്വാമിയ്ക്കും അദ്ദേഹത്തിന്റെ മൂന്നു സഹപ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ, ജമ്മു കാശ്‍മീരിലെ ശ്രീനഗറിലെ ചീഫ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. മാർച്ച് 23 ന് ഇവരെല്ലാവരെയും കോടതിയിൽ ഹാജരാക്കാനും പോലീസ് സൂപ്രണ്ടിനോട് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അപകീർത്തികരമായ കാര്യങ്ങൾ പ്രക്ഷേപണം ചെയ്തുവെന്നാരോപിച്ചു കൊണ്ട് പി.ഡി.പി നേതാവ് നയീം അക്തറാണ് കോടതിയിൽ കേസു കൊടുത്തത്.
2019 ഫെബ്രുവരി 9 ന് ഹാജരാവാൻ ഗോസ്വാമിയോടും കൂട്ടരോടും ആവശ്യപ്പെട്ടെങ്കിലും അവർ ഹാജരായിരുന്നില്ല. ആയതിനാലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. കോടതിയിൽ ഹാജരാവാൻ കഴിയില്ലെന്നാരോപിച്ചു ഹർജി കൊടുത്തിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഗോസ്വാമിയ്ക്കു പുറമെ, ആദിത്യ രാജ് കൗൾ, സീനത് സീഷാൻ ഫാസിൽ, സാകൾ ഭട്ട് എന്നിവർക്കെതിരേകം കേസ് എടുത്തിട്ടുണ്ട്. റിപ്പബ്ളിക്കിന്റെ അസ്സോസിയേറ്റ് എഡിറ്റർ ആണ് കൗൾ. സീനത് സിഷാൻ, ചാനലിന്റെ ജമ്മു കാശ്മീർ ബ്യൂറോ ചീഫും.
ഫെബ്രുവരി ആദ്യം ശശി തരൂർ എം.പി. യുടെ സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്ത് ഡോക്യൂമെന്റുകൾ മോഷ്ടിച്ചതിന്, പട്യാല കോടതിയും ഡൽഹി പോലീസിനോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടിരുന്നു. പരാതി ഉന്നയിച്ച വ്യക്തി സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചെയ്തിരിക്കുന്നത് ഗൗരവമായ കുറ്റമാണെന്ന് കോടതിക്ക് വ്യക്തമായതായി ഓർഡറിൽ പറയുന്നുണ്ട്.
റിപ്പബ്ലിക്ക് ടി.വി.യുടെ സ്ഥാപക ചെയർമാനാണ് അർണാബ് ഗോസ്വാമി. ബി.ജെ.പി.യുടെ രാജ്യസഭാ എം.പി. രാജീവ് ചന്ദ്രശേഖരന്റെ സഹായത്തോടെ കഴിഞ്ഞ വര്ഷത്തോടെയാണ് ഈ ചാനൽ ആരംഭിച്ചത്. ബി.ജെ.പി.യുടെ വലതുപക്ഷ ഹിന്ദുത്വ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഈ ചാനൽ നിരവധി വിമർശനങ്ങൾക്ക് വിധേയമാവുന്നുണ്ട്.