വയനാട്:
ആവശ്യത്തിന് ആംബുലന്‍സില്ലാതെ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ വലയുന്നു. ഒരുമാസമാത്തോളമായി ഇവിടുത്തെ 108 ആംബുലന്‍സ് കട്ടപ്പുറത്തായിട്ട്. ഗൂഡല്ലൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന പന്തല്ലൂര്‍ 1998-ലാണ് താലൂക്കായി മാറിയത്. താലൂക്ക് ആസ്ഥാനമായിരുന്ന പന്തല്ലൂരിലെ പ്രാഥമിക ആശുപത്രി ഇതോടെ, താലൂക്ക് ആശുപത്രിയായി മാറി. ദിവസവും നാനൂറോളം രോഗികളാണ് ഇവിടെ ഒ.പി. വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയിലെ ഏക ആംബുലന്‍സാണിത്.
ചേരങ്കോട്, നെല്ലാക്കോട്ട ഗ്രാമപ്പഞ്ചായത്തുകളും നെല്ലിയാളം നഗരസഭയുമടങ്ങുന്ന പന്തല്ലൂര്‍ താലൂക്കില്‍ ഒന്നരലക്ഷത്തിലധികമാണ് ജനസംഖ്യ. ജനസംഖ്യയിലെ ഭൂരിഭാഗവും തോട്ടംതൊഴിലാളികളും ചെറുകിടനാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. ഒരു മാസം മുമ്പാണ് ദേവാലയില്‍നിന്ന് രോഗികളെ കയറ്റിപ്പോയ ആംബുലന്‍സ് ഗൂഡല്ലൂര്‍ നന്തട്ടിയില്‍ ചക്രം ഊരിത്തെറിച്ച് നടുറോഡില്‍ കുടുങ്ങിയത്. അറ്റകുറ്റപ്പണികള്‍ കൃത്യമായെടുക്കാത്തതാണ് വാഹനത്തിന്റെ സ്ഥിതി വഷളാക്കിയത്.
ഗൂഡല്ലൂര്‍ ആശുപത്രിയിലെ 108 ആംബുലന്‍സിന്റെ സ്ഥിതി ഇതിനെക്കാള്‍ മോശമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ രണ്ട് ആംബുലന്‍സിലും അടിയന്തരഘട്ടങ്ങള്‍ തരണംചെയ്യുന്നതിനുള്ള സൗകര്യമില്ലെന്നാണ് ആക്ഷേപം. നാടുകാണിയിലും അയ്യന്‍കൊല്ലിയിലുമുള്ള ആംബുലന്‍സുകളടക്കം രണ്ടു താലൂക്കിലും കൂടി ആകെ നാല് ആംബുലന്‍സുകളാണ് ഉള്ളത്. നാലുലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശത്ത് ആവശ്യത്തിന് ആംബുലന്‍സുകളില്ലാത്തത് വലിയ വെല്ലുവിളിയാണ്. അനുദിനം ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്ക് ആശുപത്രികളിലെ ആംബുലന്‍സുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ സേവനരംഗത്ത് എത്തിക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാവുകയാണ്.