ഫ്രാൻസ്:
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ വിലക്കുന്ന കാര്യം പരിഗണിക്കുമെന്നു ഫ്രാൻസ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം, മാര്‍ച്ച് ഒന്നിന് ഇക്വറ്റോറിയല്‍ ഗിനിയില്‍നിന്ന് ഫ്രാന്‍സ് ഏറ്റെടുത്തതിനുശേഷം പ്രമേയം അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
യു.എന്നില്‍, ഫ്രാന്‍സാണ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസറിന്, ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഇയാളുടെയും മറ്റ് ഭീകരസംഘടനകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടണം, ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രധാനമായും പ്രമേയത്തിൽ ഉൾപ്പെടുത്തുക. ഫ്രാൻസിന്റെ നീക്കങ്ങൾക്കു പിന്നിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയുമുണ്ട്.
പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അസ്ഹറിനെ ആഗോള ഭീകരനാക്കി മുദ്രകുത്തുന്ന നിർദ്ദേശം, കഴിഞ്ഞ 10 വർഷത്തിനിടെ ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തുന്നത് ഇതു നാലാം തവണയാണ്. കഴിഞ്ഞ മൂന്നു തവണയും ഇന്ത്യയുടെ നേതൃത്വത്തിൽ ഈ നിർദ്ദേശം രക്ഷാസമിതിയിൽ എത്തിയപ്പോൾ, ചൈന തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു.
ചൈനയുടെ പിന്തുണ അനുസരിച്ചായിരിക്കും മസൂദിന്റെ കാര്യത്തില്‍ പാകിസ്ഥാന്റെ തീരുമാനമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിനാല്‍ത്തന്നെ നയതന്ത്ര തലത്തില്‍, ചൈനയെക്കൊണ്ട് പാകിസ്ഥാന്റെ മേല്‍ സമ്മര്‍ദ്ദത്തിനാകും ഇന്ത്യ ശ്രമിക്കുക. വിദേശകാര്യമന്ത്രി സുഷമാസ്വരാജും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ചൈന മസൂദ് അസ്ഹറിന്റെ കാര്യത്തിൽ തീരുമാനം മാറ്റുമോ എന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകർ.