Fri. Nov 22nd, 2024

മുംബൈ: 

തെളിവില്ലാത്തതിനാല്‍ 11 മുസ്ലീങ്ങളെ ഭൂസാവല്‍ തീവ്രവാദ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കി നാസിക്കിലെ പ്രത്യേക ടാഡ കോടതി. നാസിക്കിലെ പ്രത്യേക ടാഡ കോടതി ജഡ്‌ജി, എസ്.സി ഘട്ടിയാണ് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള 11 പേര്‍ക്കെതിരെ 25 വര്‍ഷം മുന്‍പു ചുമത്തിയ കുറ്റങ്ങളില്‍ നിന്ന് തെളിവ് ലഭിക്കാത്തതിനാല്‍ കുറ്റ വിമുക്തരാക്കി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജമീല്‍ അഹമ്മദ് അബ്ദുൾ ഖാന്‍, മുഹമ്മദ്‌ യുനുസ്, മുഹമ്മദ്‌ ഇഷാഖ്, ഫാറുഖ് നാസിര്‍ ഖാന്‍, യുസഫ് ഗുലാബ് ഖാന്‍, അയ്യുബ് ഇസ്മയില്‍ ഖാന്‍, വസിമുദ്ധീന്‍ ശംസുദ്ധീന്‍, ഷെയ്ഖ്‌ ഷാഫി ഷെയ്ഖ്‌ അസീസ്‌, അഷ്ഫാഖ് സെയ്ദ് മുര്‍തസ മീര്‍, മുംതാസ് സെയ്ദ് മുര്‍തസ മീര്‍, ഹരൂണ്‍ മുഹമ്മദ്‌ ബഫാതി, മൗലാന അബ്ദുല്‍ ഖാദര്‍ ഹബീബി എന്നിവരെയാണ് ബാബരി പള്ളി തകര്‍ത്തതിന് പ്രതികാരം ചെയ്യാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കാരണം പറഞ്ഞ് 1994 മെയ് 28 ന് മഹാരാഷ്ട്രയില്‍ നിന്നും, രാജ്യത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളില്‍ നിന്നുമായി അറസ്റ്റ് ചെയ്തത്.

ഭൂസാവൽ അല്‍ ജിഹാദ് എന്ന പേരില്‍ തീവ്രവാദ ഗ്രൂപ്പ് ഉണ്ടാക്കി നാസിക്, ഭൂസാവൽ എന്നിവിടങ്ങളില്‍ നിന്നായി തീവ്രവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നും, കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ പരിശീലനം നേടി എന്നതുമായിരുന്നു ഇവര്‍ക്കെതിരെ പ്രധാനമായും ചുമത്തിയ കുറ്റം.

ഗുല്‍സാര്‍ അസ്മിയുടെ നേതൃത്വത്തില്‍ ഷരീഫ് ഷെയ്ഖ്, മദീന്‍ ഷെയ്ഖ്, അന്‍സാര്‍ തന്‍ബോളി, റാസിഖ് ഷെയ്ഖ്, ശാഹിദ് നദീം, മുഹമ്മദ്‌ അര്‍ഷാദ് എന്നിവരടങ്ങിയ ജമിയത്ത് ഉലമയുടെ അഭിഭാഷകരുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് വേണ്ടി ടാഡ കോടതിയില്‍ കേസ് വാദിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ പോയതോടെയാണ് പതിനൊന്നു പേരെയും കുറ്റവിമുക്തരാക്കി പ്രത്യേക ടാഡ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *