ചിര വൈരികളായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച്, ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ഫൈനലിലെത്തി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ, നിറഞ്ഞ കാണികളുടെ പിന്തുണയോടെ കളിച്ചിട്ടും, റയൽ മാഡ്രിഡിന് രണ്ടാം പാദ സെമിയിൽ മൂന്നു ഗോളിന്റെ നാണം കെട്ട തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. നേരത്തെ ബാഴ്‌സലോണയിൽ വെച്ച് നടന്ന ആദ്യ പാദ സെമിയിൽ, രണ്ടു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. തുടർച്ചയായ ആറാം തവണയാണ്, ബാഴ്സ കിംഗ്സ് കപ്പിന്റെ ഫൈനലിൽ എത്തുന്നത്. റയൽ ബെറ്റിസ്-വലൻസിയ മത്സരത്തിലെ വിജയിയെ മെയ് 25 നു നടക്കുന്ന ഫൈനലിൽ ബാഴ്സലോണ നേരിടും.
ഇരട്ടഗോളുമായി തിളങ്ങിയ ലൂയിസ് സുവാരസിന്റെ പ്രകടനമായിരുന്നു ബാഴ്സയ്ക്ക് വീണ്ടുമൊരു എൽ ക്ലാസിക്കോ വിജയം നേടി കൊടുത്തത്. 50 ആം മിനുട്ടിൽ സുവാരസിലൂടെ ബാഴ്സ ആദ്യ ഗോൾ കണ്ടെത്തി. ബാഴ്സയുടെ മുന്നേറ്റം തടയുന്നതിനിടെ, റയൽ പ്രതിരോധ താരം റാഫേൽ വരാന്റെ സെല്‍ഫ് ഗോളില്‍ ബാഴ്സ രണ്ടാമതും മുന്നിലെത്തി. 73ആം മിനുട്ടിൽ ബാഴ്‌സലോണയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കികൊണ്ട് സുവാരസ് പട്ടിക തികച്ചു.
റയൽ മാഡ്രിഡ് വിട്ട സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അഭാവം ശരിക്കും പ്രകടമായി. പതിനാലു ഷോട്ടുകൾ ഉതിർത്തിട്ടും, അവരുടെ സ്‌ട്രൈക്കർമാർക്ക് ഒന്നു പോലും ബാഴ്‌സ വലയിൽ എത്തിക്കാനായില്ല.
ഇരു പാദ മത്സരങ്ങളിലുമായി 4-1ന്റെ ജയത്തോടെ ഫൈനലിലെത്തിയ ബാഴ്‌സലോണ റയൽ ബെറ്റിസ്-വലൻസിയ മത്സരത്തിലെ വിജയിയെ മെയ് 25നു നടക്കുന്ന ഫൈനലിൽ നേരിടും.