Fri. Apr 26th, 2024
വാഷിംഗ്ടണ്‍:

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിടാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെ നേരിട്ട് വിളിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചക്കും അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ബൈഡന്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലൗജെയ്ന്‍ അല്‍-ഹധ്‌ലൂല്‍ അടക്കമുള്ള നിരവധി സൗദി-അമേരിക്ക ആക്ടിവിസ്റ്റുകളെ തടവില്‍ നിന്നും മോചിപ്പിച്ച സൗദി അറേബ്യയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ടും ബൈഡന്‍ സംസാരിച്ചു. ഇറാനില്‍ നിന്നും സൗദി അറേബ്യ നേരിടുന്ന ഭീഷണികള്‍ ചെറുക്കാന്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് ബൈഡന്‍ ഉറപ്പ് നൽകി.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തതിനെ കുറിച്ച് സല്‍മാന്‍ രാജാവും ജോ ബൈഡനും സംസാരിച്ചു. ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും തന്നെ ഇരു രാജ്യങ്ങളും പുറത്തുവിട്ട പ്രസ്താവനയില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി ബൈഡന്‍ സൗദി അറേബ്യയിലേക്ക് ഉടന്‍ വിളിക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

By Divya