കൊച്ചി:
രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് തിരിതെളിഞ്ഞു. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മേളയുടെ ഉദ്ഘാടന കർമ്മം വൈകിട്ട് ആറിന് ഓൺലൈനായി നിർവഹിച്ചു.
ഐഎഫ്എഫ്കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. സംവിധായകൻ കെ ജി ജോർജിന്റെ നേതൃത്വത്തിൽ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികൾ ചേർന്നാണ് തിരി തെളിയിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വൈസ് ചെയർപേഴ്സൺ ബീന പോൾ സെക്രട്ടറി അജോയ് ചന്ദ്രൻ ചലച്ചിത്ര സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെർമൽ സ്കാനിങ് ഉൾപ്പെടെ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. ആദ്യ ദിവസം മലയാള ചിത്രമായ തിങ്കളാഴ്ച നിശ്ചയവും മേളയുടെ ഉദ്ഘാടന ചിത്രമായ ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ? യും പ്രധാന ആകർഷണമായി.