Wed. Jan 22nd, 2025

കർഷക സമരത്തെ പിന്തുണക്കുന്നവർ, സർക്കാരിൻ്റെ വിമർശകർ, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ എല്ലാവരെയും ഭയപ്പെടുത്തിയും ജയിലിൽ അടച്ചും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് 21കാരിയായ ദിശ രവിയെ അറസ്റ്റ് ചെയ്ത ‘ടൂൾ കിറ്റ്’ കേസ്.

ടൂൾ കിറ്റ് എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന പുതിയ വാക്ക്. ഇത് കേൾക്കുമ്പോൾ ഏതോ ഭീകരവാദികൾ രാജ്യത്ത് ഭീകരപ്രവർത്തനം നടത്താൻ നിർമ്മിച്ച മാരകശേഷിയുള്ള ബോംബോ ആയുധ ശേഖരമോ ആണെന്ന് സാധാരണക്കാർ കരുതാനിടയുണ്ട്. ടൂൾ കിറ്റ് കേസിലാണ് ബിബിഎ പൂർത്തിയാക്കി ഒരു സ്റ്റാർട്ടപ്പിൽ കളിനറി മാനേജരായ ദിശ രവിയെ ബങ്കളുരുവിൽ അറസ്റ്റ് ചെയ്തത്. മലയാളിയായ നികിത ജേക്കബ് എന്ന അഭിഭാഷകക്കും ശന്തനു മുലുകിനുമെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചതും ഇതേ കേസിലാണ്.

ഈ മൂന്ന് ചെറുപ്പക്കാർ ചേർന്ന് കർഷക സമരത്തെ പിന്തുണക്കുന്നതിനുള്ള ടൂൾകിറ്റ് നിർമ്മിച്ച് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വിദ്യാർത്ഥികളെ ഒന്നിപ്പിച്ച് പോരാടുന്ന ഗ്രേറ്റ തുൻബർഗിന് കൈമാറിയെന്നാണ് കേസ്. രാജ്യദ്രോഹം, മത സ്പർധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നിവക്ക് പുറമെ ഖാലിസ്ഥാൻ ബന്ധവും ആരോപിക്കുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ആണ് ഇതിന് പിന്നിലെന്നാണ് ഡെൽഹി പൊലീസിൻ്റെ ആരോപണം.

എന്താണ് ടൂൾ കിറ്റ്?
ഒരു വിഷയത്തെക്കുറിച്ച് മറ്റുള്ളവർക്ക് മനസിലാക്കാനും അതിൽ എങ്ങനെ ഇടപെടണം എന്ന നിർദ്ദേശങ്ങളുമുള്ള ഒരു ഡിജിറ്റൽ ഡോകുമെൻ്റാണ് അത്. ഗ്രേറ്റ തുന്‍ബര്‍ഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടൂൾ കിറ്റിൽ ഇന്ത്യൻ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കർഷകർ വൻകിട കോർപറേറ്റുകളുടെയും ആഗോള സ്ഥാപനങ്ങളുടെയും ലാഭേച്ഛയിലും നിയന്ത്രണത്തിലും ഞെരിഞ്ഞമരുകയാണെന്ന് പറയുന്നുണ്ട്.

കർഷക സമരത്തെ എങ്ങനെ പിന്തുണക്കണമെന്നും ഇതില്‍ പറയുന്നുണ്ട്. സമരത്തിൽ പങ്കാളികളാകാൻ എന്തെല്ലാം ചെയ്യണമെന്ന് നിർദേശിക്കുന്നുണ്ട്. ജനുവരി 26 ന് മുമ്പ് കർഷക സമരത്തെ പിന്തുണച്ച് ഹാഷ് ടാഗുകൾ വഴി ഡിജിറ്റൽ സമരം നടത്തണം. 23 മുതൽ ട്വിറ്റർ കാംപയിനുകൾ നടത്തണം. 26 ന് സമരത്തിൽ നേരിട്ട് പങ്കാളികളാകണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ഗൂഗിൾ ഡോക്യുമെൻ്റാണ് ടൂള്‍ കിറ്റ്. പക്ഷെ ഗ്രേറ്റ ഇത് പോസ്റ്റ് ചെയ്തതോടെ കർഷക സമരത്തിന് ആഗോളതലത്തിൽ വലിയ പിന്തുണ ലഭിച്ചു.

ഇതോടെയാണ് ടൂള്‍ കിറ്റ് കേസ് എന്ന പുതിയ കേസ് തയ്യാറാക്കി ഡെല്‍ഹി പൊലീസ് നടപടികള്‍ ആരംഭിച്ചത്. ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നാണ് പൊലീസിന്‍റെ ആരോപണം. എന്നാല്‍ പൊലീസ് നടപടികളുടെ പശ്ചാത്തലം എന്താണ്?

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ 80 ദിവസമായി തുടരുന്ന കർഷക സമരം അവസാനിപ്പിക്കാൻ കഴിയുന്നില്ല. സമരം അവസാനിപ്പിക്കാൻ ഫലപ്രദമായ ചർച്ചകൾ നടത്തുന്നതിന് പകരം സമരം നടത്തുന്നവരെയും പിന്തുണക്കുന്നവരെയും പലതരം തീവ്രവാദ – ഭീകരവാദ ചാപ്പ കുത്തി അടിച്ചൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

സമരത്തിൻ്റെ പിന്നിൽ ഖാലിസ്ഥാൻ ബന്ധവും അർബൻ നക്സൽ സ്വാധീനവുമുണ്ടെന്ന് ആദ്യം മുതൽ തന്നെ സർക്കാരും ബിജെപി നേതാക്കളും ആരോപിച്ചിരുന്നു.
കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ ഇടനിലക്കാരും നിക്ഷിപ്ത താൽപര്യക്കാരുമാണ് കർഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയത് എന്ന് പ്രചരിപ്പിച്ചു. സമരത്തെ പിന്തുണക്കുന്നവരെ സമരജീവികൾ എന്നും പരാന്ന ഭോജികൾ എന്നും പ്രധാനമന്ത്രി തന്നെ ആക്ഷേപിച്ചു.

എന്നാല്‍ ഇതൊന്നും കര്‍ഷകരെ തളര്‍ത്തുന്നില്ല. 233 കർഷകർ മരിച്ചിട്ടും ആത്മവീര്യം കെടാതെ സമരം തുടരുകയാണ്. സമരത്തിന് പിന്തുണ കൂടുകയാണ്. പഞ്ചാബിൻ്റെ മാത്രം സമരമെന്ന് ആക്ഷേപിക്കപ്പെട്ടപ്പോൾ മഹാ പഞ്ചായത്തുകളിലൂടെ യുപിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും എല്ലാം വ്യാപിക്കുന്നു. ബിജെപിയുടെ അടിത്തറയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടു.

ഇത് നരേന്ദ്ര മോദിയെയും അമിത് ഷായെയും ബിജെപിയെയും പരിഭ്രാന്തരാക്കുന്നു. അതാണ് അറസ്റ്റുകളായും കേസുകളായും മുന്നോട്ടു പോകുന്നത്. സർക്കാരിനെ വിമർശിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്നു. മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു.

സ്ക്രോൾ. ഇൻ എഡിറ്റർ ഇൻ ചീഫ് സുപ്രിയ ശർമ്മക്കെതിരെ കേസെടുത്തത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിൽ കോവിഡ് കാലത്ത് തുടരുന്ന പട്ടിണിയെക്കുറിച്ച് എഴുതിയതിനാണ്. സ്റ്റോറിയിൽ കമൻ്റ് ചെയ്ത ഒരു സത്രീയെ കൊണ്ട് പരാതി നൽകിച്ചാണ് പട്ടികജാതി പീഡന പ്രതിരോധ നിയമ പ്രകാരം സുപ്രിയക്കെതിരെ കേസെടുത്തത്.

സര്‍ക്കാരിനെ വിമര്‍ശിക്കുകയും കര്‍ഷക സമരത്തെ പിന്തുണക്കുകയും ചെയ്യുന്ന ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമ  സ്ഥാപനത്തില്‍ 113 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഒരു വാര്‍ത്തയുടെ പേരില്‍ അദാനി ഗ്രൂപ്പ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ന്യൂസ് ക്ലിക്കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ സര്‍ക്കാര്‍ വിമര്‍ശകരായ സാമൂഹിക പ്രവര്‍ത്തകര്‍ പൗരാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമങ്ങള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെയെല്ലാം നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രതികാര നടപടികളുടെ ഭാഗമാണ് ദിശക്കും നികിതക്കും ശന്തനുവിനും എതിരായ കേസ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തെ അപകടപ്പെടുത്തുന്നതാണ് വിമര്‍ശകരെ നിശബ്ദമാക്കുന്ന സര്‍ക്കാര്‍ നടപടികള്‍.