Fri. Apr 19th, 2024

സ്വകാര്യ മേഖലക്ക് വിറ്റഴിക്കാൻ തീരുമാനിച്ച ബിപിസിഎൽ കമ്പനിയുടെ പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോയി. എല്ലാ തിരക്കുകളും മാറ്റിവെച്ച് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി നാല് വലിയ പദ്ധതികളാണ് രാജ്യത്തിന് സമർപ്പിച്ചത്. ഇതില്‍ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ബിപിസിഎൽ- കൊച്ചിൻ റിഫൈനറിയിൽ 6000 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ പെട്രോ കെമിക്കൽ പദ്ധതിയായ പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രൊജക്ടാണ്.

പ്രധാനമന്ത്രി സമർപ്പണം നടത്തുമ്പോൾ BPCL കമ്പനിയിലെ തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി. BPCL എന്ന രാജ്യത്തെ പ്രധാന സ്ഥാപനം വിറ്റ് തുലയക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. BMS ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പ്രധാനമന്ത്രിയെ ബഹിഷ്കരിക്കണമെന്ന പ്രചാരണം നടത്തിയിരുന്നു.

ബിപിസിഎൽ എന്ന രാജ്യത്തെ രണ്ടാമത്തെ പെട്രോളിയം – ഗ്യാസ് കമ്പനിയില്‍ സർക്കാരിനുള്ള മുഴുവൻ ഓഹരികളും വരുന്ന ജൂൺ മാസത്തോടെ വിറ്റഴിക്കും. ബ്രിട്ടീഷ് കമ്പനിയായ വേദാന്ത റിസോഴ്സസിൻ്റെ ഇന്ത്യൻ സബ്സിഡിയറിയായ വേദാന്ത ലിമിറ്റഡോ അമേരിക്കയിൽ നിന്നുള്ള രണ്ട് ഗ്ലോബൽ ഫണ്ട് സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നോ BPCL ഏറ്റെടുക്കും. ഈ മൂന്ന് സ്ഥാപനങ്ങളാണ് കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചിരിക്കുന്നത്. അങ്ങനെ 1976 ൽ പാർലമെൻ്റ് പ്രത്യേക നിയമനിർമ്മാണത്തിലൂടെ ദേശസാൽക്കരിച്ച കമ്പനികൾ ഏതെങ്കിലും വിദേശ കമ്പനികളുടെ കൈകളിലെത്തും.

2003ൽ വാജ്പെയ് സർക്കാർ തുടങ്ങി വെക്കുകയും സുപ്രീം കോടതി തടയുകയും ചെയ്ത വിൽപ്പനയാണ് ജൂണിൽ പൂർത്തിയാകുന്നത്. കോടതി വിധി മറികടക്കാനായി 2016ൽ മോദി സര്‍ക്കാര്‍ പാർലമെന്റിൽ പാസാക്കിയെടുത്ത ‘The Repealing and Amendment Act 2016’  നിലവിൽ വന്നപ്പോള്‍ രാജ്യത്ത് നിലനിന്നിരുന്ന 187 നിയമങ്ങൾ റദ്ദാക്കപ്പെട്ടു. അതോടെ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി.

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ മഹാരത്‌ന കമ്പനിയായ ബിപിസിഎല്ലാണ് രാജത്തെ പെട്രോളിയം വിപണന ശൃംഖലയുടെ 25 ശതമാനത്തിന്‍റെയും ഉടമസ്ഥത. കൊച്ചി റിഫൈനറി അടക്കം രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ 38.8 ദശലക്ഷം ക്രൂഡോയിൽ ശുദ്ധീകരണ ശേഷിയുള്ള 4 റിഫൈനറികളുണ്ട്. 2018-19 ൽ 3.4 ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് ബിപിസിഎല്‍ വിറ്റഴിച്ചത്.

വിവിധ സംസ്ഥാനങ്ങളിലായി 6000 ഏക്കറിലധികം ഭൂമി കമ്പനിക്കുണ്ട്. 14,802 പെട്രോൾ പമ്പുകളും 5907 എൽപിജി വിതരണ കേന്ദ്രങ്ങളും 52 എൽപിജി ബോട്ടിലിംഗ് പ്ലാന്റുകളും 11 സബ്‌സിഡിയറി കമ്പനികളും കമ്പനിയുടെ ഭാഗമാണ്. ഇതിന് പുറമെയാണ് മറ്റ് കമ്പനികളുമായി ചേര്‍ന്നുള്ള നിരവധി സംയുക്ത സംരംഭങ്ങള്‍. 7.8 ദശലക്ഷം പാചക വാതക ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.  സ്ഥാപനത്തിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 8 ലക്ഷം കോടിയിലധികം രൂപയാണ്. എന്നാൽ വിറ്റഴിക്കലിലൂടെ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 60000 കോടി രൂപയാണ്.

2018-19 ൽ ഈ സ്ഥാപനം സർക്കാരിലേക്ക് അടച്ച നികുതി മാത്രം 95035 കോടി രൂപയാണ്. കമ്പനിയുടെ ഈ വർഷത്തെ ലാഭം 7132 കോടി രൂപയാണ്. കരുതൽ ധനമായിമാത്രം 34,470 കോടി രൂപ കമ്പനിയുടെ കൈവശമുണ്ട്. കൊച്ചിയിൽ അടക്കം 48182 കോടി രൂപയുടെ പുതിയ വികസനപ്രവർത്തനങ്ങളാണ് ബിപിസിഎൽ നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ സമ്പത്തിന്‍റെ വലിയ കൊള്ളയാണ് ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ നടക്കാന്‍ പോകുന്നതെന്ന് ചുരുക്കം.

പെട്രോൾ, ഡീസൽ, പാചക വാതക വില ഉയർന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ സമർപ്പണം എന്നതും ശ്രദ്ധേയമാണ്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ പെട്രോൾ വില 100 രൂപ കവിഞ്ഞു. കേരളത്തിൽ 90 രൂപയിൽ നിന്ന് നൂറിലേക്ക് കുതിക്കുകയാണ്. പാചക വാതക വില സിലിണ്ടറിന് 50 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്.

2010ല്‍ പെട്രോള്‍, ഡീസല്‍ വില നിർണയ അധികാരം കമ്പനികൾക്ക് വിട്ടതോടെയാണ് ഇന്ധന വില നിയന്ത്രണമില്ലാതെ ഉയരുന്നത്. ബിപിസിഎല്ലിൻ്റെ ഉടമസ്ഥത കൂടി സ്വകാര്യ കമ്പനിയിലേക്ക് വരുന്നതോടെ വില ക്രമാതീതമായി ഉയരാനാണ് സാധ്യത. റിലയൻസും എസ്സാറും പോലുള്ള കമ്പനികൾ നിലവിൽ ഇന്ധന വിതരണ ശൃംഖലയുടെ വലിയൊരു ശതമാനം ഏറ്റെടുത്തിട്ടുണ്ട്. വില വര്‍ധന സ്വകാര്യ കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ പാപ്പരാകും.

ഇങ്ങനെ രാജ്യത്തിൻ്റെ സമ്പത്ത് വിറ്റ് തുലയ്ക്കുന്നതിൻ്റെ ഭാഗമായി സ്വകാര്യവൽക്കരിക്കപ്പെടുന്ന ഒരു കമ്പനിയുടെ പ്ളാൻറ് ഉദ്ഘാടനമാണ് ആത്മനിർഭർ എന്നും ദേശാഭിമാനപരമെന്നും വൻ വികസനമെന്നും ആഘോഷിക്കുന്നത്.