Wed. Nov 6th, 2024

ഭീമ കൊറേഗാവ് കേസിൽ മലയാളിയായ പൗരാവകാശ പ്രവർത്തകൻ റോണ വിൽസണെതിരെ എൻഐഎ കണ്ടെത്തിയ ‘തെളിവുകൾ’ കംപ്യൂട്ടർ ഹാക്കർമാർ തിരുകിക്കയറ്റിയതാണെന്ന റിപ്പോർട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടു. കംപ്യൂട്ടർ ഹാക്കർ ആക്രമണത്തിലൂടെ റോണയുടെ ലാപ് ടോപ്പിൽ 10 കത്തുകൾ തിരുകി കയറ്റിയെന്ന ആഴ്സനൽ കൺസൽട്ടിംഗിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ഭീമ കൊറേഗാവ ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍, രാജീവ് ഗാന്ധിയെ വധിച്ച രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൗരാവകാശ പ്രവർത്തകനായ റോണാ വിൽസൺ അടക്കമുള്ളവർക്കെതിരെ ചുമത്തപ്പെട്ട കേസ്. വിൽസൻ്റെ ലാപ് ടോപ്പിലെ രഹസ്യ ഫോള്‍ഡറുകളില്‍ നിന്ന് കണ്ടെത്തിയ കത്തുകളിൽ നിന്ന് വധ ഗൂഢാലോചനയുടെ തെളിവുകൾ കണ്ടെത്തിയതായാണ് പുനെ പൊലീസും എന്‍ഐഎയും അവകാശപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 2018 ജൂണിൽ വിൽസൻ അടക്കം 5 പേരെ അറസ്റ്റ് ചെയ്തത്.

2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് വാര്‍ഷിക ആഘോഷത്തിനിടയില്‍ ന‍ടന്ന സംഘര്‍ഷത്തിന് പിന്നില്‍ മാവോയിസ്റ്റുകളുണ്ടെന്നും ആരോപണമുയര്‍ന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കവി വരവര റാവു, സുധ ഭരദ്വാജ്, ഫാദർ സ്റ്റാൻ സ്വാമി, ഡെൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബു, ആനന്ദ് തെൽതുംദെ തുടങ്ങി 11 പേരെ അറസ്റ്റ് ചെയ്തത്.

എന്നാൽ റോണ വില്‍സണെതിരായ തെളിവുകളെ ചോദ്യം ചെയ്യുന്ന കണ്ടെത്തലാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൽട്ടിംഗ് നടത്തിയിരിക്കുന്നത്. കംപ്യൂട്ടർ ഹാക്കർ ആക്രമണത്തിലൂടെ റോണയുടെ ലാപ് ടോപ്പിൽ 10 കത്തുകൾ തിരുകി കയറ്റിയെന്നാണ് ആഴ്സനൽ കൺസൽട്ടിംഗ് പറയുന്നത്. നുഴഞ്ഞു കയറിയ മാൽവെയറിലൂടെയാണ് കത്തുകൾ സ്ഥാപിച്ചത്.

റോണയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് 22 മാസമായി അദ്ദേഹത്തിൻ്റെ ലാപ്ടോപ് നിരീക്ഷിക്കുകയും നുഴഞ്ഞുകയറുകയും ചെയ്തു. 2016 ജൂൺ 13ന് നെറ്റ് വയറിലൂടെ ലാപ് ടോപ്പിൽ കയറുകയും ഒരു രഹസ്യ ഫോൾഡർ സ്ഥാപിക്കുകയും ചെയ്തു. ഇതെക്കുറിച്ച് വില്‍സണ് അറിവുണ്ടായിരുന്നില്ല.  കൃത്രിമ തെളിവുകൾ സൃഷ്ടിച്ച ഗൗരവമുള്ള ഒരു കേസാണ് ഇതെന്ന് ആഴ്സനൽ പറയുന്നു.

പൊലീസിൽ നിന്ന് ലഭിച്ച ഫൊറൻസിക് ഇമേജുകൾ ഉപയോഗിച്ചാണ് ആഴ്സനൽ പരിശോധനകൾ നടത്തിയത്. ആഴ്സനലിന്‍റെ റിപ്പോർട്ടിന്‍റെ ആധികാരികത പരിശോധിക്കാൻ വാഷിംഗ്ടൺ പോസ്റ്റ് മാൽവെയർ, ഡിജിറ്റൽ ഫൊറൻസിക് വിദഗ്ധരായ മൂന്ന് പേരെ സമീപിച്ചു. അവര്‍ ഈ റിപ്പോ‍ര്‍ട്ട് ശരിവെക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യയിൽ നടക്കുന്ന അന്വേഷണങ്ങളെയും അന്വേഷണ ഏജന്‍സികളെയും ജുഡീഷ്യറിയെയും അപകീർത്തിപ്പെടുത്തുകയാണ് പുതിയ വെളിപ്പെടുത്തലുകളുടെ ലക്ഷ്യമെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ശരിയായ അന്വേഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് അവര്‍ വിശദീകരിക്കുന്നു.

അതേ സമയം കഴിഞ്ഞ വർഷം ആംനസ്റ്റി ഇൻ്റർനാഷണലും സിറ്റിസൺ വാച്ച്ഡോഗ് എന്ന ടോറൻ്റോ സർവകലാശാലയുടെ ഇൻ്റർനെറ്റ് നിരീക്ഷക സംഘടനയും 9 മനുഷ്യാവകാശ പ്രവർത്തകരെ ലക്ഷ്യമാക്കി സ്പൈ വെയർ ആക്രമണം നടന്നതായി വെളിപ്പെടുത്തിയിരുന്നു. ഇസ്രായേലി സ്പൈ വെയറായ പെഗാസസ് മനുഷ്യാവകാശ പ്രവർത്തകരുടെ വാട്ട്സാപ് വഴി മൊബൈലിൽ നുഴഞ്ഞുകയറുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആഴ്സനലിന്‍റെ കണ്ടെത്തലിനെ ഇതുമായി ചേര്‍ത്ത് വായിക്കേണ്ടിവരുന്നു.

പൗരാവകാശ പ്രവർത്തകരും അധ്യാപകരും അഭിഭാഷകരുമായ 16 പേരാണ് ഭീമ കൊറേഗാവ് കേസിൽ വിചാരണയില്ലാതെ ജയിലിൽ കഴിയുന്നത്. ആഴ്സണൽ കൺസൽട്ടിംഗിൻ്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ ഈ കേസിൽ പുതിയ വഴിത്തിരിവാകുമെന്ന് കരുതാം.