Fri. Mar 29th, 2024

ലക്ഷക്കണക്കിന് യുവതീ- യുവാക്കൾ തൊഴിൽരഹിതരായി പുറത്തു നിൽക്കുമ്പോഴാണ് സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ നിയമിക്കുന്നുവെന്ന ആരോപണം ഉയരുന്നത്. സെക്രട്ടേറിയറ്റിനും സര്‍വകലാശാലകള്‍ക്കും മുന്നില്‍ വിവിധ റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെയും പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനങ്ങള്‍ കുറയുകയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വേഗത്തില്‍ നടക്കുകയും ചെയ്യുന്നതാണ് പരാതികള്‍ക്ക് കാരണം. നൂറുകണക്കിന് ജീവനക്കാരെയാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്തിയത്. സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ ഉൾപ്പെടെ തൊഴിൽ തട്ടിപ്പ് നടത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു.

പിണറായി വിജയന്‍ സർക്കാർ 3 ലക്ഷം അനധികൃത നിയമനങ്ങൾ നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. അതേ സമയം യുഡിഎഫ് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങളുടെ കണക്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണന മൂലമാണ് എന്നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നത്. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജൻ അവകാശപ്പെടുന്നു. റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം നൽകുക പ്രായോഗികമല്ലെന്നും റാങ്ക് ഹോൾഡർമാരുടെ സമരം പ്രതിപക്ഷം ഇളക്കിവിട്ടതാണ് എന്നുമാണ് മന്ത്രി ഡോ. തോമസ് ഐസക് ആരോപിക്കുന്നത്.

അതിനിടയില്‍ സിപിഎം നേതാവായ എം ബി രാജേഷിൻ്റെ ഭാര്യക്ക് കാലടി സർവകലാശാലയിൽ നിയമനം നൽകിയത് സബ്ജക്ട് എക്സ്പെർട്ട് പാനലിൻ്റെ തീരുമാനം മറികടന്നാണെന്ന് ആരോപിച്ച് പാനല്‍ അംഗങ്ങള്‍ തന്നെ രംഗത്തുവന്നതും വിവാദമായി. മറ്റ് സര്‍വകലാശാലകളിലും സമാനമായ നിയമനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സർവകലാശാല നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പാലിക്കാറില്ല എന്ന പരാതികളും വ്യാപകമാണ്.

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളും രാഷ്ട്രീയ നേതാക്കളുടെയും ട്രേഡ് യൂണിയന്‍ നേതാക്കളുടെയും താല്‍പര്യങ്ങള്‍ അനുസരിച്ചാണ് നടക്കുന്നത്. മിക്ക പൊതുമേഖല സ്ഥാപനങ്ങളുടെയും നിയമനം പി എസ് സിക്ക് വിടാത്തതിനാല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും സംവരണം നടപ്പാകാതിരിക്കുയും ചെയ്യുന്നു.

ഇതിന് പുറമെയാണ് കണ്‍സല്‍ട്ടന്‍സി നിയമനങ്ങളും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും പഴ്സണല്‍ സ്റ്റാഫിന്‍റെ നിയമനങ്ങളും. കേരളത്തിലെ 20 മന്ത്രിമാർക്ക് 480 പേഴ്സണൽ സ്റ്റാഫ് ഉണ്ട്. 77000 മുതൽ ഒന്നേകാൽ ലക്ഷം വരെയാണ് ഇവരുടെ ശമ്പളം. പഴ്സണൽ സ്റ്റാഫിന് ശമ്പളം നൽകാൻ ഒരു വർഷം പൊതു ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 2 കോടി രൂപയാണ്. സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ പെൻഷൻ കിട്ടാൻ 10 വർഷം പൂർത്തിയാക്കണമെന്നിരിക്കെ രണ്ട് വർഷം പൂർത്തിയാകുന്ന പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കും.

ഭരണഘടന അനുസരിച്ച് പബ്ലിക് സര്‍വീസ് കമ്മീഷനുകളും സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡുകളും രൂപീകരിച്ചത് മാനദണ്ഡങ്ങളും യോഗ്യതയും അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനാണ്. സംവരണവും സാമൂഹിക നീതിയും നടപ്പാക്കുന്നതിനും ഇത് ആവശ്യമാണ്. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളും നിലവിലുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളെയെല്ലാം മറികടന്നാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്.

പൗരന്മാര്‍ക്ക് ഉറപ്പുനല്‍കേണ്ട തുല്യ അവസരങ്ങളുടെയും സാമൂഹിക നീതിയുടെയും നിഷേധമാണ് പിൻവാതിൽ നിയമനങ്ങൾ.