എറണാകുളം:
മാലിപ്പുറംവളപ്പ് പ്രദേശത്താണ് മത്സ്യഗ്രാമം. കൊവിഡ് സമൂഹവ്യാപന ഭീതി ഉയര്‍ന്നപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു ഇവിടത്തെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ്. പ്രായമായവരെ സംരക്ഷിക്കുന്നതിനൊപ്പം പുറം ലോകവുമായി ബന്ധം പരമാവധി ഒഴിവാക്കിയുമാണ് അവര്‍ പ്രതിരോധം കുറ്റമറ്റതാക്കിയത്. പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ തരണം ചെയ്യാന്‍ ഇവര്‍ കാണിക്കുന്ന പ്രായോഗികബുദ്ധി അനുകരണീയമാണ്.
എളങ്കുന്നപ്പുഴ, ഓച്ചന്തുരുത്ത് മത്സ്യഗ്രാമങ്ങള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. 3.65 കിലോമീറ്റര്‍ തീരമാണ് മാലിപ്പുറം മത്സ്യഗ്രാമത്തിനുള്ളത്. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 22,23 വാര്‍ഡുകളാണ് ഈ മത്സ്യഗ്രാമത്തില്‍ ഉള്‍പ്പെടുന്നത്. ആകെ 265 വീടുകളിലായി 285 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു.
20 കുടുംബങ്ങള്‍ ഭവനരഹിതരാണ്. അവര്‍ ഭൂരഹിതരോ കൂട്ടുകുടുംബമായി ജീവിക്കുന്നവരോ ആണ്. ഇവിടത്തെ 9.44 ശതമാനം വീടുകൾ സമ്പൂര്‍ണ്ണ് താമസയോഗ്യമാണ്. 69.43 ശതമാനം പകുതി പൂര്‍ത്തിയായവും 21.13 ശതമാനം വീടുകൾ നിലവാരമില്ലാത്തവയുമാണ്. നിലവിലുള്ള 94.34 ശതമാനം വീടുകള്‍ക്കും ശൗചാലയമുണ്ട്.
83.77 ശതമാനം പേർക്ക് കുടിവെള്ളം ലഭ്യമാണ് നിലവിലുള്ള വീടുകൾ. ഗ്രാമത്തിലെ മിക്ക വീടുകളും (99.25%) വൈദ്യുതീകരിച്ചു. 116 പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഫിഷറീസ് ബോർഡിന്‍റെ (‘മത്സ്യ’ പദ്ധതിയിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട് ബോർഡ്.) 19 പേരെ വാർദ്ധക്യ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ ഗ്രാമത്തെ 2007-08 കാലയളവിൽ വിധവ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കൂട്ടം കൂടി താമസിക്കുന്ന ഗ്രാമത്തില്‍ അവരുടെ ക്ഷേമത്തിനായി, ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററും രണ്ട് ഉപകേന്ദ്രങ്ങളുമാണുള്ളത്. ഗ്രാമത്തിൽ രണ്ട് എൽപി സ്കൂളുകളും യുപി സ്കൂളുകളും ഉണ്ട്. ആറ് അങ്കണവാടികകളിൽ രണ്ടെണ്ണവും സ്വന്തം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഗ്രാമത്തിൽ 6.10 കിലോമീറ്റർ നീളമുള്ള നാലു റോഡുകളുടെ ശൃംഖലയുണ്ട്. ഒരറ്റത്ത് ഒന്നര കിലോമീറ്റര്‍ നീളമുള്ള വളപ്പ് ബീച്ച് റോഡും മറ്റേ അറ്റത്ത് രണ്ടു കിലോമീറ്റര്‍ ദൂരമുള്ള മാലിപ്പുറം ബീച്ച് റോഡും സ്ഥിതി ചെയ്യുന്നു. മാലിപ്പുറം ബീച്ച് റോഡില്‍ ഒരു കലുങ്കും 10 തെരുവ് വിളക്കുകളുണ്ട്.
2018ലെ കണക്കു പ്രകാരം 76 വീടുകള്‍ പുതുതായി നിര്‍മിക്കാനും 184 എണ്ണം അറ്റകുറ്റപ്പണിക്കുമായി കാത്തിരിക്കുന്നു. 20 ഭൂരഹിതര്‍ക്കു കൂടി വേണ്ടി വരുന്ന ഭവനപദ്ധതികള്‍ക്കാകെ 2,26,00,000 രൂപ മാറ്റി വെച്ചിരിക്കുന്നു. ശുചിമുറികള്‍ക്കായി മൂന്നര ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മത്സ്യക്കൃഷിക്ക് 2.47 ലക്ഷം, അലങ്കാരമത്സ്യവളര്‍ത്തലിന് 1.745 ലക്ഷം, കല്ലുമ്മേക്കായ് കൃഷിക്ക് 0.15 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. തീരസുരക്ഷ ഉറപ്പുവരുത്താന്‍ കടല്‍ഭിത്തി പുനര്‍നിര്‍മാണത്തിന് 2,73,75,000 രൂപ വകയിരുത്തി.
കടലിനോട് മല്ലിട്ടവര്‍ കളം മാറ്റുന്നു
കടലിനെ അടുത്തറിഞ്ഞ മത്സ്യബന്ധനത്തൊഴിലാളികള്‍ പലരും ഇന്ന് സാഹസികമായ ജോലിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ആവേശം അവസാനിച്ചിട്ടല്ല, അധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാത്തതും, കാലാവസ്ഥാവ്യതിയാനത്തിലെ അപകടങ്ങളുമാണ് പ്രധാനപ്രശ്നം. കുട്ടിയായപ്പോഴേ ചെറുവഞ്ചിയിലും വള്ളത്തിലും ബോട്ടിലും കടലില്‍ പോയിട്ടുള്ള ജോര്‍ജ്ജ് ആലത്തറ (67)യെപ്പോലുള്ളവര്‍ ഇന്ന് പുഴയിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്.
“14 വയസില്‍ തുടങ്ങിയതാണ് കടലിലേക്ക്. ചെറുവഞ്ചിയിലാണ് ആദ്യം പോയിരുന്നത്. കപ്പല്‍ച്ചാലു വരെ പോകും, കൊമ്പന്‍ സ്രാവിനെ പിടിക്കും. തണ്ട് വലിക്കുന്ന വഞ്ചിയില്‍ പോകുമ്പോള്‍ കടലില്‍ മീനിനെ കാണുമ്പോള്‍ വല വലിക്കണം അല്ലെങ്കില്‍ വളഞ്ഞ് വലയില്‍ കയറ്റണം. അന്ന് കരയില്‍ നിന്നു പോലും മീന്‍ കാണാമായിരുന്നു. ഇന്ന് ഒന്നും കാണുന്നില്ല. പണിക്കാരും വള്ളങ്ങളും കൂടി. മൂന്നുനാലു തവണ വഞ്ചി കടലില്‍ കമിഴ്ന്നതോടെ പേടിയായി. കടലിലെ പണി അതോടെ നിര്‍ത്തി. 10 കൊല്ലമായിട്ട് ഇപ്പോള്‍ കൊച്ചുവഞ്ചിയില്‍ പുഴയില്‍ മാത്രം പോകും. 15-20 ദിവസമായി കടലിലും പുഴയിലും ഒന്നും കിട്ടുന്നില്ല,” ജോര്‍ജ്ജ് പറഞ്ഞു.
600 രൂപയ്ക്ക് ചെറുവഞ്ചിയും മൂന്നു രൂപയ്ക്ക് നൂറ് മത്തിയും കിട്ടുമായിരുന്ന കാലം ഓര്‍ത്തെടുക്കുകയാണ് പ്രദീപ് കോമത്ത് (59). “അന്ന് പങ്കായം വലിക്കുന്ന ചെറുവഞ്ചിക്ക് പുറംകടലില്‍ പോകുമായിരുന്നു. അധ്വാനം കുറയ്ക്കാന്‍ കിഴക്കന്‍ കാറ്റുവരുമ്പോള്‍ പായ് നിവര്‍ത്തും. അവിടന്നു പടിഞ്ഞാറന്‍ കാറ്റത്ത് തിരിച്ചുവരും. അന്നും കാര്യമായ മെച്ചമുണ്ടായിരുന്നില്ല, എന്നാല്‍ ജീവിതച്ചെലവ് വളരെ കുറവായിരുന്നു. അഞ്ച് പൈസയക്ക് ചായ, അഞ്ച് പൈസക്ക് കടി. ആര്‍ഭാടം ശനിയാഴ്ചകളില്‍ സിനിമ കാണാന്‍ അച്ഛന്‍ തരുന്ന 50 പൈസയാണ്. 45 വര്‍ഷം മത്സ്യത്തൊഴിലാളിയായി ജീവിച്ചെങ്കിലും ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല,” പ്രദീപ് പറഞ്ഞു.
കൊറോണ വന്നതിനു ശേഷം മത്സ്യങ്ങള്‍ കുറവാണെന്ന് പുളിയനാറുപറമ്പില്‍ ശിവന്‍(65.) “തീരപ്രദേശത്തെ ജീവിതം ശോചനീയമാണ്, എല്ലാവര്‍ക്കും പണി കുറവാണ്, ഒന്നുരണ്ടു മാസമായി തീരം സ്തംഭനാവസ്ഥയിലാണ്. ഐഒസി, എല്‍എന്‍ജി, കപ്പലുകള്‍ എല്ലാം ഡ്രെഡ്ജ് ചെയ്ത് കലക്കവെള്ളമാണ് പുറന്തള്ളുന്നത്. ഡ്രെഡ്ജ് ചെയ്യുന്തോറും തീരം താഴും. ഒന്നരമാസമായി വെള്ളപ്പൊക്കമാണ്. കടലുണ്ടെങ്കിലേ മത്സ്യമുണ്ടാകൂ. ഇനിയെങ്ങു നിന്നും കടം മേടിക്കാനില്ല. ഓഖി കൊടുങ്കാറ്റിന്‍റെ സമയത്ത് കടലില്‍ ബോട്ട് പെട്ടു പോയി. കന്യാകുമാരിയില്‍ നിന്ന് ജീവനും കൊണ്ടോടിച്ചു വിടുകയായിരുന്നു. ജഡങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നു. കൊല്ലത്താണ് അടുത്തത്. ഇതെല്ലാം കണ്ടു ഭയന്ന് പലരും കടലില്‍ പോക്ക് നിര്‍ത്താന്‍ പ്രേരിതരായിട്ടുണ്ട്,” ശിവന്‍ ഭീകരാവസ്ഥ വ്യക്തമാക്കി.
ഐവര്‍സംഘത്തിന്‍റെ അതിജീവനം ‘അന്നപൂര്‍ണ്ണ’യിലൂടെ
വളപ്പ് കടപ്പുറത്തേക്ക് ചെല്ലുമ്പോള്‍ മത്സ്യസംഘം ഓഫിസിനു തൊട്ടടുത്തായി കലുങ്കിനോട് ചേര്‍ന്ന വീടിനു മുന്നില്‍ ചെറിയൊരു ഭക്ഷണശാല കാണാം. ഏതാനും പ്ലാസ്റ്റിക്ക് മേശകളും കസേരകളും ഉള്ള തളത്തില്‍ ചോറും മീന്‍കറിയും നാടന്‍ പലഹാരങ്ങളും തയാറാക്കി വില്‍ക്കുന്ന ഒരു സംവിധാനം. രാവിലെ പുട്ട്, ദോശ തുടങ്ങിയ പലഹാരങ്ങളുണ്ടാകും. ഉച്ചയ്ക്ക് ചോറും മീന്‍കറിയും വൈകുന്നേരമാകുമ്പോള്‍ പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കന്‍ എന്നിവയാണ് ഇവിടെ കിട്ടുക. അഞ്ചംഗ വനിതാസംഘം ആണ് അണിയറയില്‍.
കൊവിഡ് ജീവിതം ദുഷ്കരമാക്കിയ പരിതസ്ഥിതിയില്‍ എല്ലാവര്‍ക്കും ഒരു തുണയാകാനാണ് ഹോട്ടല്‍ തുടങ്ങിയതെന്ന് ഉഷ ഗോപി(60) വ്യക്തമാക്കി. “24 വര്‍ഷമായി എറണാകുളത്ത് വീട്ടുജോലിക്കു പോകുന്നു, കൊറോണയായപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അങ്ങനെയാണ് ഇങ്ങനെയൊരു സംരംഭത്തിലേക്കെത്തിയത്. പെട്ടെന്നു തീരുമാനിച്ച കാര്യമാണിത്. അഞ്ചു പേര്‍ ആയിരം രൂപ വീതം വിഹിതം ഇട്ടാണ് തുടങ്ങിയത്. തെറ്റില്ലാതെ പോകുന്നു, ഇപ്പോള്‍ കടങ്ങള്‍ വീട്ടാനും ചെറിയ വിഹിതം മാറ്റിവെക്കാനും കഴിഞ്ഞു.”
ഒട്ടേറെ കഷ്ടപ്പെട്ടാണ് കൊവിഡ് കാലത്തെ അതിജീവിക്കുന്നതെന്ന് സഹപ്രവര്‍ത്തക കുമാരി ജോഷി (27). “മത്സ്യബന്ധനമാണ് ഭര്‍ത്താവിന്‍റെ മുഖ്യ തൊഴില്‍. മീന്‍ പിടിക്കാന്‍ കടലിലും പുഴയിലും പോകും, കൂടാതെ കല്‍പ്പണിക്കും പോകും. മീന്‍പിടിത്തം മോശമായതോടെ ഇപ്പോള്‍ വള്ളങ്ങള്‍ പോകുന്നില്ല. യുകെജിക്കാരനായ മകനും ഓണ്‍ലൈന്‍ ക്ലാസാണ്, അതിനു വേണ്ടി സ്മാര്‍ട്ട് ഫോണ്‍ ലോണെടുത്തു വാങ്ങേണ്ടി വന്നു. ഭര്‍ത്താവും അമ്മയും മത്സ്യബന്ധനത്തിനു പോയിക്കിട്ടുന്ന മീന്‍ ഉണക്കി വിറ്റാണ് കഴിഞ്ഞിരുന്നത്. വെള്ളക്കെട്ടാണ് മറ്റൊരു പ്രധാനപ്രശ്നം, തോട് കവിഞ്ഞു വരുന്ന വെള്ളം പോകാന്‍ വഴിയില്ലാതെ വീട്ടിലേക്ക് കയറി. ബാത്റൂം അടക്കം വെള്ളം നിറഞ്ഞ് മാലിന്യം നിറയുന്നു. അത് വീടിനും കേടുപാടുണ്ടാക്കുന്നു.”
കൊറോണ വന്നതോടെ ജോലികള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെയൊരു പരിപാടിയിലേക്ക് ഇറങ്ങിയതെന്ന് സജിത രമേശ് (47) പറയുന്നു. കൈയിലുള്ള സ്വര്‍ണ്ണം പണയം വെച്ചും ഉണ്ടായിരുന്ന പണം സ്വരൂപിച്ചുമാണ് ഇത് തുടങ്ങിയത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ ക്ലീനിംഗിന് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. സഞ്ചാരികള്‍ വരാതായതോടെ ഹോംസ്റ്റേ അടച്ചു. പഞ്ചായത്ത് ഇലക്ഷനൊക്കെ ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം നല്‍കാനായി, 300 പേര്‍ക്കു വരെ ബിരിയാണിയും ഊണും തയാറാക്കാനാകും. ലോക്ക് ഡൗണ്‍ സമയത്ത് കടകളെല്ലാം പൂട്ടിയപ്പോള്‍ ബന്ധുക്കളാണ് സാധനങ്ങള്‍ എത്തിച്ചു തന്നത്. കുട്ടികള്‍ക്കു ടിവിയുള്‍പ്പെടെ പഠനോപകരണങ്ങളെല്ലാം വിവിധ പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കി.”
ഇതേ പോലെ വീട്ടുജോലിക്കു പോയിരുന്ന അനിത പ്രസന്നനും (32) ഇത് ഇപ്പോഴൊരു ആശ്വാസമാണ്. “ഇന്‍ബോര്‍ഡ് വള്ളത്തൊഴിലാളിയായ ഭര്‍ത്താവ് പ്രസന്നനും തൊഴിലവസരം കുറഞ്ഞിരിക്കുമ്പോഴാണ് കൊറോണയുടെ വരവ്. അതോടെ ഇരുവരും തൊഴില്‍രഹിതരായി. രണ്ടാംക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുടെ ഫീസ് അടയ്ക്കാനും മറ്റു ചെലവുകള്‍ക്കും ബുദ്ധിമുട്ടായതോടെ അന്നപൂര്‍ണ്ണയില്‍ പങ്കാളിയാകുകയായിരുന്നു.” അനിത വോക്ക് മലയാളത്തോടു വ്യക്തമാക്കി.
ഹോംനഴ്സ് ആയിരുന്നു അയിഷ ശശി (62). കൊവിഡ് വന്നതോടെ ഏജന്‍സി വിളിക്കാതായി. “ചെറുവഞ്ചിയില്‍ പോയിരുന്ന ഭര്‍ത്താവ് ഇടക്കാലത്ത് രോഗിയായതോടെയാണ് ജോലിക്കു പോയിത്തുടങ്ങിയത്. വീടിന്‍റെ പട്ടയം പണയത്തിലാണ്. വെള്ളക്കെട്ടടക്കം വീടിന് കേടുപാടുകളുണ്ട്, 20 വര്‍ഷം കഴിഞ്ഞു സ്വന്തമായി അറ്റകുറ്റപ്പണി ചെയ്തൊക്കെയാണ് മുന്നോട്ട് നീങ്ങുന്നത്. മൂന്നു പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു. ഇളയ മകളാണ് ഇവര്‍ക്കൊപ്പം കൂടിയത്. ഇപ്പോള്‍ ജോലിയില്ലാത്തിനാല്‍ ഇവരുടെ സഹായത്തിനെത്തി. മൂത്ത മകള്‍ക്ക് അതിനിടെ കൊവിഡ് വന്നിരുന്നു. ആ സമയത്ത് ഇവിടെ ഞങ്ങളും ക്വറന്‍റൈനിലിരുന്നു.”
ഹോട്ടലിനൊപ്പം ചെമ്മീന്‍ ഉണക്കി പായ്ക്ക് ചെയ്തു വില്‍ക്കുന്ന കുടില്‍ വ്യവസായത്തിലും ഇവര്‍ വ്യാപൃതരാണ്. ഓര്‍ഡര്‍ അനുസരിച്ച് ഉണക്കച്ചെമ്മീന്‍ വറുത്ത് പായ്ക്ക് ചെയ്ത് വില്‍ക്കുന്നുമുണ്ടിവര്‍. നിയന്ത്രണങ്ങള്‍ വന്നതോടെ മത്സ്യവ്യാപാരത്തിനു പോയിരുന്ന പ്രായമായ മത്സ്യത്തൊഴിലാളി സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിന്ന് അകറ്റിയ സാഹചര്യത്തില്‍ വിപണിയില്‍ പുതു വഴി തേടുകയാണിവര്‍.
കൊവിഡ് ഒറ്റപ്പെട്ട കേസ്
കൊവിഡ് വ്യാപനം കാര്യമായി ഇല്ലാതിരുന്ന പ്രദേശമാണ് ഈ വാര്‍ഡ്. ആരോഗ്യവകുപ്പ് താഴെത്തട്ടില്‍ വരെ ശ്രദ്ധിക്കുന്നതിനാലാണിതെന്നാണ് സജിതയുടെ അഭിപ്രായം. “വ്യാപനം ഉണ്ടായിരുന്നില്ല, ഒറ്റപ്പെട്ടവര്‍ക്കാണ് വന്നത്. ഇപ്പോള്‍ ടെസ്റ്റ് ചെയ്യാനും ആശുപത്രിയിലേക്ക് പോകുന്നതും ആളുകള്‍ക്ക് പേടിയാണ്. നിലവില്‍ ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു. മാലിപ്പുറം ആശുപത്രിയില്‍ കൊവിഡ് പരിശോധന നടക്കുന്നുണ്ട്.”
കൊവിഡ് മാറണമെന്നാണ് പ്രാര്‍ത്ഥനയെങ്കിലും അതിനെ വേണമെങ്കില്‍ പോസീറ്റിവ് ആയി കാണാമെന്നാണ് ഉഷയുടെ അഭിപ്രായം. “സുനാമി മുതല്‍ വരുന്ന ദുരന്തങ്ങളെല്ലാം നാം സ്വീകരിക്കുകയാണല്ലോ. സുനാമി വന്നപ്പോള്‍ 12 ദിവസം ദുരിതാശ്വാസ ക്യാംപില്‍ താമസിച്ചു, ഓഖി വന്നപ്പോഴും നാലു ദിവസത്തോളം പോയി നിന്നു. അന്നൊക്കെ കൂട്ടായ്മയുടെ സന്തോഷമുണ്ടായിരുന്നെങ്കില്‍, ഇത്തവണ കൊറോണ വന്നതോടെ ക്യാംപില്‍ പോകാന്‍ ഭയമായി. പുറത്തേക്കു പോകുമ്പോള്‍ മാസ്കും സാനിറ്റൈസറും ഉപയോഗിച്ചിരുന്നു.” “ഭര്‍ത്താവിന്‍റെ അമ്മയ്ക്ക് 67 വയസ്സുണ്ട്, അതു കൊണ്ട് പ്രത്യേകം ശ്രദ്ധിച്ചു. അമ്മ ഒമ്പതാം വയസില്‍ മീന്‍ വില്‍പ്പന തുടങ്ങിയതാണ്. അങ്കമാലി വരെയുള്ള സ്ഥലങ്ങളില്‍ ബസ്സില്‍ പോയി മീന്‍ വിറ്റിരുന്നു.” അനിത പ്രസന്നന്‍ അറിയിച്ചു.
കിടന്നുറങ്ങാന്‍ പറ്റാത്ത വീടുകള്‍
ഒട്ടും വാസയോഗ്യമല്ലാത്ത വീടുകള്‍ ഇവിടെയുണ്ടെന്ന് ഉഷ പറഞ്ഞു. “ഇപ്പോള്‍ ഉള്ളവരും ഇല്ലാത്തവരുമെല്ലാം ഒരേ പോലെ വീട്ടില്‍ കഴിയുകയാണെങ്കിലും, തീര്‍ത്തും പരിതാപകരമായ രീതിയില്‍ കഴിയുന്നവര്‍ ഇവിടെയുണ്ട്. എത്ര പണം മുടക്കിയാലും തറ എത്ര ഉയര്‍ത്തിയാലും ബലപ്പെടുത്തിയാലും മണ്ണില്‍ ഇരുന്നു പോകും. ഇപ്പോള്‍ കാണുന്ന ഉയരമുള്ള തറകളുള്ള വീടുകളെല്ലാം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വെച്ചതാണ്. വീടുകള്‍ക്ക് അധികം ഭാരം പാടില്ല. ട്രെസ് വര്‍ക്കൊക്കെ ചെയ്യുകയാണ് സുരക്ഷയ്ക്ക് വേണ്ടി പലരും ഇപ്പോള്‍ ചെയ്യുന്നത്. മത്സ്യഫെഡ് വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ ചിലര്‍ വാങ്ങി മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും ഉപജീവനം വിട്ട് അങ്ങനെ മാറാന്‍ പറ്റില്ലല്ലോ.”
അടിക്കടിയുള്ള വെള്ളക്കെട്ട് വീടും പരിസരവും വൃത്തിഹീനമാക്കുന്നുവെന്ന് സജിത പറയുന്നു. “വെള്ളക്കെട്ടും മഴക്കാലവുമെത്തുമ്പോള്‍ വീടുകളിലേക്ക് വെള്ളം കയറുകയും വീടുകള്‍ ക്ഷയിക്കുകയും ചെയ്യുന്നു. ചെളി നിറഞ്ഞ വെള്ളത്തില്‍ കൊതുകിന്‍റെ കൂത്താടികള്‍ നുരയ്ക്കുമായിരുന്നു. അപ്പോള്‍ ഹോട്ടലിലേക്കും ആരും വരില്ല. ഇതിന് പരിഹാരം കാണണം.”
തോടുകളുടെ ആഴം വര്‍ദ്ധിപ്പിക്കാന്‍ പരിമിതികളുള്ള സ്ഥലമാണെന്ന് കുമാരി പറയുന്നു “വെള്ളം പൊങ്ങിയാല്‍ ഇറങ്ങിപ്പോകാന്‍ പറ്റാത്ത രീതിയില്‍ ചുറ്റും വീടുകളാണ്. തോടുകളിലെ ചെളി കോരിയാല്‍ അത് അവിടെ തീരത്തു തന്നെ നിക്ഷേപിക്കുന്ന സ്ഥിതിയാണ്. ആഴം കൂട്ടിയാലും വീടുകള്‍ക്ക് ദോഷം ചെയ്യുമെന്ന പ്രശ്നമാണ് മറ്റൊന്ന്.”
തീരദേശജനതയെ പറിച്ചു കടലോരത്തു നിന്ന് മാറ്റുകയെന്നത് അപ്രായോഗികമാണെന്ന് പ്രദീപ് പറയുന്നു. “ലൈഫ് പദ്ധതിയില്‍ പെടുത്തിയാണ് എല്ലാ ഭവനനിര്‍മാണപദ്ധതികളും ഇപ്പോള്‍ നടക്കുന്നത്. ഇവിടെയും മത്സ്യഫെഡ് പണം നല്‍കി മാറാന്‍ ആളുകളോട് പറഞ്ഞിട്ടുണ്ട്. പ്രളയം ഇനിയും വരില്ലെന്നു പറയാനാകില്ല, എങ്കിലും തീരദേശത്തു നിന്ന് ആളുകളെ പറിച്ചു മാറ്റുന്നത് നടപ്പാക്കാനാകില്ല.”
വന്‍കിട പദ്ധതികള്‍ മത്സ്യബന്ധനത്തെ തകര്‍ക്കുന്നു
വൈപ്പിന്‍കരയുടെ ശാപം ഇപ്പോള്‍ പുതിയതായി വരുന്ന പദ്ധതികളാണെന്ന് പ്രദീപ് പറയുന്നു. “കണ്ടല്‍ക്കാടുകളും മൂളിമരങ്ങളും വെച്ചു പിടിപ്പിച്ചപ്പോള്‍ മണ്ണടിഞ്ഞ് തീരം വെച്ചു. അതാണ് കൂടുതല്‍ പദ്ധതികള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. ഐഒസി പോലുള്ള നിര്‍മാണങ്ങള്‍ വന്നതോടെ ജൈവവൈവിധ്യം തകരുന്നതു മാത്രമല്ല, ജീവനും പരിസ്ഥിതിക്കും ആപത്താണ്. മത്സ്യബന്ധനമേഖല സ്തംഭിക്കാന്‍ കാരണവും ഇതു തന്നെ. എല്‍എന്‍ജി പദ്ധതിപ്രദേശത്തിനു കിഴക്ക് വള്ളങ്ങള്‍ അടുപ്പിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളി നേതാവ് സ്റ്റേ വാങ്ങിയിട്ടുണ്ട്. അത്രയ്ക്കു വളഞ്ഞു ചുറ്റി പോകേണ്ട ബുദ്ധിമുട്ട് ഓര്‍ത്താണ് പലരും പണിക്ക് പോകാത്തത്. ഇവിടെ നിന്ന് 10 മിനിറ്റ് നടന്നാല്‍ കടല്‍ഭിത്തിയാണ്. അവിടെ നിന്ന് അര കിലോമീറ്റര്‍ കടലിലേക്കു നടക്കണം. ഈ തീരമെല്ലാം പോര്‍ട്ട് ട്രസ്റ്റ് വളച്ചു കെട്ടി പദ്ധതികള്‍ നടപ്പാക്കുകയാണ്. പ്രളയത്തില്‍ യുദ്ധത്തിനു പോയ മത്സ്യത്തൊഴിലാളി വര്‍ഗത്തെ കറിവേപ്പില പോലെ ഉപയോഗിച്ചു കളയുന്ന നിലപാടാണ് ഇവിടെയുള്ളവരുടേത്.”
അതിജീവനത്തിന്‍റെ പാഠങ്ങള്‍ ഈ വീട്ടിലും പുതുമയല്ലെന്ന് പ്രദീപിന്‍റെ ഭാര്യ പ്രഭ പറയുന്നു. “എന്‍റെ വീട്ടില്‍ ഒരുപാട് ആടുകളുണ്ടായിരുന്നു. വിവാഹിതയായി വന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പെണ്‍മക്കളാണല്ലോ, കടലില്‍ പോയിട്ടും കാര്യമായി നീക്കിയിരുപ്പില്ല എന്നൊക്കെ ആലോചിച്ചപ്പോഴാണ് ഈയൊരു ആശയം തോന്നിയത്. അങ്ങനെ അടുത്തുള്ള ബന്ധുവീട്ടില്‍ ചെന്ന് കറവയൊക്കെ പഠിച്ചു. കൈയിലുണ്ടായിരുന്ന കുറച്ചു സ്വര്‍ണം വിറ്റു രണ്ടു പശുക്കളെ വാങ്ങി. അങ്ങനെ 20 വര്‍ഷക്കാലം പശുക്കളെ വളര്‍ത്തി, ഏഴു വര്‍ഷം മുമ്പൊന്ന് വീണതോടെ അവയെ വിറ്റു. രണ്ടു പെണ്‍മക്കള്‍ക്കു പുറമെ ഒരു മകനുമുണ്ടായി. പ്രളയത്തിലും മറ്റും എല്ലാവരും ഒരുമിച്ചാണു നിന്നത്. എങ്കിലും കൊവിഡ് വന്നപ്പോള്‍ പേടിയായിരുന്നു. എവിടെ നിന്നെങ്കിലും വന്നാലോ എന്നായിരുന്നു പേടി.”
പഠനരംഗം തിരിച്ചുവരവിന്‍റെ പാതയില്‍
ഓണ്‍ലൈന്‍ പഠനം ഒഴിവായി ക്ലാസ് മുറി പഠനം പുനരാരംഭിച്ചത് മാലിപ്പുറം ഗരാമത്തിലെ കുട്ടികള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. സത്യത്തില്‍ ഓണ്‍ലൈന്‍ പഠനം ആശങ്കകളുടേതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും പറയുന്നു. നേരിട്ടില്ലാത്ത ക്ലാസ് വലിയ ക്ലേശകരമായിരുന്നുവെന്ന് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി എ ഷജ്ന പറയുന്നു. “റേഞ്ചില്ലാത്ത പ്രശ്നമായിരുന്നു പ്രധാനം. ഒന്നാം വര്‍ഷം പകുതി ക്ലാസ് കഴിഞ്ഞപ്പോഴാണ് ഓണ്‍ലൈനിലേക്കു മാറിയത്. ഒരു സെമസ്റ്റര്‍ പൂര്‍ണമായും അടുത്തത് പകുതിയോളവും അങ്ങനെ ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ടി. ആദ്യവര്‍ഷ പരീക്ഷയും അല്‍പ്പം ടഫ് ആയിരുന്നു. ക്ലാസ് പുനരാരംഭിച്ചതോടെ ആശ്വാസമായി, ക്ലാസില്‍ എടുക്കുന്നത് മനസ്സിലാക്കാനാകുന്നു. അധ്യാപകര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ അറിയാം.”
പരീക്ഷക്കാലത്ത് മകളുടെ ടെന്‍ഷന്‍ ബാധിച്ചതായി അമ്മ ഷീല എഡ്വിന്‍ (45) വോക്ക് മലയാളത്തോട് പറഞ്ഞു. “ഒന്നാമത് വില കുറഞ്ഞ ഫോണായിരുന്നു, പിന്നെ ക്ലാസ് കൃത്യമായി കിട്ടാത്തതാകുന്നതും നമുക്ക് ആധിയായി. പരീക്ഷയ്ക്ക് എന്തെഴുതും, ജയിക്കുമോ എന്നൊക്കെ നമ്മളും ചിന്തിക്കുമല്ലോ. ഭര്‍ത്താവ് അഞ്ചു പേര്‍ പോകുന്ന വഞ്ചിയിലാണു പോകുന്നത്. പണി മോശമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു കിട്ടുമ്പോള്‍ അവര്‍ വീട്ടില്‍ത്തന്നെയിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്ന അവരുടെ വീട്ടിലെ സ്ഥിതി ആരും അറിയുന്നില്ല. ഞാന്‍ ഒരു വീട്ടില്‍ ജോലിക്കു പോയിരുന്നു, കൊറോണ വന്നതോടെ ആ വരുമാനവും ഇല്ലാതായി. കിറ്റുകള്‍ കിട്ടിയതും ബാങ്കുകള്‍ ഇളവ് പ്രഖ്യാപിച്ചതും ആശ്വാസമായി, എങ്കിലും എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് ആശങ്കയുണ്ട്. ഇവിടെ കൊറോണ കാര്യമായി ബാധിച്ചില്ല. ആരും പുറത്തിറിങ്ങിയില്ലെന്നതാണ് സത്യം.”
സ്കൂളുകള്‍ തുറന്നതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിഷ്ണു കെ എസും സന്തോഷവാനാണ്. “ഓണ്‍ലൈന്‍ ക്ലാസുകളില്‍ സംശയനിവാരണം വരുത്തുന്നതടക്കം പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അത് ക്ലിയര്‍ ചെയ്തു പോകുന്നുണ്ട്. നോട്ടുകള്‍ കൃത്യമായി തരുന്നുണ്ട്. തനിക്ക് നേരത്തേ സ്മാര്‍ട്ട് ഫോൺ ഉണ്ടായിരുന്നു. ഇപ്പോള്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനിയനും മൊബൈല്‍ ഫോണ്‍ ഉണ്ട്.” കുടുങ്ങാശേരി നവോദയ കോളേജിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ വിഷ്ണു വോക്ക് മലയാളത്തോടു പറഞ്ഞു.
ക്ലാസ് മുറി പഠനം തന്നെയാണ് നല്ലതെന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ത്രിദേവ് മുരുകന്‍ പറയുന്നു. “ഓണ്‍ലൈന്‍ ക്ലാസിനേക്കാള്‍ ഓഫ് ലൈനാണ് അടിപൊളി. മൊബൈല്‍ റേഞ്ചില്ലാത്തതായിരുന്നു ഓണ്‍ലൈന്‍ ക്ലാസിന്‍റെ ബുദ്ധിമുട്ട്. ട്യൂഷന്‍ ഉണ്ടായിരുന്നതിനാല്‍ അത് പരിഹരിക്കാനായി. ഓണ്‍ലൈന്‍ ക്ലാസുകളിലെ ക്ലാസുകള്‍ ഇപ്പോള്‍ വിശദീകരിച്ചു നല്‍കുന്നതിനാല്‍ എളുപ്പമായി തോന്നുന്നു. ഫോക്കസ് ക്ലാസ് ഉപകാരപ്രദമാണ്, പരീക്ഷയ്ക്ക് സമയമുള്ളതിനാല്‍ ആത്മവിശ്വാസം തോന്നുന്നു.” എടവനക്കാട് കെപിഎംഎച്ച് എസ് വിദ്യാര്‍ത്ഥിയാണ് ത്രിദേവ്.
കൊവിഡ് അതിജീവനം കൂടുതല്‍ കരുതലും ആത്മവിശ്വാസവും നല്‍കിയെന്നു ചിന്തിക്കുന്ന ആളുകളെ ഇവിടെ കാണാം. കൊവിഡ് ചിലര്‍ക്കെങ്കിലും വീടുകളില്‍ ഒതുങ്ങിക്കഴിയുന്നതിന്‍റെ സന്തോഷം പകരുന്നതായി വിശ്വസിക്കുന്ന ഇന്ദിരയും പ്രളയവും പ്രകൃതിദുരന്തങ്ങളും പോലെ ഇതും നാം അതിജീവിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്ന പ്രദീപിനെപ്പോലുള്ളവരും പകരുന്ന ആത്മവിശ്വാസം ചെറുതല്ല.