Mon. Dec 23rd, 2024
MVD decided to send licence to applicant's home directly
തിരുവനന്തപുരം:

ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് പുതിയ പരിഷ്കാരം  കൊണ്ടുവരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ കൊച്ചിയിലെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റ സഹായത്തോടെ അപേക്ഷകരുടെ വീട്ടിലെത്തിക്കുകയാണ് ലക്ഷ്യം.

ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയെങ്കിലും മോട്ടോര്‍വാഹന വകുപ്പില്‍ ഇപ്പോഴും ഇടനിലക്കാര്‍ സജീവമാണ്.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ വേഗത്തില്‍ നേടിയെടുക്കുന്ന ഏജന്റുമാര്‍ അപേക്ഷകരില്‍ നിന്ന് ഈടാക്കുന്നത് അമിത തുകയാണ്. കൂടാതെ, മറ്റുള്ളവരുടെ കാലാവധി കഴിഞ്ഞ ലൈസന്‍സ് കൈവശം വച്ച്  തിരിച്ചറിയല്‍ രേഖയെന്ന നിലയില്‍ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.

ആദ്യമായി ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് പോലും ഡ്രൈവിങ് സ്കൂളുകാര്‍ വഴിയേ ലൈസന്‍സ് കിട്ടുവെന്ന സ്ഥിതിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് സംവിധാന പരിഷ്കരണത്തെ കുറിച്ച് എംവിഡി ആലോചിച്ചത്.

ഇതിനായി ലൈസന്‍സും ആര്‍സി ബുക്കുമൊക്കെ പ്രിന്റ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ത്തും. പകരം കൊച്ചിയിലെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സായിരിക്കും  ഇവ പ്രിന്റ് ചെയ്ത് തപാലില്‍ നിങ്ങളുടെ  വിട്ടിലെത്തിക്കുക.

ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാമെന്നും മോട്ടോര്‍ വാഹനവകുപ്പ് കണക്ക് കൂട്ടുന്നു. ഒന്നാം തീയതി മുതല്‍ വാഹനങ്ങള്‍ക്ക് ഓണ്‍‌ലൈന്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റും ടോള്‍പ്ലാസകളില്‍  ഫാസ്ടാഗും നിര്‍ബന്ധമാണ്.

പതിനഞ്ച് വര്‍ഷം കഴിഞ്ഞ ഡീസല്‍ ഒാട്ടോകള്‍ നിരോധിക്കാനും വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കാനുമുള്ള ഉത്തരവുകള്‍ തല്‍ക്കാലം നടപ്പാക്കിയേക്കില്ല.

https://www.youtube.com/watch?v=xqhYZwDyFgM

 

By Arya MR