തിരുവനന്തപുരം:
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകനാണ് അന്വേഷണ ചുമതല
സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.
മരിച്ച രാജന്‍റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. കുട്ടികൾക്ക് വീടും സ്ഥലവും നൽകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രഞ്ജിത്തിനും രാഹുലിനും വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.
ഈ മാസം 22ന് ആണ് ദാരുണമായ സംഭവം ഉണ്ടായത്. നെയ്യാറ്റിന്‍കര നെല്ലിമൂട് വെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. രാജൻ അയൽവാസിയായ വസന്തയുടെ വസ്തു കൈയേറി കുടിൽകെട്ടിയെന്ന പരാതിയുണ്ടായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരിച്ചത്. രാജന്റെ ഭാര്യ അമ്പിളി ഇന്നലെ വെെകുന്നേരമായിരുന്നു മരിച്ചത്.
രാജന്‍ മരപ്പണിക്കാരനായിരുന്നു. രാജന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി ഒഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുവളപ്പില്‍തന്നെ സംസ്‌കരിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട് ഇന്നലെ വെെകുന്നേരം തര്‍ക്കം നടന്നിരുന്നു.
അമ്പിളിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അമ്പിളിയുടെ മൃതദേഹം രാജന്റെ കുഴിമാടത്തിന് അടുത്തായി സംസ്‌കരിക്കും.
https://www.youtube.com/watch?v=WZASEtt6USw&pbjreload=101