തിരുച്ചിറപ്പള്ളി:
തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് ആരോപിച്ചാണ് 25കാരനായ ദീപുവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്.
ദീപുവിനൊപ്പം മലയൻകീഴ് സ്വദേശിയായ അരവിന്ദ് (24) എന്ന സുഹൃത്തുമുണ്ടായിരുന്നു. ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അല്ലൂർ ഗ്രാമത്തിൽ ഈ മൃഗീയമായ സംഭവം നടക്കുന്നത്.
ഇരുവരും അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ജനം തടഞ്ഞുവെയ്ക്കുകയും പിന്നീട് മർദ്ദിക്കാൻ തുടങ്ങുകയായുമായിരുന്നു.
മർദ്ദനം തുടങ്ങിയപ്പോൾ ഓടി രക്ഷപെടാൻ ശ്രമിക്കവേ ദീപുവിനെയും അരവിന്ദിനെയും ഗ്രാമവാസികൾ പിൻതുടർന്നു. ഓടുന്നതിനിടയിൽ ദീപു താഴെ വീണു. താഴെ വീണ ദീപുവിനെ കൈ കാലുകൾ കൂട്ടിക്കെട്ടി മർദ്ദിക്കുകയായിരുന്നു.
എന്നാൽ, അരവിന്ദ് ഒരു വാഴത്തോപ്പിൽ ഒളിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് അരവിന്ദിനെ വാഴത്തോപ്പിൽ നിന്നും രക്ഷിച്ചത്.
ആൾക്കൂട്ടം ഇത്തരത്തിൽ മർദ്ദനം നടത്തുന്നുണ്ടെന്ന് അറിഞ്ഞെത്തിയ പൊലീസാണ് ദീപുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
അവിടെ എത്തിക്കും മുൻപ് ദീപു മരിച്ചുവെന്നും പോലീസും ആശുപത്രി അധികൃതരും പറയുന്നു. അരവിന്ദിന്റെ ആരോഗ്യനിലയിൽ മറ്റ് കാര്യമായ പ്രശ്നങ്ങൾ ഇല്ല.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അഞ്ച് പേരെ നിലവിൽ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് പറയുന്നത് ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പറയുന്നു.
https://www.youtube.com/watch?v=YAz4MErQlzo