എറണാകുളം:
എറണാകുളം നിവാസികളുടെ ഉറക്കം കെടുത്തി മരിയാർ ഭൂതം. മരിയാർ ഭൂതം വീണ്ടും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്ആർഎം റോഡ് പരിസരങ്ങളിൽ മോഷണത്തിനായി കറങ്ങി നടക്കുകയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാർ ഭൂതം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങളായി.
തമിഴ്‌നാട്ടിൽ മരിയാർ ഭൂതം എന്നറിയപ്പെടുന്ന ചെന്നൈ വെപ്പേരി പുരൈസവാക്കം സ്വദേശി ഗോപി എന്ന ലോറൻസ് ഡേവിഡ് (72) ആണ് പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിക്കുന്നത്.
ഇതിനോടകം സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ രാത്രി വ്യവഹാരം പിടിക്കപ്പെട്ടെങ്കിലും നാട്ടുകാർക്കോ പോലീസിനോ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെങ്കിലും വർഷങ്ങളായി ഇവിടെ മാത്രമാണ് മോഷണം നടത്തുന്നത്. മതിൽ ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാർ ഭൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണ് താത്പര്യം. പിടിച്ചാലുടൻ കുറ്റസമ്മതം നടത്തും. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ പഴയ ജോലി തന്നെ.
പലവട്ടം പ്രദേശത്തെ ടെറസുകളുെട മുകളിലൂടെ ഇയാൾ കടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടിട്ടുണ്ടെന്ന് എസ്ആർഎം റോഡ് റെസിഡൻസിലെ ആളുകൾ പറയുന്നു.
റോഡിലൂടെ നടക്കുന്നതിലേറെ ടെറസിന് മുകളിലൂടെയാണ് മരിയാർ ഭൂതത്തിെന്റ സഞ്ചാരം. 2018 മാർച്ചിൽ എസ്ആർഎം റോഡ് നൈനക്കുട്ടി ലൈനിൽനിന്ന് മോഷണത്തിന് നോർത്ത് പൊലീസിെന്റ പിടിയിലായിരുന്നു. ആറുമാസം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് വീണ്ടും മോഷണം തുടങ്ങിയത്.
എസ്ആർഎം റോഡിലെ താമസക്കാരനായിരുന്നു മരിയാർ ഭൂതം. അതുകൊണ്ടുതന്നെ ഇവിടത്തെ ഊടുവഴികൾ ഉൾപ്പെടെ കൃത്യമായി ഇയാൾക്ക് അറിയാം.
ഏതൊക്കെയോ വീടുകളുടെ മുകളിൽ പകൽ കിടന്നുറങ്ങുന്ന മോഷ്ടാവ് സന്ധ്യ കഴിയുന്നതോടെ പുറത്തിറങ്ങും. നൈനക്കുട്ടി ലെയ്‌നിൽ ആറുവീടുള്ള ഫ്‌ളാറ്റിൽ അഞ്ചുദിവസം മുമ്പ് മരിയാർ ഭൂതം കയറിയിരുന്നു.
പണ്ട് നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇയാളെ മോഷണക്കേസിൽ പിടിച്ചപ്പോൾ മർദ്ദിച്ചിരുന്നുവത്രേ. ‘തല്ലിയാൽ സാറിന് പണിയാകും’ എന്ന മുന്നറിയിപ്പ് പരിഗണിക്കാതെയായിരുന്നു മർദ്ദനം. അതിന് ശേഷം നോർത്ത് സ്റ്റേഷനിലെ പോലീസിന് വിശ്രമം കിട്ടിയിട്ടില്ലെന്നും കഥയുണ്ട്.
https://www.youtube.com/watch?v=YasSzvY5hkQ