തിരുവനന്തപുരം:
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ പ്രമേയം പാസാക്കാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഫയല്‍ മടക്കി അയച്ചു. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമാണ്.
സര്‍ക്കാറിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമാണ് പ്രശ്‌നമായി ഗവര്‍ണര്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങള്‍ നിരാകരിക്കണമെന്നുമുള്ളതാണ് സര്‍ക്കാരിന്റെ പ്രമേയം.
അടിയന്തിര സാഹചര്യമാണ്, രാജ്യത്തെ ആകെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നമാണ്, കാര്‍ഷിക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ഒപ്പം ബില്ലില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് സര്‍ക്കാർ ഗവർണർക്ക് വിശദീകരണം നൽകിയിരുന്നത്. എന്നാൽ ഗവർണർ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.