Sat. Apr 27th, 2024
തിരുവനന്തപുരം:

 
പ്രശസ്ത മലയാള കവയിത്രിയും സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ്റേയും കാർത്ത്യായനി അമ്മയുടേയും മകളായി 1934 ൽ ആറന്മുളയിലാണു് ജനനം. ഭർത്താവ് പരേതനായ ഡോ. കെ വേലായുധൻ നായർ. മകൾ ലക്ഷ്മി.

സൈലൻ്റ് വാലി പ്രക്ഷോഭത്തിൽ പങ്കുവഹിച്ചു. സാമൂഹികസേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരളസംസ്ഥാന വനിതാക്കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാലഭവൻ്റെ പ്രിൻസിപ്പൽ സ്ഥാനവും വഹിച്ചു. പ്രകൃതിസംരക്ഷസമിതിയുടേയും അഭ്യയയുടേയും സ്ഥാപക സെക്രട്ടറിയാണ്.

രാത്രിമഴ, അമ്പലമണി, പാതിരാപ്പൂക്കൾ, കുറിഞ്ഞിപ്പൂക്കൾ, എന്നിവയാണ് പ്രധാന കൃതികൾ. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരമടക്കം (2009) നിരവധി പുരസ്ജാരങ്ങൾ നേടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. 1968ൽ പാതിരാപ്പൂക്കൾ എന്ന കൃതിയ്ക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരവും, 1978 ൽ രാത്രിമഴ എന്ന ക്രുതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഓടക്കുഴൽ പുരസ്കാരം (1982 ), വയലാർ അവാർഡ് (1984), ആശാൻ പുരസ്കാരം (1991), ലളിതാംബിക സാഹിത്യ അവാർഡ് (2001), വള്ളത്തോൾ പുരസ്കാരം (2003), ബാലാമണിയമ്മ അവാർഡ് (2004 ), പി കുഞ്ഞിരാമൻ നായർ അവാർഡ് (2007), സരസ്വതി സമ്മാൻ (2012) എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

തുലാവർഷപ്പച്ച എന്ന് കൃതിയ്ക്ക് വിശ്വദീപം അവാർഡും, രാധയെവിടെ എന്ന കൃതിയ്ക്ക് അബുദാബി മലയാളി സമാജം അവാർഡും, കൃഷ്ണകവിതകൾക്ക് ജന്മാഷ്ടമി പുരസ്കാരവും, നേടിയിട്ടുണ്ട്. സാമൂഹികസേവനത്തിനുള്ള ഭാട്ടിയ അവാർഡ്, പ്രകൃതി സംരക്ഷണ പരിശ്രമനങ്ങൾക്കുള്ള ഇന്ത്യാഗവണ്മെൻ്റിൻ്റെ ആദ്യത്തെ വൃക്ഷമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.

പ്രഥമ ഒ എൻ വി പുരസ്കാരവും (2018), മുന്‍മന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എം വി രാഘവന്റെ പേരിലുള്ള 2020 ലെ അവാർഡും, ലഭിച്ചിട്ടുണ്ട്.

കാവു തീണ്ടല്ലേ, മേഘം വന്നു തൊട്ടപ്പോൾ, വാരിയെല്ല്, ജാഗ്രത എന്നിവയും സുഗതകുമാരിയുടെ കൃതികളാണ്.