ഡൽഹി:
ഡോ.കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച യുപി സർക്കാരിന് തിരിച്ചടി. കഫീൽ ഖാനെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
കഫീല്‍ ഖാനെ യുപി സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍.എസ്.എ.) തടവില്‍ വെച്ചതിനെതിരായാണ് അലഹബാദ് ഹൈക്കോടതി വിധി വന്നത്.
ക്രിമിനല്‍ കേസുകള്‍ തീരുമാനിക്കേണ്ടത് അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു കരുതല്‍ തടങ്കല്‍ മറ്റൊരു കേസില്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നുമാണ് കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച അലഹാബാദ് ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ട് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതി സെപ്റ്റംബര്‍ ഒന്നിനാണ് വിധി പുറപ്പെടുവിച്ചത്. എന്‍എസ്എ നിയമപ്രകാരം കഫീല്‍ ഖാനെ തടവിലാക്കിയ ഉത്തരവ് റദ്ദാക്കുകയും ഉടന്‍ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കഫീല്‍ ഖാന്റെ തടവ് നീട്ടുന്നത് നിയമവിധേയമല്ലെന്നു പറഞ്ഞ കോടതി, അദ്ദേഹത്തിനു മേല്‍ എന്‍എസ്എ പ്രകാരം ചുമത്തിയ കുറ്റങ്ങളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കഫീല്‍ ഖാന്റെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി അനുവദിച്ചായിരുന്നു കോടതി നടപടി. അലഹാബാദ് ഹൈക്കോടതിയുടെ ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചത്.
2020 ജനുവരിയിലാണ് കഫീല്‍ ഖാനെ മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 13ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കഫീല്‍ ഖാനു മേല്‍ എന്‍എസ്എ ചുമത്തുകയായിരുന്നു.
https://www.youtube.com/watch?v=Uh6mh68HcXk