Wed. Nov 6th, 2024
CM Pinarayi
തിരുവനന്തപുരം

തദ്ദേശതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ ജയം ആവേശകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇടതുമുന്നണി ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത്. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ഇത് ജനങ്ങളുടെ നേട്ടമാണ്. ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയം. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു” അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി ഈ വിജയത്തെ കണക്കാക്കണം. കേരളത്തേയും അതിന്റെ നേട്ടങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ്.

”ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. വര്‍ഗീയതക്കെതിരെ പോരാടാന്‍ എല്‍ഡിഎഫാണ് ഇവിടെ ഉള്ളതെന്ന് ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. വ്യാജവാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച് പ്രചരിപ്പിച്ച് എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും തകര്‍ക്കാൻ ശ്രമം നടന്നു”

”കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു. മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനങ്ങള്‍ ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്.  അതിനാല്‍ കുപ്രചരങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കി. ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി”

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കാണപ്പെട്ടത് സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കിയത് തിരഞ്ഞെടുപ്പുവിജയത്തിന്‍റെ സന്തോഷം മറച്ചുവെക്കാതെയാണ്.