Sat. May 4th, 2024
കോട്ടയം

കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി കെ എം മാണിക്കു ശേഷവും അടിവരയിട്ടുറപ്പിക്കുന്നതാണ്  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനു പിന്നാലെയുള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുവിജയം. രൂപീകരിച്ച കാലം തൊട്ട് ഇതേ വരെ ഇടതുപക്ഷത്തു വന്നിട്ടില്ലാത്ത പാലായ്ക്കൊപ്പം കാല്‍ നൂറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം നിന്ന ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും കോട്ടയം ജില്ലയിലെ യുഡി എഫ് കോട്ടകളൊന്നാകെയും എല്‍ഡിഎഫിനു കീഴിലേക്കു വന്നതാണ് കേരളരാഷ്ട്രീയത്തിലെ ജോസ്  ഇഫക്റ്റ്.

വര്‍ഷങ്ങളായി ഇടതുമുന്നണി കിണഞ്ഞു ശ്രമിച്ചിട്ടും ഇടത്തോട്ട് ചായാന്‍ കൂട്ടാക്കാതെ ഇരുന്ന പഞ്ചായത്തുകളില്‍  39 എണ്ണം ഇത്തവണ എല്‍ഡിഎഫിന്റെ കൂടെ പോന്നു. 2015ല്‍ 48 ഇടങ്ങളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ 24 ഇടങ്ങളിലേക്ക് ഒതുക്കി.

മധ്യകേരളത്തില്‍ വേരോട്ടമുള്ള തങ്ങളെ തള്ളാനാകില്ലെന്ന് എതിരാളികള്‍ക്കു വ്യക്തമായ സന്ദേശം കൊടുക്കാനും എല്‍ഡിഎഫിലെ സ്ഥാനം ബലപ്പെടുത്താനും തിരഞ്ഞെടുപ്പു വിജയം ഉപയോഗപ്പെടുത്താന്‍ ജോസിനായി. വോട്ടെണ്ണലിന്‍റെ തലേന്നു വരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റം ഭീഷണിയാണെന്ന് അംഗീകരിച്ചില്ല.

ജോസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ മുമ്പ് എതിര്‍പ്പു പ്രകടിപ്പിച്ച സിപിഐയും ഇപ്പോഴും ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയെയും പോലുള്ള കക്ഷികളെയും ഇനി തനിക്കെതിരേ കൈചൂണ്ടരുതെന്ന മുന്നറിയിപ്പു നല്‍കാനും ഈ വിജയത്തിലൂടെ ജോസിനായി.  ഇതോടെ എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന സ്ഥാനവും കേരള കോണ്‍ഗ്രസ് അരക്കിട്ടുറപ്പിച്ചു.

ഇതോടൊപ്പം മുഖ്യ എതിരാളി പി ജെ ജോസഫിനെ തളയ്ക്കാനും ജോസിനായി. വൈകിട്ട് ആറുമണിവരെയുള്ള കണക്കുകൾപ്രകാരം സംസ്ഥാനത്തുടനീളം 347 ഓളം സീറ്റിൽ  കേരള കോൺഗ്രസ് (എം) വിജയിച്ചു. യുഡിഎഫിനൊപ്പംനിന്ന ജോസഫ് വിഭാഗം ജയിച്ചതു സംസ്ഥാനത്താകെ 251 സീറ്റില്‍ മാത്രം. മുന്‍പ് ഇരുവിഭാഗവും കേരള കോൺഗ്രസ് (എം) എന്ന കൊടിക്കീഴിൽ മത്സരിച്ച 2015ൽ 630 സീറ്റുകളിലാണു ജയിച്ചത്.