Thu. Jan 23rd, 2025
A Vijayaraghavan
തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ്- എന്‍സിപി പ്രശ്നം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”കൂടുതല്‍ ജില്ലാപഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇത്തവണ ഇടതുമുന്നേറ്റമുണ്ടാകും. മൊത്തത്തില്‍  ഇടതുമുന്നണിക്ക് അനുകൂലമാണ് സ്ഥിതി. കൂടുതല്‍ പോളിംഗ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമാകും. സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും” വിജയരാഘവന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു. ” തലസ്ഥാനത്ത് ബിജെപി ജയിച്ചാല്‍ മറ്റൊരു സന്ദേശമാകും നല്‍കുന്നത്. അതിനാല്‍ ബിജെപിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള മേഖലകളില്‍ എല്ലാ കരുതലും ഇടത് മുന്നണി എടുത്തിട്ടുണ്ട്”

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ എല്‍ഡിഎഫിലേക്കുള്ള വരവ് വളരെയധികം ഗുണകരമാകുമെന്ന് അദ്ദേഹം വിലയിരുത്തി.  ” കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകും. എന്‍സിപിയുമായി അകല്‍ച്ചയൊന്നും ഉണ്ടായിട്ടില്ല” പാലാ സീറ്റുമായി ബന്ധപ്പെട്ട്   അവരും കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യേണ്ട തലത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.