Fri. Mar 29th, 2024
D Vijayamohan
ഡല്‍ഹി

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ഡി വിജയമോഹന്‍ (65) അന്തരിച്ചു. മൂന്നു ദശകത്തിലേറെയായി ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. കോവിഡ് ബാധിച്ചു സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1978ല്‍ മനോരമയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഡി വിജയമോഹന്‍ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളില്‍ ജോലി ചെയ്തു. 1985 മുതല്‍ ഡല്‍ഹി ബ്യൂറോയില്‍ എത്തി. ഡൽഹി ഫിലിം സെൻസർ ബോർഡ്, ലോക് സഭാ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നു.

തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെല്ലോഷിപ്പിൽ ഇംഗ്ലണ്ടില്‍ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തി.

ചെന്താര്‍ക്കഴല്‍, ഈ ലോകം അതിലൊരു മുകുന്ദന്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. എ. രാമചന്ദ്രന്റെ വരമൊഴികള്‍ക്കു കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, വികസനോത്മക പത്രപ്രവര്‍ത്തനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്. ഭാര്യ എസ്.ജയശ്രീ.