Wed. Jan 22nd, 2025
Third phase of local body election 2020
കണ്ണൂർ:

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്.

വോട്ടെടുപ്പ് തുടങ്ങി 4‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ ജില്ലകളും പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്.

കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്.

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ചില ബുത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്‌നങ്ങള്‍ കാരണം പോളിങ് അല്‍പം വൈകി.

മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പോളിംഗ് തുടങ്ങാൻ വൈകി. മെഷീൻ തകരാരാണ് കാരണം. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ് നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിം​ഗ് തുടങ്ങാന്‌‍ വൈകി.

കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി.

സ്പീക്കർ പി ശ്രീരാമകൃഷ്ണനും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോ​ഗിച്ചു. അപവാദ വ്യവസായങ്ങൾ അഭിരമിക്കുന്നവർ ആയിരിക്കില്ല ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തു വരും..

ഏത് തരം അന്വേഷണങ്ങൾക്കും തയ്യാറാണെന്ന് പറഞ്ഞു. അപവാദ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല.  ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.

എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇടതു ദൂര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പുളി രാമചന്ദ്രന്‍ വ്യക്തമാക്കി.

പന്തീരങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ പിതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയിയായിരുന്ന മുഹമ്മദ് ഷുഹൈബ് കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലാണ് മത്സരിക്കുന്നത്.

ഇനി വോട്ടർമാരുടെ സമയം. വോട്ടർമാർ വിവേകത്തോടെ പ്രതികരിക്കുമെന്ന് ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?v=poWuvqr0mb0

By Arya MR