Fri. Apr 19th, 2024
voters

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മലബാര്‍ മേഖല സജ്ജമായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. നാല് ജില്ലകളിലെ  10,834 ബൂത്തുകളിലായി 89,74,993 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.

ഇലക്ഷന്‍ സാമഗ്രികളെല്ലാം കൃത്യമായി പോളിംഗ് കേന്ദ്രങ്ങളിലെത്തിച്ചതായി ജില്ലാ ഭരണകൂടങ്ങള്‍ പ്രതികരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാവശ്യമായ സന്നാഹങ്ങളും  മതിയായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മൂന്നു ഘട്ടങ്ങളിലായി  തിരഞ്ഞെടുപ്പു നടത്തിയത്.

42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ് ജെന്‍ഡേഴ്സും വോട്ട് രേഖപ്പെടുത്തും. കന്നിവോട്ടര്‍മാര്‍ 71,906. പ്രവാസികള്‍ക്കു ഭൂരിപക്ഷമുള്ള ജില്ലകളില്‍ വോട്ടിംഗ് ശതമാനത്തിലും ഈ വര്‍ധനവ് കാണാം. 1,747 വിദേശ മലയാളികള്‍ നാളെ വോട്ട് ചെയ്യും.

മുന്നണികള്‍ ശക്തിപ്രകടനം കാഴ്ച വെച്ച മലബാര്‍ മേഖലയില്‍  പരമ്പരാഗത വോട്ടുകളില്‍ത്തന്നെയാണ് ഇത്തവണയും പ്രതീക്ഷയര്‍പ്പിക്കുന്നത്. യുവത്വത്തിന്‍റെ പ്രസരിപ്പും പാരമ്പര്യത്തിന്‍റെ അനുഭവവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമായപ്പോള്‍ അതിന്‍റെ പ്രതിഫലനം ഫലപ്രഖ്യാപനത്തിലും പ്രതിഫലിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

voter schedule
voter schedule
pic (C) election commission

കോഴിക്കോട് കോർപറേഷൻ ഭരണം നിലനിർത്താൻ ഇടതുമുന്നണിയും ജില്ല പഞ്ചായത്തിൽ അധികാരം പിടിക്കാൻ യു ഡി എഫും മത്സരിക്കുന്നു. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമായിരുന്ന എൽജെഡിയും കേരള കോണ്‍ഗ്രസ് എമ്മും ഒപ്പം ചേര്‍ന്നത് അവരുടെ ശക്തി വര്‍ധിപ്പിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. ജില്ലയില്‍ 25,29,000 വോട്ടര്‍മാരുണ്ട്. 5,985 സ്ഥാനാര്‍ത്ഥികളും. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റികള്‍, 12 ബ്ലോക്ക് പഞ്ചായത്ത്, 70 പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിര‍ഞ്ഞെടുപ്പ്  നടക്കുന്നത്.

എല്‍ജെഡി അടക്കം വിട്ടു പോയതോടെ എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ ഇവിടെ ആര്‍എംപിയെ കൂട്ടു പിടിക്കുകയെന്ന തന്ത്രമാണ് യുഡിഎഫ് മെനഞ്ഞത്. ഇടതുമുന്നണിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വടകര മേഖലയിൽ ഇക്കുറി ആർഎംപിയുമായി പരസ്യ സഖ്യത്തിൽ യുഡിഎഫ് നേതൃത്വം എത്തിയത്. ഒഞ്ചിയം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലെ അഴിയൂര്‍ ഡിവിഷനിലും വടകര നഗരസഭയിലേക്കും യുഡിഎഫ്-ആർഎംപി ജനകീയ മുന്നണി സ്ഥാനാർത്ഥികളെ നിര്‍ത്തുന്നു.

 മലപ്പുറത്ത്  മുസ്ലിം ലീഗിനെതിരേ സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പയറ്റിയ അടവ് അവര്‍ തിരിച്ചുപയോഗിക്കുന്നു. മുസ്ലിം വിഭാഗത്തിലെ അതൃപ്തരടക്കമുള്ള   കക്ഷികളുമായി ജനകീയ മുന്നണിയുണ്ടാക്കിയാണ് ഇടതുപക്ഷം  ലീഗ് കോട്ടയായ മലപ്പുറത്ത്  പലയിടത്തും ഭരണത്തിലേറിയത്.   ലീഗ് ഇതിനെ വിളിച്ചത് സാമ്പാര്‍ മുന്നണിയെന്നാണ്. എന്നാല്‍  പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും എട്ടു പഞ്ചായത്തുകളിലും ചില വാർഡുകളിലും ജനകീയ മുന്നണി വിജയിക്കുകയുണ്ടായി. പലയിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകിയാണ് ഇത്തവണയും എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

8387 സ്ഥാനാർത്ഥികളാണ് ജില്ലയിൽ ജനവിധി തേടുന്നത്. 16,29,149 പുരുഷൻമാരും 17,25,449 സ്ത്രീകളും 48 ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ ആകെ 33,54,646 വോട്ടർമാരാണ് ജില്ലയിലുള്ളത്. മുന്നണി സ്ഥാനാർത്ഥികളും, സ്വതന്ത്രരും, വിമതരും എല്ലാം ചേർന്ന് 8387 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 3,975 പോളിങ് സ്റ്റേഷനുകൾ ജില്ലയിൽ വോട്ടെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു.100 പ്രശ്‌നബാധിതബൂത്തുകളിൽ 56 ബൂത്തുകളിൽ വെബ്കാസ്റ്റിങും 44 ബൂത്തുകളിൽ വിഡിയോ കവറേജും ഉൾപ്പെടെ സമഗ്രമായ സജ്ജീകരണമാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

കണ്ണൂരില്‍ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള  തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റി ഭരണസമിതിക്ക്  2022 വരെ കാലാവധിയുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ മൂന്നു മേയർമാരായിരുന്നു കണ്ണൂർ കോർപ്പറേഷന്‌. ആദ്യ നാലുവർഷം ഭരിച്ച എൽഡിഎഫിനെ അട്ടിമറിച്ച യുഡിഎഫിന്‌ ഒരു വർഷത്തിനുള്ളിൽ രണ്ട്‌ മേയർമാരുണ്ടായി. കണ്ണൂർ നഗരസഭയോട്‌ സമീപ പഞ്ചായത്തുകളായ പള്ളിക്കുന്ന്‌, പുഴാതി, എടക്കാട്‌, എളയാവൂർ, ചേലോറ എന്നിവ ചേർത്ത്‌ 2015ലാണ്‌ കോർപ്പറേഷൻ രൂപീകരിച്ചത്‌.

ജില്ലയില്‍ ആകെ 20,00,922 വോട്ടര്‍മാരാണ് ഉള്ളത്. 9,31,400 പുരുഷന്‍മാരും 10,69,518 സ്ത്രീകളും നാല് ട്രാൻസ്ജൻഡറുമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലെ 1682 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എൽഡിഎഫിൽ സിപിഐ എം 42 സീറ്റിലും സിപിഐ ആറിലും ഐഎൻഎൽ മൂന്നിലും ജനതാദൾ–എസ്, കോൺഗ്രസ്‌ –എസ്‌, എൽജെഡി, കേരള കോൺഗ്രസ്‌ – എം എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. യുഡിഎഫില്‍  കോൺഗ്രസ്‌ 36 സീറ്റിലും മുസ്ലിംലീഗ്‌ 18ലും സിഎംപി ഒന്നിലും മത്സരിക്കുന്നു.

96 റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളില്‍ കമാന്റോകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ തണ്ടർബോൾട്ടിന്റെ സുരക്ഷയുമുണ്ടാകും.

യുഡിഎഫിനും മുസ്ലിം ലീഗിനും ഏറെ വേരോട്ടമുള്ള കാസര്‍ഗോഡ് നഗരസഭയിൽ എൽഡിഎഫിനാണ് മുൻതൂക്കം. ആകെയുള്ള മൂന്ന് നഗരസഭകളിൽ രണ്ടിടത്തും എൽഡിഎഫിനാണ് ഭരണം. ബ്ലോക്ക് പഞ്ചായത്തിൽ നാലിടത്ത് എൽഡിഫും 2 ഇടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്. 38 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് 19 ഇടത്ത് ഭരണമുണ്ട്. എൽഡിഎഫ് 16 ഇടത്തും കോൺഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ്-1 പഞ്ചായത്തിലും ഭരിക്കുന്നു.

ജില്ലയിലാകെ ഉള്ളത് 10,46,226 വോട്ടര്‍മാര്‍.  പുരുഷന്മാര്‍- 501876, സത്രീകള്‍- 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 9,17,663 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയുള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 4,42,113 പുരുഷന്മാരും 4,75,545 സ്ത്രീകളും അഞ്ച് ട്രാന്‍സ്‌ജെന്‍ഡേര്‍സുമാണുള്ളത്. 70 പ്രവാസി വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.