മുംബൈ:
വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി മുംബൈയിൽ അറസ്റ്റിൽ. റിപ്പബ്ലിക്ക് ടിവി വിതരണ വിഭാഗം മേധാവി അടക്കം ഈ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് വികാസ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന വികാസിന്‍റെ ഹർജ്ജി നാളെ കേള്‍ക്കാനിരിക്കെയാണ് അറസ്റ്റ് നടക്കുന്നത്.
ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ ആറിന് മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍.
വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഫോറന്‍സിക് ഓഡിറ്റര്‍മാരും ബാര്‍ക് അംഗങ്ങളുമടക്കം 140ഓളം സാക്ഷികളുടെ പേരാണ് എഫ്ഐആറിലുള്ളത്.
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍.
റിപ്പബ്ലിക് ടിവി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് പൊലീസ് കേസെടുത്തത്.
ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസും പാര്‍ലെയും പ്രഖ്യാപിച്ചിരുന്നു.
https://www.youtube.com/watch?v=vB52GCg3nis