Fri. Mar 29th, 2024
Anti CAA protest file picture. C: Pratidin Time

ഗുവാഹത്തി: കര്‍ഷക സമരം നേരിടാന്‍ കഴിയാതെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിന്‌ പുതിയ വെല്ലുവിളിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരവും തിരിച്ചുവരുന്നു. അസമില്‍ സിഎഎക്കെതിരെ സമരം ചെയ്‌ത വിവിധ സംഘടനകളാണ്‌ സമര പ്രഖ്യാപനവുമായി തിരിച്ചെത്തിയിരിക്കുന്നത്‌.

18 സംഘടനകളുടെ സംയുക്ത വേദിയായ കൃഷക്‌ മുക്തി സംഗ്രാം സമിതിയുടെ നേതൃത്വത്തിലാണ്‌ സിഎഎ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം പുനരാരംഭിച്ചത്‌. ശിവസാഗറില്‍ നടന്ന റാലിയില്‍ സമരം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ആള്‍ അസം സ്റ്റുഡന്റ്‌സ്‌ യൂണിയനും (ആസു) സമരം വീണ്ടും തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പൗരത്വ നിയമ ഭേഗതിക്കെതിരെ സമരം പുനരാരംഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്‌മയായ സിഎഎ വിരുദ്ധ വേദിയും തീരുമാനിച്ചു. അടുത്ത വര്‍ഷം നടക്കുന്ന അസം നിയമസഭ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സിഎഎ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ അവരുടെ ലക്ഷ്യം.

സിഎഎ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 12ന്‌ സിഎഎ വിരുദ്ധ ഏകോപന സമിതിയുടെ (സിസിഎസിഎസി) നേതൃത്വത്തില്‍ പ്രതിജ്ഞാ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. “ഭരണഘടന വിരുദ്ധ നിയമമായ സിഎഎക്കെതിരായ സമരം പുനരാരംഭിക്കാന്‍ മാത്രമല്ല നിയമത്തെ എതിര്‍ക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്‌,” സിസിഎസിഎസി ചീഫ്‌ കോ ഓഡിനേറ്റര്‍ ദേബന്‍ തമുലി പറഞ്ഞു.

പാകിസ്‌താന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ 2014ന്‌ മുമ്പ്‌ ഇന്ത്യയിലെത്തിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക്‌ പൗരത്വം നല്‍കുന്നതിനെതിരെയാണ്‌ അസമില്‍ നടക്കുന്ന സിഎഎ വിരുദ്ധ സമരങ്ങള്‍. അസമിന്റെ സത്വത്തെ തകര്‍ക്കുന്നതാണ്‌ പൗരത്വം നല്‍കലെന്നാണ്‌ അവരുടെ വാദം.

2019ല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ നടന്ന സമരങ്ങളില്‍ ആറ്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ ത്യാഗത്തെ അനുസ്‌മരിച്ചുകൊണ്ടാണ്‌ സംസ്ഥാനത്ത്‌ പ്രതിജ്ഞാ ദിനാചരണം നടക്കുന്നത്‌. സമരം പുനരാരംഭിക്കാനുള്ള വിവിധ സംഘടനകളുടെ നീക്കം സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനും ശക്തമായ വെല്ലുവിളിയായി മാറും. അസമില്‍ നിന്ന് സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് അത് നേരിടുക എളുപ്പമാകില്ല.