യുകെയ്ക്കും ബഹ്‌റൈനും പിന്നാലെ ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി കാനഡയും. ഫൈസർ – ബയോൺടെക്ക് കമ്പനികൾ പുറത്തിറക്കിയ കൊവിഡ് വാക്‌സിന് അംഗീകാരം നൽകുന്ന മൂന്നാമത്തെ രാജ്യമായി ഇതോടെ കാനഡ.
കഴിഞ്ഞ ദിവസമാണ് യുകെയിൽ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. തൊണ്ണൂറുകാരിയായ മാര്‍ഗരറ്റ് കീനാന്‍ എന്ന മുത്തശ്ശിയാണ് യുകെയിൽ ആദ്യമായി ഫൈസർ വാക്‌സിന്‍ സ്വീകരിച്ചത്. ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിനാണ് ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഫൈസർ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ യുകെ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. വാക്‌സിൻ അലർജി പ്രശ്‌നങ്ങൾ ഉള്ളവർ സ്വീകരിക്കരുതെന്നാണ് ബ്രിട്ടൻ ഇപ്പോൾ വ്യക്തമാക്കുന്നത്.
വാക്‌സിൻ പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ മരുന്ന് സ്വീകരിച്ച രണ്ട് പേരിൽ ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി വ്യക്തമാക്കുന്നത്. അസ്വസ്ഥതകൾ പ്രകടമാക്കിയവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ പറഞ്ഞു.
അലർജിയുള്ളവരിൽ വാക്‌സിൻ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയുടെ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്ന് ഫൈസർ അറിയിച്ചു.
അതേസമയം, ഉപയോഗാനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ ഇന്ത്യയിലെ വിദഗ്ധ സമിതി ഇന്നലെയും പരിഗണിച്ചിരുന്നില്ല. വാക്സിന്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് എത്താന്‍ കഴിയാത്തതിനാലാണ് ഫൈസറിന്‍റെ അപേക്ഷ പരിഗണിക്കാതിരുന്നതെന്നാണ് വിവരം.
അതേസമയം, അതിനു പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതൽ വിവരങ്ങൾ സമർപ്പിക്കാനാണ് പറഞ്ഞത്. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് തേടിയ കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനികള്‍ക്ക് മറുപടി നല്‍കാനായില്ല.
https://www.youtube.com/watch?v=_0IcKuyGcw4