Wed. Jan 22nd, 2025

തിരുവനന്തപുരം:

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണിമുതല്‍ തുടങ്ങി.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അഞ്ചുജില്ലകളിലേക്കായി 96 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടാംഘട്ട പോളിങ് നടക്കുന്ന മധ്യകേരളത്തിലെ ഉള്‍പെടെ അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. കൊവിഡ് കണക്കിലെടുത്ത് കലാശക്കൊട്ടിന് നിയന്ത്രണമുണ്ടായിരുന്നു. അഞ്ചുജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി പ്രചാരണം കൊഴുപ്പിച്ചു. ചിലയിടങ്ങളില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ആളുകള്‍ കൂട്ടം ചേരുകയും ചെറു പ്രകടനങ്ങള്‍ നടക്കുകയും ചെയ്തു.

https://www.youtube.com/watch?v=G15F1DPPJAg

കോട്ടയം

ഏതാണ്ട് പതിനാറ് ലക്ഷത്തി പതിമൂവായിരം വോട്ടര്‍മാരാണ് കോട്ടയത്തുള്ളത്. 1,141 പഞ്ചായത്ത് വാര്‍ഡുകളും, 22 ജില്ലാപഞ്ചായത്ത് ഡിവിഷനുകളും, 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 146 ഡിവിഷനുകളും , 6 നഗരസഭകളിലെ 204 ഡിവിഷനുകളിലേക്കുമാണ് തിര‍ഞ്ഞെടുപ്പ് നടക്കുന്നത്.

കോട്ടയം യുഡിഎഫിന്‍റെ പരമ്പരാഗത കോട്ടയാണ്. അത് നിലനിര്‍ത്തുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. കോട്ടയത്ത് ഇക്കുറി കേരളാ കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്.

ജില്ലാപഞ്ചായത്തിലേക്ക് അഞ്ചിടത്താണ് കേരള കോണ്‍ഗ്രസ്  ജോസ് -ജോസഫ് വിഭാഗങ്ങള്‍ മത്സരിക്കുന്നത്. ഇവിടെയെല്ലാം വാശിയേറിയ പ്രചാരണമാണ് നടന്നത്. വോട്ടര്‍മാരെ ഒന്നുകൂടി കണ്ട് വോട്ടറുപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

പാലാ നഗരസഭയിലെ ഭരണം പിടിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഇരുവിഭാഗങ്ങളും. പാലാ നഗരസഭയില്‍ 26 വാര്‍ഡുകളാണുള്ളത്. ഈ വാര്‍ഡുകളിലെല്ലാം ശക്തമായ മത്സരം നടക്കുന്നു.

കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിര്‍ത്താന്‍ കടുത്ത പ്രചാരണം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിജെ ജോസഫ് തുടങ്ങിയവര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു.ജോസ് കെ മാണി യുഡിഎഫ് വിട്ടത് വഞ്ചനാപരമാണെന്ന് പ്രചാരണയോഗങ്ങളില്‍ ആവര്‍ത്തിച്ച് നേതാക്കള്‍ പറഞ്ഞത്.

എറണാകുളം

എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കുന്ന ഒരു കേന്ദ്രം കൊച്ചി കോര്‍പ്പറേഷനാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങളാണ് യുഡിഎഫ് തുടര്‍ഭരണത്തിനായി പ്രചാരണം നടത്തിയത്.

എല്‍ഡിഎഫ് യുവ സ്ഥാനാര്‍ത്ഥികളെ മുന്‍ നിര്‍ത്തി യുവത്വം കോര്‍പ്പറേഷനെ നയിക്കും എന്ന മുദ്രാവാക്യവുമായാണ് രംഗത്തെത്തിയത്.വെള്ളക്കെട്ടും, പാലാരിവട്ടം പാലം അഴമതിയും ഒക്കെയാണ് ഇടതുമുന്നണി ഉയര്‍ത്തികാട്ടിയത്.

തൃശൂര്‍

ഇതുപത്താറ് ലക്ഷത്തി തൊണ്ണൂറ്റി ഒരായിരം വോട്ടര്‍മാരാണ് നാളെ ജില്ലയില്‍ പോളിംഗ് ബൂത്തിലെത്തുക. തൃശൂര്‍ കോര്‍പ്പറേഷനിലാണ ്കടുത്ത പോരാട്ടം നടക്കുക. ഭരണം നിലനിര്‍ത്താനാണ് സിപിഎമ്മിന്‍റെ ശ്രമം. മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.

പാലക്കാട്

പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാപഞ്ചായത്തിലും  ഇടുമുന്നേറ്റമായിരുന്നു കഴിഞ്ഞ തവണ.

നഗരസഭകളില്‍ മാത്രമായിരുന്നു യുഡിഎഫിന് മേല്‍ക്കെെ ഉണ്ടായിരുന്നത്. പാലക്കാട് നഗരസഭ ബിജെപിയും നേടി. പാലക്കാട്ട് മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.

വയനാട്

ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാര്‍ഡുകളിലേക്കും 3 നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും 4 ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി നാനൂറ്റി അമ്പത്തി അഞ്ച് (6,25,455) വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ആകെ 582 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. മത്സര രംഗത്തുള്ളത് 1857 സ്ഥാനാര്‍ത്ഥികളാണ്

ജില്ലയിലെ 152 പ്രശ്‌നബാധിത ബൂത്തുകളില്‍ 69 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളിലും പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രിയത്തിലെ വിഷയങ്ങളെക്കാള്‍ പ്രാദേശിക വിഷയങ്ങളാണ് വയനാട്ടില്‍ പ്രചാരണ രംഗത്തുണ്ടായ ചര്‍ച്ച വിഷയം. മെഡിക്കല്‍ കേളേജ്, റെയില്‍വേ തുടങ്ങിയ വിഷയങ്ങള്‍ തന്നെയാണ് പ്രചാരണ വിഷയമായി വന്നത്. വളരെ ശാന്തമായ രീതിയിലുള്ള പ്രചാരണമാണ് ജില്ലയില്‍ നടന്നത്.

 

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam