ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടാകുമോ?സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ ഈ ഡയലോഗുകളും രംഗങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പക്ഷേ ഇത്തവണ പണ്ഡിറ്റിന് വേണ്ടയല്ല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വേണ്ടിയാണ് എന്ന വ്യത്യാസമേയുള്ളൂ.
കാരണം പണ്ഡിറ്റ് സിനിമകളിലെ ഡയലോഗിനെ വെല്ലുന്ന ഡയലോഗാണല്ലോ കേന്ദ്ര മന്ത്രി കഴിഞ്ഞദിവസം നടത്തിയത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു ഒരു വിറ്റ് ഡയലോഗ് അദ്ദേഹത്തിന്റെ വായിൽ നിന്ന് വന്നത്.
ബയോടെക്നോളജി മേഖലയിലെ ഏതെങ്കിലും ശാസ്ത്രഞ്ജന്റെ പേരിടുന്നതിന് പകരം ബയോടെക്നോളജി ക്യാമ്പസിന് ഗോൾവാക്കറുടെ പേരിട്ട ബിജെപി നടപടിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കത്തി നിൽക്കുമ്പോഴായിരുന്നു വി മുരളീധരന്റെ പ്രസ്താവന കൂടി വരുന്നത്.
അതിപ്പോൾ, ജവഹർലാൽ നെഹ്‌റു കായികതാരമായിട്ടല്ലല്ലോ വള്ളം കളിക്ക് അദ്ദേഹത്തിന്റെ പേര് കൊടുത്തതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. പിന്നീട് ട്രോളുകളുടെ പൊങ്കാല തന്നെയായിരിക്കുമെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.
ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടാകുമോ എന്ന പണ്ഡിറ്റ് ഡയലോഗിനോടാണ് കൂടുതൽ ട്രോളന്മാരും കേന്ദ്രമന്ത്രിയുടെ പരാമർശം താരതമ്യപ്പെടുത്തുന്നത്.
1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയതായിരുന്നു ചുണ്ടൻവള്ളംകളി മത്സരം. പുന്നമടക്കായയിൽ നടന്ന വള്ളംകളിൽ ആവേശംകൊണ്ട നെഹ്‌റു എല്ലാ സുരക്ഷാ ക്രമീകരണങ്ങളും മറികടന്ന് ഒന്നാമത് എത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്രുവിന്റെ ആഹ്ലാദപ്രകടനത്തിൽ ആവേശംപൂണ്ട വള്ളംകളിക്കാർ അദ്ദേഹത്തെ കൊച്ചി വരെ ചുണ്ടൻ വള്ളത്തിൽ കൊണ്ടുചെന്ന് വിടുകയും ചെയ്തു. തിരികെ ഡൽഹിയിലെത്തിയ നെഹ്‌റു സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക കേരളത്തിലേക്ക് അയച്ചു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. പക്ഷെ ഈ ചരിത്രം അറിയാതെ വിഡ്ഢിത്തം പറഞ്ഞാൽ പിന്നെ മന്ത്രിയെ വെറുതെ വിടുമോ.
“നിങ്ങള്‍ക്ക് ഇന്ത്യന്‍ ഹിസ്റ്ററി? ഇല്ലസര്‍ ഞങ്ങള്‍ സംഘികള്‍ക്ക് ഇന്ത്യന്‍ ഹിസ്റ്ററി എന്നല്ല ഒരു ഹിസ്റ്ററിയെയും കുറിച്ച് അറിവില്ല സര്‍’. അപ്പോള്‍ അടല്‍ തുരങ്കം എന്ന് പേരുകൊടുത്തത് അടല്‍ ബിഹാരി വാജ്‌പേയി ഒരു തുരപ്പനായതുകൊണ്ടാണോ? “ ഇത്തരത്തിൽ നിരവധി ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.