അമരാവതി:
ആന്ധ്ര പ്രദേശിലെ എലൂരുവില്‍ അജ്ഞാത രോഗം ബാധിച്ച് ഒരാൾ മരിക്കുകയും 292 ആളുകൾ ആശുപത്രിയിൽ ആകുകയും ചെയ്ത സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. സംഭവത്തില്‍ മെഡിക്കല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്.
ഞായറാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പ്രദേശവാസികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. കുടിവെള്ളത്തില്‍ നിന്നുണ്ടായ അണുബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മലിനജലമല്ല പ്രശ്‌നമായിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിജയവാഡ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ നാല്‍പത്തിയഞ്ചുകാരനായ ഒരാള്‍ വൈകീട്ടോടെ മരിക്കുകയായിരുന്നു. തുടര്‍ന്നാണ് സാഹചര്യം ഗുരുതരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 140 പേര്‍ വീട്ടിലേക്ക് മടങ്ങിയെന്നാണ് സൂചന. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
പ്രത്യേക വൈദ്യസംഘത്തെ സ്ഥലത്തെത്തിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണിപ്പോള്‍. അപസ്മാരം പോലെയാണ് ചിലരില്‍ ലക്ഷണമുണ്ടായതെന്നും ചിലര്‍ നേരിട്ട് അബോധാവസ്ഥയിലാവുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ചിലരില്‍ ഛര്‍ദ്ദിയുമുണ്ടായിരുന്നു.
എന്നാല്‍ കുടിവെള്ളമല്ല പ്രശ്‌നമായതെന്ന് വ്യക്തമായതോടെ സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്തിട്ടുള്ള പാലിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍’, ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി’ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സംഘമാണ് എലൂരുവിലെത്തിയിരിക്കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സര്‍വേ നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=0-GjaSn-5u4