Mon. Dec 23rd, 2024
17 dead in heavy rainfall in TamilNadu- Burevi
ചെന്നൈ:

ബുറെവി ചുഴലിക്കാറ്റ് തെക്കൻ തമിഴ്‌നാട്ടിൽ കരയിൽ കടക്കുന്നതിനുമുമ്പുതന്നെ ദുർബലമായതോടെ കേരളത്തിന്റെ ആശങ്കയൊഴിഞ്ഞു. എങ്കിലും തമിഴ്‌നാട്ടിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഇതുവരെ 17 പേരാണ് മഴക്കെടുതിയിൽ തമിഴ്‌നാട്ടിൽ മരിച്ചത്. കാഞ്ചീപുരത്ത് നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. കടലൂരിൽ വീട് തകർന്ന് എട്ട് വയസുകാരിയും അമ്മയും  മരിച്ചു. റോഡിലൂടെ നടക്കുന്നതിനിടയിൽ ഒരാൾ വെള്ളത്തിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടയിൽ രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു. 

പുതുക്കോട്ടെയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരിൽ 40 വയസ്സുള്ള  സ്ത്രീയും മരിച്ചു. കടലൂരിൽ മരം വീണ് യുവതി മരിച്ചു.

കാവേരി നദി തീരങ്ങളിലെ ജില്ലകളിലാണ് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. കടലൂർ, തഞ്ചാവൂർ, നാഗപട്ടണം, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലാണ് അതിതീവ്രമായ സാഹചര്യമുള്ളത്. ചെന്നൈയിൽ മഴ അത്ര തീവ്രമല്ല.

കേരളത്തിലേക്ക് അടക്കം കാർഷിക ഉത്പന്നങ്ങൾ വരുന്ന തമിഴ്‍നാട്ടിലെ തഞ്ചാവൂർ അടക്കമുള്ള ജില്ലകളിൽ ഒരു ലക്ഷം ഏക്കറോളം കൃഷി പൂർണമായും നശിച്ചു. ആയിരത്തോളം വീടുകളാണ് ഇവിടെ നശിച്ചത്. കടലൂരിൽ മാത്രം അമ്പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി.

ബുറെവി ചുഴലിക്കാറ്റായി വന്ന് തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി മന്നാർ കടലിടുക്കിൽ തന്നെ തുടരുകയാണ്. രാമനാഥപുരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ മാത്രമാണ് ഈ അതിതീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നത്.  

ഇനിയൊരു 12 മണിക്കൂറിൽ അത് വീണ്ടും തീവ്രത കുറഞ്ഞ് ന്യൂനമർദ്ദം ആകുമെന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നുണ്ടെങ്കിലും ആ സമയമത്രയും കാവേരി തീരത്തുള്ള ജില്ലകളിൽ കനത്ത മഴ തുടരും.

കേരളത്തിലേക്ക് എത്തുമ്പോൾ തെക്കൻ ജില്ലകളിൽ നല്ല മഴയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇത് ബുറെവിയുടെ ആഘാതമല്ല തുലാവർഷ മഴയാണ് എന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.

ബുറെവിയുടെ സ്വാധീനം കേരളത്തിൽ ഉണ്ടാകില്ല എന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. എന്നാൽ ഈ തുലാവർഷ മഴ കേരളത്തിൽ ഒരാഴ്ച കൂടി ശക്തമായി തുടരും. 

എന്നാലും ജാഗ്രത നിർദ്ദേശം പൂർണമായും പിൻവലിച്ചിട്ടില്ല. തീരദേശ മേഖലകളിൽ 30 – 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് മലയോര മേഖലകളിലേക്കും കടൽ തീര മേഖലകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. മത്സ്യബന്ധനത്തിനും വിലക്ക് തുടരും.  

പതിനയ്യായിരത്തോളം ആളുകൾ ക്യാമ്പുകളിലേക്ക് ഇതിനോടകം മാറിയിട്ടുണ്ട്. ജാഗ്രത നിർദ്ദേശത്തിൽ ഇളവുകൾ വന്നതിനു ശേഷമേ ഇവരെ വീടുകളിലേക്ക് മടക്കി അയക്കുകയുള്ളു.

ശനിയാഴ്ച ഇടുക്കിയിലും മലപ്പുറത്തും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ ജാഗ്രതയും. 

https://www.youtube.com/watch?v=J-sUXxPUtrs

 

By Arya MR