Fri. Nov 22nd, 2024
Kanyakumari Coast

തിരുവനന്തപുരം:

ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തൂത്തുകൂടിക്കും രാമനാഥപുരത്തിനും ഇടയിൽ അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്‌നാട് തീരത്ത് കര തൊടാനാണ് സാധ്യത. ബുറെവി ചുഴലിക്കാറ്റ് മന്നാർ ഉൾക്കടലില്‍ തന്നെ സ്ഥിതി ചെയ്യുകയാണ്.

കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയായിരിക്കും. തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ബുറേവി ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായിരുന്നു.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമായാണ്  ബുറെവി കേരളത്തിലേക്ക് പ്രവേശിക്കുക.തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തും. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം

കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലേമീറ്റര്‍ വരെയായിരുക്കും വേഗത. എന്നാല്‍, ചിലയിടങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

https://www.youtube.com/watch?v=XgkEqWvT1yE

കേരളത്തില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രതാ നിര്‍ദേശത്തിലെ മാറ്റം.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കുള്ള പൊതുഅവധിയില്‍ മാറ്റമില്ല. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.

തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടും. ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതലായാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്.

കേരള, എം ജി. ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ പിഎസ്‍സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് നിരോധനമുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ബുറെവി ചുഴലിക്കാറ്റ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  സർക്കാർ സജ്ജമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. നാളെ പുലർച്ചെ വരെ നിർണായകം. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam