ഡൽഹി:
ഉത്തർപ്രദേശിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ വീതി കൂട്ടാനുള്ള യുപി സർക്കാർ നീക്കത്തെ തടഞ്ഞ് സുപ്രീം കോടതി. 3000ത്തോളം മരങ്ങള്‍ മുറിച്ചുകൊണ്ട് റോഡിന്റെ വീതി കൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
ഭഗവാന്‍ കൃഷ്ണന്റെ പേരില്‍ നിങ്ങള്‍ക്ക് ഇത്രയും മരങ്ങള്‍ മുറിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ യുപി സര്‍ക്കാറിനോട് പറഞ്ഞു. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെട്ടിരിക്കുന്നത്.
മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടാന്‍ 2940 മരങ്ങള്‍ മുറിക്കാനാണ് യുപി സര്‍ക്കാര്‍ അനുമതി തേടിയത്. 134.41 കോടി നഷ്ടപരിഹാരം നല്‍കാമെന്നും, മുറിക്കുന്ന മരങ്ങളുടെ ഇരട്ടി മരങ്ങൾ നടാമെന്നും യുപി സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, 100 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങള്‍ക്ക് പകരം വെക്കാനാകില്ല ഇതൊന്നുമെന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. മരങ്ങളുടെ മൂല്യം ലളിതമായി കണക്കാക്കാനാകില്ലെന്നും അവ ഓക്‌സിജന്‍ നല്‍കുന്നവയാണെന്നും കോടതി പറഞ്ഞു.
മരങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നുവെന്ന യുപി സർക്കാർ വാദവും കോടതി അംഗീകരിച്ചില്ല. വേഗത കുറയുന്നത് അപകടമൊഴിവാക്കാന്‍ നല്ലതാണെന്നും യാത്ര കൂടുതല്‍ സുരക്ഷിതമാകുമെന്നും കോടതി പറഞ്ഞു.