Mon. Dec 23rd, 2024

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.

ഫൈസര്‍-ബയേൺടെക്കിന്റെ കോവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാരും അറിയിച്ചു.

വാക്‌സിന്‍ യുകെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു.

പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാകും.

ഒരു കോടിയോളം വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ ലഭ്യമാകും. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകള്‍ യുകെയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

50 ഓളം ആശുപത്രികളും കോണ്‍ഫറന്‍സ് ഹാളുകളുമാണ് വാക്‌സിന്‍ വിതരണത്തിനായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് യു.കെ.ഹെല്‍ത്ത് സര്‍വീസ് ചീഫ് എക്‌സിക്യുട്ടീവ് പറഞ്ഞു.

പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചാലും ആളുകള്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു.

അമേരിക്കൻ ഫാർമസ്യൂട്ടികൽ ഭീമനായ ഫൈസറും ജർമൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് പത്ത് മാസം കൊണ്ടാണ് വാക്‌സിൻ വികസിപ്പിച്ചത്. വ്യത്യസ്ത പ്രായപരിധിയിൽ നിന്നുള്ള വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ ഈ വാക്‌സിൻ പരീക്ഷിച്ച് വജയിച്ചുവെന്നും ആരിലും പാർശ്വഫലങ്ങളൊന്നും കണ്ടില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.

എന്നാൽ, ഫൈസർ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ പരിമിതിയുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ പറഞ്ഞിരുന്നു . -70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുള്ളതിനാലാണ് ഇന്ത്യയില്‍ ഇതിന്റെ വിതരണം പ്രായോഗികമാവില്ലെന്ന് പറയാന്‍ കാരണം.

ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇതൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ഈ താപനിലയില്‍ വാക്‌സിന്‍ സൂക്ഷക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

സാധാരണ ശീതികരണ സംവിധാനമുപയോഗിച്ച് അഞ്ച് ദിവസത്തേക്ക് മാത്രമേ ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സൂക്ഷിക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=jg-3-Byh1JU

By Arya MR