Sat. Jan 18th, 2025
Smart Kochi App
കൊച്ചി:

സ്മാർട്ട് കൊച്ചി’ എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രവർത്തനം ആരംഭിച്ചു. നഗരപരിധിയിലെ സ്ഥാപനങ്ങൾ കണ്ടെത്തുകയും ഓരോ സ്ഥാപനത്തിൽനിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങൾ ലഭ്യമാകുകയാണ് ഈ ആപ്പും പോർട്ടലും വഴി ചെയ്യുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷൻ എല്ലാ ഗൂഗിൾ പ്ലേസ്റ്റോറിലും ലഭിക്കും. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത.

ഈ സംവിധാനം വഴി നഗരവാസികൾക്ക് പരാതി രജിസ്റ്റർ ചെയ്യാം.മൊബൈൽ ആപ്ലിക്കേഷനിലൂടെയോ വെബ് പോർട്ടലിലൂടെയോ ഒരു പരാതി ഉന്നയിച്ചു കഴിഞ്ഞാൽ, ഐ.സി. 4 സിസ്റ്റത്തിലൂടെ പരാതികൾ ബന്ധപ്പെട്ട വകുപ്പിന്‌ പരിഹാരത്തിനുള്ള നിർദിഷ്ട സമയം ഉൾപ്പെടെ കൈമാറും. അത് പരിഹരിച്ചില്ലെങ്കിൽ പരാതി സ്വയമേവ ഉന്നത ഉദ്യോഗസ്ഥരിലേക്കു പോകും.

കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന പദ്ധതിയിലൂടെ ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആദ്യഘട്ടത്തിൽ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി, കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ്, പി.ഡബ്ല്യു.ഡി. റോഡുകൾ എന്നിവ നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ.

റോഡിലെ കുഴി, മാലിന്യ നിർമാർജനം, ഡ്രെയ്‌നേജ് പ്രശ്നങ്ങൾ, ജലവിതരണത്തിൽ ഉണ്ടാകുന്ന പൈപ്പ് ചോർച്ച, വെള്ളക്കെട്ട്/സ്തംഭനാവസ്ഥ, തെരുവു വിളക്കുകൾ, തെരുവുനായ്ക്കളുടെ ഭീഷണി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ പൗരന്മാർക്ക് അറിയിക്കാനും പരിഹാരം കാണാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കൂടുതൽ സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി വരികയാണ്.

വെബ് ആപ്ലിക്കേഷനിൽ ആളുകൾക്ക് വാർഡ് തിരിച്ചുള്ള വിശദാംശങ്ങളും അതിരുകളും, അടുത്തുള്ള പോലീസ് സ്റ്റേഷനുകൾ, അടുത്തുള്ള അക്ഷയ സെന്ററുകൾ, ആശുപത്രികൾ, ആംബുലൻസുകൾ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ എളുപ്പത്തിൽ കണ്ടെത്താനാകും. ആശുപത്രികൾ, ബ്ലഡ് ബാങ്കുകൾ, സ്കൂളുകൾ, തൊഴിൽ സേവന കേന്ദ്രങ്ങൾ മുതലായ പ്രധാന ഉപയോഗപ്രദമായ പൊതു സേവനങ്ങളുടെ പട്ടികയും കോൺടാക്ട്‌ നമ്പറുകളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്.