കൊച്ചി:
”വോട്ട് വേണോ, എങ്കിൽ ഞങ്ങൾക്ക് കളിക്കാൻ കളിസ്ഥലം വേണം”. ഈ വാക്കുകൾ നിസാരവൽക്കരിക്കണ്ട, രണ്ടു വാർഡുകളിൽ ആര് ജയിക്കണമെന്നുള്ള ഫൈനൽ തീരുമാനം ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ആണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽകോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കൾ കളിസ്ഥലത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
ഞങ്ങൾക്ക് രാഷ്ടീയമില്ല, ആര് ഞങ്ങൾക്ക് കളിക്കാൻ സ്ഥലം ഒരുക്കി തരുന്നുവോ, ഞങ്ങൾ അവരുടെ കൂടെ നിൽക്കും. ഇതാണ് കവലകളിൽ അവർ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡിലൂടെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നൽകിയിട്ടുള്ള മുന്നറിയിപ്പ്. വോട്ടുള്ള എല്ലാ കായികതാരങ്ങളുടെയും പേരും ഫ്ലക്സിലുണ്ട്. കൂടാതെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന വോട്ടർമാരല്ലാത്ത വരുംതലമുറയിൽപ്പെട്ടവരുടെയും പേരുകളും ഫ്ലെക്സിലുണ്ട് .
ചേന്ദമംഗലം പഞ്ചായത്തിൽ ആകെയുള്ള കളിസ്ഥലം പാലിയം സ്കൂൾ ഗ്രൗണ്ടാണ്. പഞ്ചായത്തിലെ എല്ലാവർക്കും അവിടെ കളിക്കാനാവില്ല. അതിനാൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളെയാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത്. കളിസ്ഥലം ഒരുക്കി എല്ലാം ശരിയായിവരുമ്പോൾ ആരെങ്കിലും അവിടെ കൃഷിക്കായി വരും. അതോടെ അടുത്ത സ്ഥലം തേടിപ്പോകേണ്ടിവരും. ഓരോവർഷവും ഒന്നും രണ്ടും സ്ഥലങ്ങൾ മാറേണ്ട സ്ഥിതിയാണിപ്പോൾ.
ചുരുങ്ങിയത് ഇരുപത് സെൻറ് സ്ഥലമാണ് ഇവരുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിലകൊടുത്ത് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ പാട്ടത്തിനെടുത്ത് നൽകിയാൽ മതിയെന്നുമാണ് യുവാക്കളുടെ ആവിശ്യം. പുതിയ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ പോകാനുള്ള ഏകമാർഗം ചെറുപ്പം മുതൽ കായിക രംഗത്തേക്ക് കൊണ്ടുവരികയെന്നതാണ്. ഓരോ നാട്ടിൻപുറങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടാകണം. യുവാക്കൾക്ക് കായികതാരങ്ങളുടെയും കുടുംബത്തിൻറെയും പിന്തുണയുണ്ട്.