Mon. Dec 23rd, 2024
Burevi Cyclone

തിരുവനന്തപുരം:

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ബുറെവി ചുഴലിക്കാറ്റായി ഇന്ന് വെെകിട്ടോടുകൂടി ശ്രീലങ്കൻ തീരംതൊടും. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശമാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബുറെവി ചുഴലിക്കാറ്റ് നിലവിൽ കന്യാകുമാരിയിൽ നിന്നും 740 കിലോമീറ്റർ അകലെയാണിപ്പോള്‍.

നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തിൽ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തിൽ പ്രവേശിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. പക്ഷേ ചുഴലിക്കാറ്റ് കേരള തീരം തൊടുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. തിരുവനന്തപുരം ജില്ലയില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 4ന് രാവിലെ ബുറെവി ജില്ലയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്.

https://www.youtube.com/watch?v=I6jQqfW3PWA

ശ്രീലങ്കന്‍ തീരത്ത് കാറ്റിന്‍റെ പരമാവധി വേഗം 75 മുതല്‍ 85 കിലോമീറ്റര്‍ വരെയാണ്. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് നിലവിലുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടൽത്തീരത്ത് സഞ്ചാരികൾക്കും കർശന വിലക്ക് ഏർപ്പെടുത്തി.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ജില്ലയിലെ എല്ലാ ദുരന്ത നിവാരണ വിഭാഗങ്ങളും പൂർണ പ്രവർത്തന സജ്ജമായി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര, നാവിക, വ്യോമ സേനകളുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടർ നവ്ജ്യോത് ഖോസ പറഞ്ഞു.

അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ റവന്യു – തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കേണ്ട സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദമായ പട്ടിക തയാറാക്കി.

അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ കൊവിഡ് ചട്ടം പാലിക്കണമെന്നും സംശയങ്ങൾ ഉണ്ടായാൽ 1077 നമ്പറിൽ വിളിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

 

By Binsha Das

Digital Journalist at Woke Malayalam