Wed. Jan 22nd, 2025

 

ഡൽഹി:

കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാർച്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയർന്നതിനാലാണ് തീരുമാനം. 3 മണിക്കാണ് ചർച്ചക്കായി കർഷക സംഘടന നേതാക്കളെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ക്ഷണിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

അതേസമയം കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു. കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം.കര്‍ഷകരുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്നുമാണ് ആവശ്യങ്ങൾ.

https://www.youtube.com/watch?v=HYh1x5d1u5Q

By Athira Sreekumar

Digital Journalist at Woke Malayalam