Wed. Jan 22nd, 2025
ഇസ്തംബുള്‍:

തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് ഗ്രീക്ക്, ബള്‍ഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രത്തിന് നേരെ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍, 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടത്തിനു പിന്നാലെയാണ് ചിരവൈരികളുടെ പ്രതിഷേധ നടപടികള്‍ക്ക് ലോകം സാക്ഷിയാകുന്നത്.

അംഗരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി അങ്കാറ യൂണിയനുമായി ഉണ്ടാക്കിയ 6 ബില്യൺ ഡോളർ കരാർ തുര്‍ക്കി ലംഘിക്കുമോ? ഇതു തന്നെയാണ് യൂറോപ്യൻ യൂണിയന്‍റെയും ആശങ്ക. 2016ല്‍ ഒപ്പുവച്ച ഈ കരാർ പ്രകാരം യൂണിയന്‍ നല്‍കുന്ന ഫണ്ടുകൾക്ക് പകരമായി യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയുമെന്ന് തുര്‍ക്കി സമ്മതിച്ചിരുന്നു.

സിറിയയിൽ നിന്നുള്ള 3.6 ദശലക്ഷം അഭയാർത്ഥികളാണ് നിലവിൽ തുർക്കിയിലുള്ളത്. അഭയാര്‍ത്ഥി പ്രവാഹത്തെ തടയില്ലെന്ന തുര്‍ക്കിയുടെ ഭീഷണിക്കു പിന്നാലെ 1,000 സൈനികരെ അതിര്‍ത്തി പ്രദേശത്തേക്ക് അയച്ചിരിക്കുകയാണ് ബള്‍ഗേറിയ. ഗ്രീക്ക് ഭരണകൂടമാകട്ടെ, സ്മോക്ക് ഗ്രനേഡുകളുപയോഗിച്ചാണ് അഭയാര്‍ത്ഥികളെ തുരത്തുന്നത്.

സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമതരുടെ ശക്തികേന്ദ്രമായിരുന്നു കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്ത ഇദ്‌ലിബ്. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരെ തുരത്താനും പ്രവിശ്യ തിരിച്ചു പിടിക്കാനുമായി ഈ വര്‍ഷം ഫെബ്രുവരി ആദ്യ മുതല്‍ തന്നെ കനത്ത വ്യോമാക്രമണമാണ് സിറിയ നടത്തുന്നത്.

ഈ മോഖലയില്‍ നിന്ന് പലായനം ചെയ്തിട്ടുള്ള 9.5 ലക്ഷത്തോളം വരുന്ന സിറിയക്കാരും തുര്‍ക്കിയിലാണ് തമ്പടിച്ചിരിക്കുന്നത്. ക്രൂരമായ ബോംബ് ആക്രമണത്തെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ പത്തുലക്ഷം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. അവരില്‍ പകുതിയിലധികം കുട്ടികളാണ്.

പലപ്പോഴായി നടത്തിയ പ്രത്യാക്രമണങ്ങളില്‍ 309 ഓളം സിറിയന്‍ സൈനികരെ വധിച്ചതായി തുര്‍ക്കി അവകാശപ്പെടുന്നുണ്ട്. അന്താരാഷ്ട്ര സൈനിക സഖ്യമായ നാറ്റോ നാറ്റോയുടെ പിന്തുണയുള്ള തുര്‍ക്കിക്കൊപ്പം നിലനില്‍ക്കുന്നു എന്നും, അസദ് ഭരണകൂടം, റഷ്യ, ഇറാനിയന്‍ പിന്തുണയുള്ള സേന എന്നിവരുടെ ഈ നിന്ദ്യമായ ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയതോടെ ആശങ്കകള്‍ ഏറുകയാണ്.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുടിയേറ്റ പാത വീണ്ടും തുറക്കുമെന്ന് തുർക്കി പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. കരാര്‍ പ്രകാരമുള്ള വാഗ്ദാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കത്തതാണ് തുര്‍ക്കിയെ പ്രകോപിപ്പിക്കുന്ന പ്രധാന ഘടകം. 2015-ൽ സമാനമായി അതിര്‍ത്തി തുറന്നപ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം ശക്തമാവുകയും ആയിരക്കണക്കിന് ആളുകൾ മെഡിറ്ററേനിയൻ പ്രദേശത്ത് മുങ്ങിമരിക്കുകയും ചെയ്തിരുന്നു.

പദവി ചോദ്യം ചെയ്യപ്പെടുമ്പോഴും പിടിച്ചു നില്‍ക്കുന്ന ബഷാര്‍ അല്‍ അസദ്

സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി അമേരിക്കന്‍ സൈന്യം തന്നെ ആ രാജ്യത്ത് നേരിട്ട് ഇടപെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകത്തുതന്നെ ഏറ്റവും അപകടകാരികളില്‍പ്പെടുന്ന മതമൗലികവാദികളുടെയും തീവ്രവാദികളുടെയും സംഘങ്ങളാണ് സിറിയയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ മുന്‍‌പന്തിയിലുള്ളത്.

“വിമതര്‍” എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ വിളിക്കുന്ന ഇക്കൂട്ടര്‍ക്ക്, അമേരിക്ക, അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം, സൌദി അറേബ്യ  നേതൃത്വം നല്‍കുന്ന, രാജാധിപത്യം നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സംഘം, തുര്‍ക്കി എന്നിവയുടെ പിന്തുണയുണ്ട്.

എന്നാല്‍ വിമതരുടെ പോരാട്ടം വര്‍ഷങ്ങളോളം പിന്നിട്ടിട്ടും ബഷാര്‍ അല്‍ അസദിനെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാധിച്ചിട്ടില്ല. ഒരു ഘട്ടത്തില്‍ സിറിയയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിമതരുടെ നിയന്ത്രണത്തിലായിട്ടും ഏറെക്കുറെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ബഷാര്‍ അല്‍ അസദ്

2012ല്‍ മധ്യ ദമസ്‌ക്കസില്‍ വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍ അസദിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സൈന്യം ആകെ തകര്‍ന്ന സമയമായിരുന്നു അത്. വിജയം അരികിലെത്തിയെന്ന് സിറിയന്‍ വിമതര്‍ കണക്കുകൂട്ടിയ സന്ദര്‍ഭം.

പക്ഷെ, ഇറാന്റെ സമയോചിതമായ ഇടപെടല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. സിറിയയില്‍ ഷിയാ പോരാളി വിഭാഗത്തിന് രൂപം നല്‍കിയ ഇറാന്‍ അവര്‍ക്ക് വിദഗ്ധ പരിശീലനവും അനുഭവ സമ്പന്നരായ കമാന്‍റര്‍മാരെയും നല്‍കി. ഒരു ലക്ഷത്തോളം സൈനികരെയാണ് നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സസ് എന്ന പേരില്‍ ഇറാന്‍ പരിശീലിപ്പിച്ചെടുത്തത്.

2015ലെ റഷ്യന്‍ ഇടപെടല്‍ ബഷാര്‍ അല്‍ അസദിന്റെ വ്യോമശേഷിയെ ചെറുതായല്ല ശക്തിപ്പെടുത്തിയത്. വിമത കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ക്ക് അന്നു മുതല്‍ ചരടു വലിച്ചത് റഷ്യ ആയിരുന്നു. വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായതും റഷ്യയുടെ ഈ വ്യോമപിന്തുണ തന്നെ.

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനും സിറിയന്‍ പ്രസി‍ഡന്‍റ് ബഷാര്‍ അല്‍ അസദ്

 

വിമതപേരാളികള്‍ക്കിടയിലെ ഭിന്നിപ്പും അസദിന് തുണയായിരുന്നു. പ്രാദേശികവാദം, വംശീയമായ ഭിന്നതകള്‍, മതപരമായ വിഭാഗീയതകള്‍ തുടങ്ങിയ പരിഗണനകളാല്‍ വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് സിറിയന്‍ വിമതര്‍ സര്‍ക്കാരിനോട് പോരടിച്ചത്. യോജിച്ചുള്ള പോരാട്ടത്തിന്റെ അഭാവം സര്‍ക്കാര്‍ സൈന്യം പരമാവധി മുതലെടുക്കുകയും ചെയ്തു.

വിമതര്‍ തങ്ങളുടെ ശക്തിയും സമയവും ഇസ്ലാമിക് സ്‌റ്റേറ്റ് വിഭാഗത്തിനെതിരെയുള്ള പോരാട്ടത്തിനായി വിനിയോഗിച്ചപ്പോഴും അസദ് രക്ഷപ്പെട്ടു. അമേരിക്കയുടെ പിന്തുണയോടെ ഐഎസ്സിനെ പരാജയപ്പെടുത്താന്‍ സാധിച്ചെങ്കിലും അവരുടെ നിയന്ത്രണത്തിലായിരുന്ന റഖ ഉള്‍പ്പെടെയുള്ള സിറിയയുടെ പ്രധാനഭാഗങ്ങളില്‍ സര്‍ക്കാര്‍ സൈന്യവും കുര്‍ദ് സൈനികരും മറ്റും ചുവടുറപ്പിച്ചു.

സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അസദിനെതിരെ ശക്തമായി രംഗത്തുവരാറുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമത പോരാളികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നുവെങ്കിലും സിറിയന്‍ വ്യോമസേനയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അവര്‍ക്കില്ലായിരുന്നു. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിന് പഴക്കം ചെല്ലുന്തോറും ബഷാര്‍ അല്‍ അസദിനെ താഴെയിറക്കുകയെന്നത് വിദേശരാജ്യങ്ങളുടെ ലക്ഷ്യമല്ലാതാവുന്നതാണ് കണ്ടത്.

നാലുഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിട്ടും അധികാരത്തില്‍ തുടരാന്‍ പ്രസിഡന്റ്  അസദിന് സഹായകമായത് അദ്ദേഹത്തിന് സ്വന്തം നാട്ടിലുള്ള പിന്തുണ തന്നെയാണ്. തന്റെ സമുദായമായ അലവി വിഭാഗത്തിനു പുറത്ത് സുന്നി വിഭാഗങ്ങള്‍ക്കിടയിലും ശക്തമായ പിന്തുണ നേടിയെടുക്കാന്‍ അസദിന് സാധിച്ചിട്ടുണ്ട്.

വിമതരെ പിന്തുണയ്ക്കുന്ന അറബ് രാജ്യങ്ങളും അമേരിക്കയും

പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്തെ അറബ് രാജ്യങ്ങളില്‍ ഇറാഖ് ഒഴികെയുള്ളവയിലെല്ലാം നിലനില്‍ക്കുന്നത് ഏകാധിപത്യ രാജഭരണകൂടങ്ങളാണ്. ഈ രാജ്യങ്ങളുടെ സംഘത്തിനു നേതൃത്വം നല്‍കുന്നത്, ലോകത്തെമ്പാടുമുള്ള മതമൗലികവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന സൗദി അറേബ്യയെന്ന പ്രാകൃതരാജഭരണകൂടവും.

ഈ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിറിയ ഒരു മതേതര രാഷ്‌ട്രവും റിപ്പബ്ലിക്കുമാണ്. സിറിയ ഉയര്‍ത്തിപ്പിടിക്കുന്ന അറബ് ദേശീയത, ആ പ്രദേശത്തെ പിന്തിരിപ്പന്‍ രാജഭരണകൂടങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്നു. മറ്റൊരു പ്രാദേശികശക്തിയായ തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് ഭരണകൂടമാണ് സിറിയന്‍ സര്‍ക്കാര്‍ നിലം‌പതിക്കണമെന്ന താല്‍പ്പര്യപ്പെടുന്നത്.

സൗദിയും മറ്റ് ഗള്‍ഫ് രാജഭരണകൂടങ്ങളും അമേരിക്കയുടെ ഉറച്ച സഖ്യകക്ഷികളായിരിക്കെ, സിറിയ അതിന്റെ സ്വതന്ത്രനിലപാട് കാത്തുസൂക്ഷിച്ചു എന്നുള്ളതാണ് സിറിയന്‍ വിമതര്‍ക്ക് അമേരിക്കന്‍ പിന്തുണ ലഭിക്കാനുള്ള പ്രധാന കാരണം.

മറ്റൊന്ന് എണ്ണയാണ്, സിറിയ ഉത്പാദിപ്പിക്കുന്ന പെട്രോളിയം എണ്ണയുടെ അളവ് താരതമ്യേന കുറവാണെങ്കിലും ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതും ഭാവിയില്‍ സാധ്യതയുള്ളതുമായ എണ്ണ/വാതക പൈപ്പ്‌ലൈനുകളെ സംബന്ധിച്ചിടത്തോളം, സിറിയയുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്.

സാമ്രാജ്യത്വവിരുദ്ധ, സയണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന, അറബ് ദേശീയ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കെതിരെ പൊരുതുന്നതിനായി, ഇസ്ലാമിസ്റ്റ് ശക്തികളെയും ഭരണകൂടങ്ങളെയുമാണ് അമേരിക്ക പിന്തുണച്ചുപോന്നിട്ടുള്ളത്. സിറിയയാകട്ടെ, സോഷ്യലിസ്റ്റ് ചേരി നിലനിന്നിരുന്ന കാലത്ത് ആ ചേരിയുമായി ചേര്‍ന്നു നിന്നിരുന്നു. മൊത്തത്തില്‍ നോക്കിയാല്‍, വന്‍‌കിട അമേരിക്കന്‍ കമ്പനികളുടെ താല്പര്യത്തിന് വേണ്ടത്ര സഹായകമായിരുന്നിട്ടില്ല സിറിയയുടെ നയങ്ങള്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, അമേരിക്ക ഭീഷണിയായി കാണുന്ന ഇറാനിലെ സര്‍ക്കാരുമായിട്ടും സിറിയ അടുപ്പം സ്‌ഥാപിച്ചിട്ടുണ്ട്. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചിരുന്ന ഭരണകൂടങ്ങള്‍ മറ്റെല്ലായിടത്തും പരാജയമടഞ്ഞു. സിറിയ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുംകൂടി ഇല്ലാതാകണം എന്നതാണ് അമേരിക്കയുടെ താല്പര്യം.

വ്യോമ പ്രതിരോധം ശക്തിപ്പെടുത്തി നാറ്റോ സഖ്യകക്ഷികൾ

വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിൽ 33 തുർക്കി സൈനികരെ ഒറ്റരാത്രികൊണ്ട് കൊന്ന ആക്രമണത്തിന് മറുപടിയായി അങ്കാറയുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ ബ്രസൽസിൽ നടന്ന സൈനിക സഖ്യത്തിന്റെ അടിയന്തര യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ജെൻസ് സ്റ്റോൾട്ടൻബർഗ്, നാറ്റോയുടെ സെക്രട്ടറി ജനറൽ

പാശ്ചാത്യ രാജ്യങ്ങളില്‍ നോ-ഫ്ലൈ സോൺ സ്ഥാപിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടിരുന്നുവെങ്കിലും റഷ്യൻ വ്യോമസേനയുമായി നേരിട്ട് സംഘട്ടനത്തിന് ഇടയാക്കുന്ന ഈ ആശയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് പടിഞ്ഞാറൻ സൈനിക സഖ്യത്തിലെ അംഗങ്ങൾ തുർക്കിയുമായി “പൂർണ ഐക്യദാർഢ്യം” പ്രകടിപ്പിച്ചതായി നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

രാജ്യങ്ങള്‍ പരസ്പരം വിദ്വേഷം തീര്‍ക്കുമ്പോള്‍ സ്ഥിരതയില്ലാത്ത ജീവിതത്തെ പഴിച്ചുകൊണ്ട്, അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് കിടപ്പാടം തിരയുന്ന ഒരു പറ്റം ജനങ്ങളുണ്ട്. ശീതീകരിച്ച മുറിയില്‍ നിന്ന് ആകാശയുദ്ധങ്ങള്‍ക്ക് കോപ്പു കൂട്ടുമ്പോള്‍ ജീവനു വേണ്ടി നെട്ടോട്ടമോടുന്ന അവരെ മാത്രമാണ് ആരും കാണാത്തത്.