“ആരാധാനാലയങ്ങളില്‍ പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നതു പോലെയാണ് ഇന്ത്യ മഹാരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നത്” സിപിഐ നേതാവ് കനയ്യകുമാറിന്‍റെ വാക്കുകളാണിവ. നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്‍റിനോടുള്ള “മമതക്കുറവ്”, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റമാകുന്നതിതാണ്.
ഭിന്നിപ്പിന്‍റെ വിത്തു പാകുന്ന ഭരണത്തോട് മമത തോന്നുമോ? ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വം എന്ന ആശയത്തെ വ്രണപ്പെടുത്തുന്നവരോട് സൗഹാര്‍ദ്ദ മനോഭാവം വച്ചു പുലര്‍ത്താനാവുമോ? സമാധാനത്തിന്‍റെ പാതയില്‍ സമരപരിപാടികള്‍ ചെയ്യുന്നവരെ നാടകീയമായി അറസ്റ്റ് ചെയ്ത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മര്‍ദ്ദിക്കുന്ന നടപടിയോട് അനുകൂലിക്കാനാകുമോ?
ഇത്തരം ചോദ്യങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മറുപടി തേടുമ്പോള്‍ മമതക്കുറവ് സ്വാഭാവികമാകും, ഫലത്തില്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും രാജ്യദ്രോഹക്കുറ്റവും പൊട്ടി മുളക്കും.
എഴുതുകയോ പറയുകയോ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നതാണ് രാജ്യദ്രോഹം. ഈ നിര്‍വ്വചനത്തില്‍ കൊടിയുടെ നിറമോ, മതമോ,ജാതിയോ, പ്രസ്ഥാനങ്ങളുടെ പേരുകളോ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് ഈ ഘടകങ്ങളെല്ലാം അടങ്ങിയ ഒരു പ്രത്യേക നിര്‍വ്വചനമുണ്ട്. ഭിന്നിപ്പിന്‍റെ ചുവയുള്ള നിര്‍വ്വചനം.
പ്രതിഷേധത്തിന്‍റെ സ്വരം രാജ്യത്തിന് ഹാനികരമായി വ്യാഖ്യാനിക്കുകയും, വിമര്‍ശകരുടെ വായില്‍ നിന്ന് അനിഷ്ടവാക്യങ്ങള്‍ വീഴുന്നത് കാത്തിരിക്കുകയും ചെയ്യുന്ന നടപടികള്‍, പ്രതികരിക്കുന്ന സമൂഹത്തിന്‍റെ അടിവേര് പിഴുതെറിയാനുള്ള പ്രഖ്യാപിത അജണ്ടകളാകുന്നിടത്താണ് പ്രശ്നം. അല്ലെങ്കില്‍ രാജ്യം എല്ലാവര്‍ക്കും ഒന്നല്ലേ, രാജ്യത്തിനെതിരെ ശബ്ദിക്കുന്നവര്‍ ഓരോ പൗരനും രാജ്യദ്രോഹിയല്ലേ?
കേന്ദ്ര സര്‍ക്കാര്‍ ആജ്ഞക്കനുസരിച്ച് കെട്ടിച്ചമച്ച മാധ്യമ വിചാരണകളില്‍ നിന്ന് മോചനം ലഭിക്കുമ്പോള്‍, കതിരും പതിരും പുറത്തു കൊണ്ടുവരാന്‍ കോടതി വിചാരണയ്ക്ക് സാധിക്കുമെന്ന ദൃഢ വിശ്വാസത്തോടെ, തങ്ങളുടെ ഭാഗത്തെ സത്യം വെളിപ്പെടും എന്ന ആശ്വാസത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളായിരുന്ന കനയ്യകുമാറും, ഉമര്‍ ഖാലിദും, അനിര്‍ബന്‍ ഭട്ടാചാര്യയും.
2016 ല്‍ ആരംഭിച്ച, ജെഎന്‍യു രാജ്യദ്രോഹ വിവാദം തിരഞ്ഞെടുപ്പ് വേളകളില്‍ കുത്തിപ്പൊക്കുന്നതില്‍ രാഷ്ട്രീയമില്ലേ? തങ്ങളുടെ നിരപരാധിത്വം തെളിയുമെന്നും, ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കുറ്റാരോപിതര്‍ പറയുമ്പോള്‍ ബാഹ്യഇടപെടലുകള്‍ക്ക് ഇടം നല്‍കിയ നീതിന്യായ വ്യവസ്ഥയെ കണ്ണടച്ച് വിശ്വസിക്കാമോ?
രാജ്യദ്രോഹക്കുറ്റവും മാധ്യമ പ്രചാരണവും
2016 ഫെബ്രുവരി 9-ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎൻയു) ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (DSU) 2001ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയുടെ മൂന്നാം വാർഷികം ആചരിക്കുകയും ക്യാമ്പസില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
ഈ പ്രതിഷേധത്തിനു ആദ്യം അനുമതി നൽകിയ അധികൃതർ പിന്നീട് വലതുപക്ഷ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലെ അംഗങ്ങളുടെ പ്രതിഷേധതത്തെത്തുടർന്ന് അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍, ഈ പ്രതിഷേധപരിപാടിയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച്, അന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. വസന്ത് കുഞ്ച് പൊലീസായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.

മൂവരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഈ ഫയല്‍ ഡല്‍ഹി ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടായിരുന്നു. 2019 ജനുവരി 14നാണ് ഡല്‍ഹി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുകളടങ്ങിയതായിരുന്നു കുറ്റപത്രം. കനയ്യകുമാറും, ഉമര്‍ ഖാലിദും, അനിര്‍ഭന്‍ ഭട്ടാചാര്യയുമടക്കം പത്ത് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം.
ഇതില്‍ ആരോപണ വിധേയരായ സിപിഐ ദേശീയ അദ്ധ്യക്ഷന്‍ ഡി രാജയുടെ മകള്‍ അപരാജിത ഉള്‍പ്പടെ 36 പേര്‍ക്കെതിരെ പ്രത്യക്ഷ തെളിവുകളില്ലെന്നും എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നുമായിരുന്നു പോലീസ് പറഞ്ഞത്.
ഇതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് പ്രോസിക്യൂഷന്‍ അനുമതി തേടി പോലീസ് ഡല്‍ഹി സര്‍ക്കാരിന് അനുമതി സമര്‍പ്പിച്ചത്. സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നത് കോടതി മരവിപ്പിച്ചിരുന്നു.
അതെസമയം, കേസില്‍ എബിവിപിയുടെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് ജെഎന്‍യുവിലെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവരായിരുന്നു രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരാണെന്ന വാദവുമായി എത്തിയത്. വാദം സൃഷ്ടിച്ച് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എബിവിപിയുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞിരുന്നു.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന തിടുക്കത്തിലായിരുന്നു ദേശീയ മാധ്യമങ്ങളും. സീ ന്യൂസ്, ന്യൂസ് എക്സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെ, വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു.
അഫ്സല്‍ ഗുരുവിന്റെ പേരില്‍ വധശിക്ഷക്കെതിരായും നിയമ സംവിധാനങ്ങളിലെ പിഴകളെ കുറിച്ചും നടത്തിയ ചര്‍ച്ചാ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതായുള്ള വീഡിയോകളാണ് ഈ ചാനലുകളിലൂടെ പ്രചരിച്ചത്. സീ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് മറ്റു രണ്ട് ചാനലുകളും ഉപയോഗിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കത്തെ സ്വാഗതം ചെയ്ത് കനയ്യ കുമാര്‍
ഡല്‍ഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷമാണ് കനയ്യകുമാര്‍ ഉള്‍പ്പെട്ട രാജ്യദ്രോഹക്കേസ് വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയയെതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നല്‍കുന്നത് തടഞ്ഞിട്ടില്ലെന്നാണ് ആംആദ്മി പാര്‍ട്ടി ദേശീയ വക്താവും ദല്‍ഹി എംഎല്‍എയുമായ രാഘവ് ചദ്ദയുടെ വാദം.
ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നാണ് ഡല്‍ഹി ആഭ്യന്തരവകുപ്പിന്‍റെ ന്യായം. ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെയുള്ള കേസുകള്‍ പോലും സാധാരണ നിയമ നടപടി അനുസരിച്ചാണ് നടക്കുന്നത്. വിചാരണ ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ട സംവിധാനം സര്‍ക്കാരല്ല ജുഡീഷ്യറിയാണെന്നും ചദ്ദ കൂട്ടിച്ചേര്‍ത്തു. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ താനുള്‍പ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയ നടപടിയിൽ നന്ദി അറിയിക്കുകയായിരുന്നു കനയ്യകുമാര്‍. കേസ് വേഗത്തത്തിൽ തീർപ്പാക്കാൻ ഇത് സഹായിക്കുമെന്നതിലാണ് ആശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
താൻ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കനയ്യ രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രോസിക്യൂഷന് അനുമതി നല്‍കിയ സമയത്തെക്കുറിച്ചായിരുന്നു കനയ്യകുമാറിന്‍റെ ആശങ്ക. ബീഹാര്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കനത്ത പ്രചാരണ പരിപാടികളുമായി നടക്കുന്ന സമയത്താണ് ഇത്തരമൊരു തിരിച്ചടി വരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഗസാരെ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു കനയ്യകുമാര്‍. ഈ സമയത്താണ് പ്രസ്തുത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. ഇതൊക്കെ ചേര്‍ത്തു വായിക്കുമ്പോഴാണ്, തങ്ങളുടെ തീരുമാനത്തില്‍ രാഷ്ട്രീയമില്ലെന്ന എഎപി വക്താവിന്‍റെ ഭാഷ്യം മുഴച്ചു നില്‍ക്കുന്നത്.
അടത്തിടെ ജമ്മു കാശ്മീരിൽ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ദേവീന്ദർ സിങ് എന്ന പോലീസുകാരനെതിരെ ഇതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല. ഇത്തരം കേസുകളിലെ രാഷ്ട്രീയ ലാഭമുണ്ടാക്കൽ ഇവിടെ പ്രകടമാണെന്നും കനയ്യ കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ടിവി സ്റ്റുഡിയോകളില്‍ വിചാരണയ്ക്ക് നിന്നു കൊടുക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ കനയ്യകുമാര്‍, കോടതി നടപടികള്‍ വേഗത്തിലാക്കാനാണ് ആവശ്യപ്പെടുന്നത്. ഇവിടെയാണ് തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താന്‍ വിശ്വസ്തമായ ജുഡീഷ്യറിക്ക് സാധിക്കുമെന്ന അമിത ആത്മ വിശ്വാസം കാണാന്‍ സാധിക്കുന്നത്.
തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച രാജ്യദ്രോഹക്കേസില്‍ കോടതിയില്‍ വിചാരണ നടത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണെന്നും തങ്ങളുടെ നിരപരാധിത്വത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നുമായിരുന്നു കേസിലെ മറ്റ് പ്രതികളായ ഉമര്‍ ഖാലിദിന്‍റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും പ്രതികരണം.
https://www.facebook.com/photo.php?fbid=1016942412026364&set=a.183044158749531&type=3
“ഡല്‍ഹി സര്‍ക്കാര്‍ രാജ്യദ്രോഹക്കേസില്‍ വിചാരണക്ക് അനുമതി നല്‍കിയതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങളുടെ നിരപരാധിത്വത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ജൂഡീഷ്യറിയില്‍ പൂര്‍ണ്ണവിശ്വാസവും. കൂടാതെ ഞങ്ങള്‍ക്കെതിരെയുള്ള ഈ കേസ് കോടതി വിചാരണയിലേക്ക് എത്തണമെന്ന് നാളുകളായി ഞങ്ങള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു” അനിര്‍ബന്‍ ഭട്ടാചാര്യയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞക്കനുസരിച്ച് തങ്ങള്‍ക്കെതിരെ നടന്ന മാധ്യമവിചാരണ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും വിദ്വേഷം വളര്‍ത്തുന്നചതായിരുന്നെന്ന് ഈ വിചാരണയിലൂടെ തെളിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിച്ചമച്ച കേസുകളുടെ നിഴലില്‍ ആവശ്യത്തില്‍ കൂടുതല്‍ കാലം കഴിഞ്ഞുവെന്നും ഇനിയെങ്കിലും അതില്‍ നിന്നൊരും മോചനം വേണമെന്നുമാണ് അവരുടെ ആവശ്യം.
ആപ്പിന്‍റെ ആത്മാവ് സാത്താന് വില്‍ക്കുമ്പോള്‍?
കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം അന്വേഷിക്കാന്‍ ഉത്തരവിട്ട ദല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്ത് വരുന്നുണ്ട്. രാജ്യ ദ്രോഹകുറ്റത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കി വെച്ചതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഡല്‍ഹി സര്‍ക്കാരും എന്നായിരുന്നു പി ചിദംബരത്തിന്‍റെ പ്രതികരണം.

ഐപിസി 120 ബി, 124 എ എന്നീ വകുപ്പുകള്‍ ആരോപിച്ച് കനയ്യ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടതില്‍ ഞാന്‍ ശക്തമായി വിയോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യദ്രോഹ കുറ്റം ദുരുപയോഗം ചെയ്യുന്നതാണെന്ന് കാണിച്ച് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
‘കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണ്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ് അദ്ദേഹം,’ ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു.
https://www.facebook.com/anand.patwardhan.52/posts/10157607033070033
ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപും രംഗത്തെത്തിയിരുന്നു. ‘മഹാനായ അരവിന്ദ് കെജ്‌രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധികപ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല.’ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്.
എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് പരിഹസിക്കുന്നു.
സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകളെ ചുക്കാന്‍പിടിക്കുന്ന ആംആദ്മി നിലപാടില്‍ വിമര്‍ശനവുമായി നിരവധി പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അരവിന്ദ് കേജ്‌രിവാൾ രാജ്യദ്രോഹ വിവാദം നടക്കുന്ന സമയത്ത് കനയ്യ കുമാര്‍ നടത്തിയ പ്രസംഗങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളും വൈറലാകുന്നുണ്ട്.
രാജ്യത്ത് നിലവിലുള്ള ഇത്തരം ഇരട്ടത്താപ്പ് നടപടികള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷം നല്‍കി ആംആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ച ജനലക്ഷങ്ങള്‍ അന്ന് പ്രതീക്ഷിച്ചു കാണില്ല ഉടനടി ‘ഫലം’ ലഭിക്കുമെന്ന്.