Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരള സർക്കാരിന്‍റെ കരട് മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നൽകി. കഴിഞ്ഞ തവണത്തെ നയങ്ങളില്‍ നിന്നും വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ നയമെന്നതാണ് ശ്രദ്ധിക്കപ്പെട്ട വസ്തുത.

പബ്ബുകള്‍ തുടങ്ങില്ലെന്നും പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയതാണ് പ്രധാന നടപടികള്‍. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദമായേക്കാവുന്ന തീരുമാനങ്ങളിൽ നിന്ന് സർക്കാർ‌ വിട്ടുനിൽക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

ബ്രൂവറി ടൈഅപ് ഫീസ് 28 ലക്ഷത്തിൽ നിന്നും 30 ലക്ഷമാക്കി ഉയർത്തി. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും കരട് വ്യക്തമാക്കുന്നു. കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്.

ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന്‌ ടൈഅപ്പ് ഫീസ് ഈടാക്കാനുമാണ് പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാനത്തെ ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും തീരുമാനമായിട്ടുണ്ട്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭ പരിഗണിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറ്റില്‍ ഉൾപ്പെടെ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന

2020-21 വര്‍ഷത്തെ മദ്യനയം അനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ക്ക് വില്‍പ്പന നടത്താവുന്നതാണ്. 2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും.

മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്എല്‍ -3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്എല്‍ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും.

ഡിസ്റ്റിലറി ആന്‍റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയാക്കാനും ബ്രുവറി ഫീസ് ഇരട്ടിയാക്കാനും തീരുമാനമായിട്ടുണ്ട്.

ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് എഫ്എല്‍ 4-എ ലൈസന്‍സുള്ളത്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്.

കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും.

കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്‍റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയത്തില്‍ ഭേദഗതി വരുത്താനും പുതിയ മദ്യനയം അനുസരിച്ച് തീരുമാനമായിട്ടുണ്ട്.

കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസമേകുന്ന മദ്യനയം
പുതിയ മദ്യ നയം കള്ള് ഷാപ്പ് വ്യാപാരികള്‍ക്ക് ആശ്വാസമേകുന്നതാണ്. തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്‍റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയര്‍ത്തി നിശ്ചയിച്ചതാണ് മറ്റൊരു നേട്ടം.  കള്ള് ഷാപ്പിന്‍റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്‍റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററായിരുന്നു ഇതുവരെ. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 

നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയമവിധേയമാക്കാനും പുതിയ മദ്യനയം നിഷ്കര്‍ഷിക്കുന്നു.

കേരളത്തിലെ വിവിധയിടങ്ങളിലെ കള്ളുഷാപ്പുകളിൽ ഭക്ഷണം വിൽപ്പന നടക്കുന്നുണ്ടെങ്കിലും ഇത് നിയമവിധേയമായ കാര്യമായിരുന്നില്ല. ഷാപ്പുകളിൽ കള്ളല്ലാതെ അച്ചാർ പോലും വിൽക്കാൻ പാടില്ലെന്നായിരുന്നു നിയമം. ഈ സാഹചര്യത്തിലാണ് എല്ലാ കള്ളുഷാപ്പുകളിലും ഭക്ഷണവിൽപ്പന നടത്താവുന്ന വിധത്തിൽ ചട്ടങ്ങൾ പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.

കപ്പയും മീന്‍കറിയും അടക്കം വിവിധ വിഭവങ്ങൾ നിലവിൽ കള്ളുഷാപ്പുകളിൽ കിട്ടും. ഇതാശ്രയിച്ച് വളര്‍ന്നു വന്ന പ്രധാന മേഖല കേരളത്തിലെ ടൂറിസം മേഖലയാണ്. ഭക്ഷണത്തിന് പ്രശസ്തമായ കള്ളുഷാപ്പുകൾ കേന്ദ്രീകരിച്ച് നിരവധി ടൂറിസ്റ്റ് പാക്കേജുകളാണ് വിദേശികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

2018ൽ ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പ് ഒരു വിവരാവകാശ മറുപടിയിലൂടെ വ്യക്തത നൽകിയിരുന്നതാണ്. യാതൊരു വിധ ഭക്ഷ്യ വിഭവങ്ങളും ഷാപ്പിൽ വിറ്റുകൂടാ എന്നാണ് നിയമമെന്നായിരുന്നു ഈ മറുപടി.

നിലമ്പൂരിൽ ചില സ്കൂൾ കുട്ടികൾ ക്ലാസ്സിലേക്ക് കള്ളും കള്ളുഷാപ്പിലെ ഭക്ഷണവും കൊണ്ടു വന്നതിനു ശേഷമാണ് എക്സൈസ് വകുപ്പ് കർശനമായ നിലപാടെടുത്തു തുടങ്ങിയത്.  കുട്ടികൾ ഭക്ഷണം കഴിക്കാനായി ഷാപ്പിലെത്തുകയും ക്രമേണ കള്ളിന് അടിമപ്പെടുകയും ചെയ്യുന്നതായി അധികൃതർ മനസ്സിലാക്കിയതിന്‍റെ ഭാഗമായിരുന്നു നടപടി.

എന്നാല്‍, ഭക്ഷണം വിൽക്കണമെങ്കിൽ റസ്റ്റോറന്‍റിന് ആവശ്യമായ അനുമതികളെല്ലാം കള്ളുഷാപ്പുകള്‍ക്കും വേണം. ആരോഗ്യവകുപ്പിന്റെ പരിശോധനകളും മറ്റും ക്രമമനുസരിച്ച നടന്നാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഇത്തരം അനുമതികളൊന്നുമില്ലാതെ നിരവധി കള്ളുഷാപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാതാണ് മറ്റൊരു വസ്തുത.

അതെ സമയം, കള്ളു ഷാപ്പുകൾ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളു ഷാപ്പുകൾ 5,171 ആണ്. ഇതിൽ 4,247 ഷാപ്പുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കള്ളു ഷാപ്പുകൾക്ക് ലേലം നടത്തിയിട്ടില്ല. നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതുക്കി നൽകുകയാണ് ചെയ്യുന്നത്. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ മദ്യ നയം നിലവില്‍ വരുന്നത്.