Sun. Apr 6th, 2025
ബംഗളൂരു:

ബംഗളൂരുവില്‍ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യമുയര്‍ന്നത് വിവാദമാകുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നിരവധി നിര്‍വ്വചനങ്ങളുമായി ബിജെപി അനുകൂലര്‍ രംഗത്ത് വന്നിട്ടുണ്ട്.

അതെ സമയം, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് കരുതി, ആരും ഹിന്ദുസ്ഥാന്‍ വിരുദ്ധരാകുന്നില്ലെന്നും മറുവാദങ്ങള്‍ ഉയരുന്നു. എന്തു തന്നെയായാലും, പൊതു വേദിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച കുറ്റത്തിന് അമുല്യ ലിയോണ്‍ എന്ന ഇരുപതുകാരിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു കഴിഞ്ഞു. പെണ്‍കുട്ടിക്ക് ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്ഥാന്‍ സിന്ദാബാദ്

എഐഎംഐഎമ്മും, ഹിന്ദു മുസ്ലീം സിഖ് ഇസായി ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ മുദ്രാവാക്യം വിളിയുണ്ടായത്. എഐഎംഐഎം നേതാവും ലോക്​സഭാ എംപിയുമായ​ അസദുദ്ദീൻ ഒവൈസിയും ചടങ്ങിൽ സന്നിഹിതനായിരുന്നു​. 

ഒവൈസി സംസാരിച്ചതിനുശേഷമായിരുന്നു അമുല്യ ലിയോണ്‍ വേദിയിലെത്തിയത്. കയറിയ ഉടനെ അവർ പാകിസ്ഥാന്‍ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ചു​. ജനങ്ങളോട്​ മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു.

പിന്നീട് വേദിയില്‍ നടന്നത് തികച്ചു നാടകീയമായ രംഗങ്ങളായിരുന്നു. ഉവൈസിയും സംഘാടകരും മൈക്ക്​ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത്​ നിന്ന യുവതി​ മുദ്രാവാക്യം വിളി തുടർന്നു. അവരെ പിടിച്ചു മാറ്റാന്‍ പോലീസിന് വേദിയിലെത്തേണ്ടി വന്നു.

സംഭവത്തിന് ശേഷം, യുവതിയുടെ പ്രവര്‍ത്തിയെ അപലപിച്ചുകൊണ്ടായിരുന്നു ഒവൈസി പ്രതികരിച്ചത്. ‘‘എ​​​​​​​ന്‍റെ പാർട്ടിക്കോ എനിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ ​പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്​. സംഘാടകർ അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു. അവരുണ്ടായിരുന്നെങ്കിൽ ഞാൻ പ​ങ്കെടുക്കുമായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഇന്ത്യക്ക്​ വേണ്ടി നിലകൊള്ളുന്നവരാണ്​. ശത്രുരാജ്യമായ പാകിസ്ഥാനെ ഒരുവിധേനയും​ പിന്തുണക്കാനാവില്ല’’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതോടൊപ്പം, മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ പരിപാടിയുടെ സംഘാടകര്‍ അന്വേഷണം നടത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടിരുന്നു. 

“ഞാന്‍ സിന്ദാബാദ് വിളിക്കുന്നത് എല്ലാ രാജ്യത്തിനും വേണ്ടി”, അമൂല്യ ലിയോണ്‍

ചിക്കമംഗളൂരുവിലെ ജനതാദള്‍ എസ്സിന്റെ പ്രാദേശിക നേതാവിന്റെ മകളാണ് അമൂല്യ ലിയോണ്‍. ബംഗളൂരുവിലെ എന്‍എംകെആര്‍വി കോളേജിലെ ജേണലിസം വിദ്യാര്‍ത്ഥിയാണ് ഈ ഇരുപതുകാരി.

ഇതാദ്യമായല്ല അമൂല്യ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇതിനു മുമ്പും, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചാ വിഷയമായ പല സംഭവങ്ങളിലും ഈ പേര് മുഴങ്ങി കേട്ടിട്ടുണ്ട്.

ബിജെപി അനുകൂല വ്യാജ വാര്‍ത്ത വെബ്‌സൈറ്റായ പോസ്റ്റ് കാര്‍ഡിന്റെ സ്ഥാപകന്‍ വിക്രം ഹെഗ്‌ഡെയൊട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ ആണ് ഈ അടുത്ത കാലത്ത് ഏറെ തരംഗമായത്. മംഗളൂരു വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. 

അമുല്യയോടൊപ്പം കവിത റെഡ്ഡി, നജ്മ നസീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ വന്ദേമാതരം ആലപിക്കാൻ വിക്രം ഹെഗ്‌ഡെ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍, വന്ദേമാതരം പാടി തന്‍റെ ദേശീയത തെളിയിക്കാൻ വിക്രം ഹെഗ്ഡെയോട് ആവശ്യപ്പെടുകയായിരുന്നു ഇവര്‍.

എന്നാല്‍, അദ്ദേഹത്തിന് വന്ദേമാതരം ആലപിക്കാന്‍ കഴിയാത്തത് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് ഇടയാക്കിയിരുന്നു. വന്ദേമാതരം അറിയില്ലെങ്കിൽ സാരേ ജഹാംസെ അച്ഛാ ആലപിക്കാൻ, യുവതികള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

താന്‍ എല്ലാ രാജ്യത്തിനുമായാണ് സിന്ദാബാദ് വിളിക്കുന്നതെന്ന പ്രസ്താവനയുമായി അമുല്യ വീണ്ടും അവതരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഈ വാദം. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്, ബംഗ്ലാദേശ് സിന്ദാബാദ്, ശ്രീലങ്ക സിന്ദാബാദ്, നേപ്പാള്‍ സിന്ദാബാദ്, ചൈന സിന്ദാബാദ്, ഏത് രാജ്യവും ആവട്ടെ എല്ലാവര്‍ക്കും സിന്ദാബാദ്. എന്നായിരുന്നു അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതെസമയം, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് മകളെ തള്ളിപ്പറഞ്ഞ് അമുല്യയുടെ പിതാവും രംഗത്ത് വന്നു. മുസ്ലിങ്ങളോടൊപ്പം ഇടപഴകരുതെന്ന് മകളോട് പറഞ്ഞിരുന്നു എന്നായിരുന്നു ദേശീയ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. 

ഇന്ത്യയെ സ്നേഹിക്കാന്‍ പാകിസ്ഥാനെ വെറുക്കണോ?

അമുല്യ ലിയോണിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. അവരെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു സിപിഐ (എംഎല്‍) നേതാവ് കവിത കൃഷ്ണന്‍ രംഗത്ത് വന്നത്.

ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നതിന്റെ അര്‍ത്ഥം പാകിസ്ഥാനെ വെറുക്കണമെന്നല്ലെന്ന് പറയാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയാണ് അമുല്യ എന്നായിരുന്നു കവിതയുടെ ട്വീറ്റ്. ആ പെണ്‍കുട്ടിയെ പോലീസില്‍ ഏല്‍പ്പിച്ച ഒവൈസിക്ക് സ്വന്തം പാര്‍ട്ടി നേതാവ് വാരിസ് പത്താന്‍ നടത്തിയ വിഭാഗീയ പ്രസംഗങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചു. അമൂല്യ ലിയോണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും കവിത കൃഷ്ണന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

15 കോടി മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കളെ അടക്കി നിര്‍ത്താന്‍ കഴിയുമെന്നായിരുന്നു വാരിസ് പത്താന്‍റെ വിവാദ പരാമര്‍ശം. സര്‍ക്കാരിനെതിരായ രോഷമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ഇന്ത്യയുടെ ബഹുസ്വരത അംഗികരിക്കുന്ന ആളാണ് താനെന്നും ഇദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.

അമുല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് വിഢിത്തമാണെന്ന പ്രതികരണവുമായാണ് സ്വതന്ത്ര വാര്‍ത്താ സൈറ്റായ ദി വയറിന്‍റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എത്തിയത്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം ശത്രുക്കളായി കാണേണ്ടതില്ലെന്നാണ് പെണ്‍കുട്ടി മുന്നോട്ട് വച്ച ആശയമെന്നും, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

അവസരം മുതലെടുത്ത് ബിജെപി

അമൂല്യ ലിയോണിന്റെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിയെ പൗരത്വ ബില്ലിനെതിരായ സമരത്തിനെതിരെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ബിജെപി അനുകൂല ചാനലുകള്‍ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍റിങ്ങ് വിഷയമായി മാറ്റുകയും ചെയ്തു.

കര്‍ണാടകത്തില്‍ വ്യാപകമായി എബിവിപി പ്രവര്‍ത്തകര്‍ ഈ പ്രസംഗത്തിനെതിരെ പ്രതിഷേധം നടത്തുകയാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അടിസ്ഥാനമിതാണെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

വിഭാഗീയത സൃഷ്ടിക്കാന്‍ അവസരം കാത്തു കിടക്കുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ മുതലെടുപ്പാകുന്നുമുണ്ട്. പെണ്‍കുട്ടിക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ, ബി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ബംഗളൂരു ഡിസിപി ബി രമേശ് പറഞ്ഞു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക.

അമുല്യയുടെ വീടിനു നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് വലതുപക്ഷ സംഘടനയുമായി ബന്ധമുള്ള നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.