Wed. Nov 6th, 2024
പാട്ന:

ബീഹാറില്‍ പുതിയ നേതൃത്വത്തെ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? തിരഞ്ഞെടുപ്പ് ചൂടിലുള്ള ബീഹാര്‍ ജനതയോട് ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ ചോദിച്ച ചോദ്യമാണിത്. അടുത്ത പതിനഞ്ച് വര്‍ഷത്തേക്ക് ബീഹാറിന്‍റെ ഭാവി ശോഭനമാക്കുമെന്ന പ്രശാന്ത് കിഷോറിന്‍റെ വാഗ്ദാനങ്ങള്‍ രാഷ്ട്രീയ സാധ്യതകള്‍ മുന്നില്‍ കണ്ട്, ഒരു മുഴം നീട്ടിയെറിഞ്ഞതായി കണക്കാക്കാമോ?

ബീഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ അഖിലേന്ത്യ ഉപാദ്ധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു ശേഷം, താന്‍ ബീഹാറില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ബീഹാറില്‍ ഒരു പുതിയ രാഷ്ട്രീയ നേതൃത്വം ആവശ്യമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറ് ദിവസത്തിനകം ഒരു കോടി യുവജനങ്ങളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യവുമായി “ബാത്ത് ബീഹാര്‍ കി” എന്ന പേരില്‍ തിരഞ്ഞെടുപ്പ് ക്യാമ്പെയിനിന് ആരംഭം കുറിച്ചിരിക്കുകയാണ് പ്രശാന്ത് കിഷോര്‍.

ലാലുപ്രസാദ് യാദവിന്‍റെയും, നിതീഷ് കുമാറിന്‍റെയും നീണ്ട മുപ്പത് വര്‍ഷത്തെ ഭരണത്തിനു ശേഷവും, സംസ്ഥാനത്ത് ദുരിതങ്ങള്‍ അകലുന്നില്ല എന്ന ജനവികാരമാണ് ബീഹാറില്‍ പ്രശാന്ത് കിഷോര്‍ തിരിച്ചറിഞ്ഞ രാഷ്ട്രീയ ശൂന്യത.

www.baatbiharki.in എന്ന വെബ്സൈറ്റ് ഫെബ്രുവരി 20 വ്യാഴാഴ്ച പകല്‍ പതിനൊന്ന് മണി തൊട്ട് പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞു. ബീഹാറിനെ, രാജ്യത്തെ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാക്കുക എന്ന ഉദ്ദ്യമത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. 6900869008 എന്ന നമ്പറില്‍ വിളിച്ചാലും ക്യാമ്പെയിനിന്‍റെ ഭാഗമാകാന്‍ സാധിക്കും.

18 നും 35 നും മധ്യേ പ്രായമുള്ള യുവാക്കളെ സജീവ രാഷ്ട്രീയത്തിൽ ഇറക്കാനുള്ള പൊതുവേദിയായി ആരംഭിച്ച ‘യൂത്ത് ഇൻ പൊളിറ്റിക്സ്’ എന്ന വെബ്സൈറ്റില്‍ ബിഹാറിൽ നിന്ന് മാത്രം 2,38,054 അംഗങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് രാഷ്ട്രീയ കുലപതികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഈ കണക്കുകളൊന്നും വേണ്ട, 2011ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ഇക്കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പ് വരെയുള്ള വര്‍ഷങ്ങള്‍ പറയും പ്രശാന്ത് കിഷോര്‍ ആരാണെന്ന്.

സിഎജിയും ചായ് പേ ചര്‍ച്ചയും

പൊതു ആരോഗ്യവിദഗ്ധനായ പ്രശാന്ത് കിഷോര്‍ ഐക്യരാഷ്ട്രസഭയിലെ ജോലി ഉപേക്ഷിച്ചാണ് 2011ല്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി ചുക്കാന്‍ പിടിക്കുന്നത്. 2013 ല്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് (സിഎജി) എന്ന പേരില്‍ ഒരു മീഡിയ, പബ്ലിസിറ്റി കമ്പനി ആരംഭിച്ചു.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനുള്ള ചായ് പേ ചര്‍ച്ച എന്ന ക്യാമ്പെയിന്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ത്രി ഡി ഹോളോഗ്രാം പൊതുയോഗങ്ങള്‍, മോഡിയുടെ വീഡിയോ പ്രസംഗങ്ങള്‍ തുടങ്ങി നൂതനമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ ബുദ്ധി പ്രശാന്ത് കിഷോറിന്‍റേത് തന്നെ.

പ്രശാന്ത് കിഷോര്‍ നരേന്ദ്ര മോദിക്കൊപ്പം

1500 കേന്ദ്രങ്ങളില്‍ ഒരേസമയം മോഡിയുടെ ചായ് പേ ചര്‍ച്ച പരിപാടി പ്രക്ഷേപണംചെയ്തു. നേരിട്ടെത്താന്‍ കഴിയാതിരുന്ന 150 നഗരങ്ങളില്‍ ഒരേസമയം ത്രി ഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മോഡിയുടെ പൊതുയോഗങ്ങള്‍ നടത്തിയത്. ഉത്തര്‍പ്രദേശിലെ 40,000 ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മോഡി ആനേ വാലേ ഹേന്‍ എന്ന വീഡിയോ പ്രസംഗങ്ങളും വാഹനം ഉപയോഗിച്ച് സംപ്രേഷണംചെയ്തു.

184 മീറ്റര്‍ നീളമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി മൂവ്മെന്റിന്റെ പിന്നിലും റണ്‍ ഫോര്‍ യൂണിറ്റി പരിപാടിക്കുപിന്നിലും പ്രശാന്ത് കിഷോറിന്റെ ടീമാണ് പ്രവര്‍ത്തിച്ചിരുന്നത്.

മോഡി പ്രധാനമന്ത്രിയായതോടെ സര്‍ക്കാരില്‍ ഉന്നതപദവി ലഭിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതിനു പിന്നാലെയാണ് തനിക്ക് ബിജെപിയുമായി ഒരു ബന്ധമില്ലെന്നും, മോദിയുമായുള്ള ആത്മ ബന്ധത്തിന്‍റെ പേരിലാണ് അദ്ദേഹത്തെ സഹായിച്ചടെന്നുമുള്ള പ്രസ്താവനയുമായി പ്രശാന്ത് കിഷോര്‍ എത്തുന്നത്.

 ‘നിതീഷ് കേ നിശ്ചയ്; വികാസ് കി ഗ്യാരണ്ടി’

ബീഹാര്‍ നിയമസഭ തിര‍ഞ്ഞെടുപ്പില്‍ ജനതാദള്‍ യൂണൈറ്റഡ് നേതാവും, മോദിയുടെ കടുത്ത എതിരാളിയുമായ നിതീഷ് കുമാറിന്‍രെ വിജയമുറപ്പിച്ച ബുദ്ധിയും പ്രശാന്ത് കിഷോറിന്‍റേതായിരുന്നു. അന്ന് ചായ് പേ ചര്‍ച്ച ആയിരുന്നെങ്കില്‍ ഇത്തവണ ‘നിതീഷ് കേ നിശ്ചയ്; വികാസ് കി ഗ്യാരണ്ടി’ ആണെന്നു മാത്രം.

പ്രശാന്ത് കിഷോറും നിതീഷ് കുമാറും

ഇതിനു വേണ്ടി സിഎജിയിലുണ്ടായ അംഗങ്ങളും പ്രശാന്തും ചേര്‍ന്ന് ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പിഎസി) രൂപീകരിച്ചു. തിരഞ്ഞെടുപ്പ് അജമ്ട സജ്ജമാക്കുക  അവ പൊതുജനങ്ങളിലേക്ക് എത്തിക്കുക, ഇതിലൂടെ ജന പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐ-പിഎസി എന്ന ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യം.

ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യത്തിന് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ തന്ത്രങ്ങളൊരുക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി സഖ്യം വന്‍ വിജയം നേടി അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2017ല്‍ സഖ്യം പൊളിയുകയും മുഖ്യമന്ത്രി സ്ഥാനം രാജി വച്ച നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു.

പിന്നീട് 2018ലാണ് പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേരുന്നത്. ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് അന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. കിഷോര്‍ ഭാവിയുടെ നേതാവാണെന്നായിരുന്നു നിതീഷ് കുമാറിന്‍റെ പ്രതികരണം.

 കോണ്‍ഗ്രസ്സ് തട്ടകത്തിലെ വിജയ പരാജയങ്ങള്‍

അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സഹായിക്കുന്നതിനായി 2016ലാണ് കോണ്‍ഗ്രസ്സ് പ്രശാന്ത് കിഷോറിനെ നിയമിക്കുന്നത്.  “പികെയും സംഘവും അവരുടെ പ്രവര്‍ത്തനവും പഞ്ചാബിലെ ഞങ്ങളുടെ വിജയത്തിന് നിര്‍ണ്ണായകമായി” എന്നായിരുന്നു വിജയത്തിനു ശേഷം അമരീന്ദര്‍ സിങ്ങ് പറഞ്ഞത്.

അമരീന്ദര്‍ സിങ്

എന്നാല്‍, 2017ലെ ിത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കിഷോര്‍ നിയമിതനായെങ്കിലും പരാജയമായിരുന്നു ഫലം. ബിജെപി 300 സീറ്റുകള്‍ നേടിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വെറും 7 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

27 വര്‍ഷത്തോളമായി യുപിയിലെ അധികാരക്കസേര കിട്ടാക്കനിയായ കോണ്‍ഗ്രസ്സിനൊപ്പം നിന്നതിന്, പ്രശാന്ത് കിഷോറിനും സംഘത്തിനും രാഷ്ട്രീയ നിരീക്ഷകരില്‍ നിന്ന് വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്കേണ്ടി വന്നത്.

ആന്ധ്ര, ഡല്‍ഹി, ഇനി തമിഴ്നാട്

2017 മെയ് മാസത്തിലാണ് കിഷോര്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നത്. 175 സീറ്റുകളിൽ 151 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ വൈഎസ്ആർസിപി ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇത് പാര്‍ട്ടിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച വിജയമായിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കൊപ്പം

രാജ്യതലസ്ഥാനത്ത് ഹാട്രിക് വിജയം കൊയ്യാന്‍ അരവിന്ദ് കെജ്രിവാളിനെ പ്രാപ്തമാക്കിയതും പ്രശാന്ത് കിഷോറിന്‍റെ ഐ-പിഎസി തന്നെ. ബിജെപി വന്‍ പ്രചാരണങ്ങള്‍ക്ക് ശേഷവും പരാജയപ്പെട്ടത് കിഷോറിന് ഇരട്ടി മധുരമായിരുന്നു.

ബിജെപിയ്ക്ക് വേണ്ടി ഒരിക്കൽ താൻ തയാറാക്കിയ പരിപാടികൾക്കെല്ലാം ബദലാണ് ഡല്‍ഹിയില്‍ ആംആദ്മിക്ക് വേണ്ടി ഒരുങ്ങിയത്. കേജ്‌രിവാളിന്റെ ‘ ടൗൺ ഹാൾ ‘ സംവാദ പരിപാടി മുതൽ ഹനുമാൻ ചാലീസ മന്ത്രം വരെ പ്രശാന്തിന്റെ ഐഡിയ ആയിരുന്നു.

അരവിന്ദ് കേജ്‌രിവാളും പ്രശാന്ത് കിഷോറും

തിരഞ്ഞെടുപ്പ് അടുത്തതോടെ കേജ്‌രിവാൾ വിവാദ വിഷയങ്ങളോടൊന്നും അധികം പ്രതികരികരിക്കാതിരുന്നതും പ്രശാന്തിന്റെ നിർദ്ദേശപ്രകാരമാണ്.മോദിയെ ലക്ഷ്യമിട്ടുള്ള പ്രത്യക്ഷ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു അജണ്ട.

ആരെയും പിടിച്ച് നിര്‍ത്താന്‍ ശേഷിയുള്ള മുദ്രാവാക്യങ്ങള്‍ തന്നെയാണ് പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍റെ തുറുപ്പ് ചീട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പുതു തലമുറയെ കൈയ്യിലാക്കാനുള്ള വിദ്യയും പ്രശാന്തിന്റെ കൈവശമുണ്ടായിരുന്നു.

ഇനി ബംഗാളും തമിഴ്നാടുമാണ് പ്രശാന്ത് കിഷോര്‍ എന്ന് തിരഞ്ഞെടുപ്പ് ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുന്നത്. പശ്ചിമബംഗാള്‍ ബിജെപിയുടെ ശവപ്പെട്ടിക്ക് ആണിയടിക്കുമെന്ന് മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പുറമെ 2021ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് തിര‍‍ഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷേറിന്‍റെ തന്ത്ര പ്രകാരമാണ് പ്രചരണങ്ങള്‍ നടക്കുക എന്ന കാര്യം ഫെബ്രുവരി 3നു തന്നെ ഡിഎംകെ മേധാവി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചതായിരുന്നു.

 കനയ്യകുമാറിനെ പിന്തുണയ്ക്കുമോ?

സിപിഐയുടെ കനയ്യ കുമാറും, പ്രശാന്ത് കിഷോറുമാണ് ബീഹാര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിയുടെ ബുദ്ധികേന്ദ്രം ലാലു പ്രസാദ് യാദവ് ജയിലിലാണെന്നതാണ് പ്രശാന്ത് കിഷോറും കനയ്യയും ഭരണകക്ഷിയായ ജെഡിയുവിന് തലവേദന സൃഷ്ടിച്ചേക്കുമെന്ന വാദത്തിന് ബലമേകുന്നത്.

കനയ്യകുമാര്‍

പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചത് മുതല്‍ കനയ്യ ബീഹാറിലുടനീളം പ്രചരണത്തിലാണ്. കനയ്യയെ കേള്‍ക്കാനായി നിരവധി പേരും എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ കനയ്യയുടെ നേതൃത്വത്തില്‍ ബീഹാറിലുടനീളം എത്തുന്ന ജനഗണമന യാത്രയും ആരംഭിച്ചത്. ബീഹാറിലെ ഭാവി നേതാവ് എന്ന ലേബലിലേക്കാണ് കനയ്യ ഉയരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

നിതീഷ് കുമാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ട പിന്തുണ സംസ്ഥാനത്ത് സിപിഐയ്ക്കില്ല. അവിടെയാണ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നത്. കനയ്യ കുമാറുമായി സംസാരിച്ചതായി പ്രശാന്ത് കിഷോര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതും ബീഹാര്‍ രാഷ്ട്രീയത്തിന്‍റെ ജാതകം തിരുത്തുമോ എന്നാണ് ആശങ്ക.