Wed. Nov 6th, 2024
തൃശ്ശൂര്‍:

പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത സൃഷ്ടിക്കുന്നു. മലയുടെ താഴ്വാരത്ത് തീപ്പേടിയില്‍ കഴിയുന്ന കുറേ മനുഷ്യര്‍, അവരുടെ കണ്ണുകളില്‍ പേടിയും ആശങ്കയും തളം കെട്ടി നില്‍ക്കുന്നു.

ഒരു നാടിനെ മുഴുവൻ നടുക്കിയ ദുരന്തത്തിനാണ് കൊറ്റമ്പത്തൂർ സാക്ഷിയായത്. ഏതോ ഒരു സാമൂഹ്യ വിരുദ്ധന്റെ തലച്ചോറിൽ മിന്നിയ നേരം പോക്കിൽ പൊലിഞ്ഞത് വിലപ്പെട്ട മൂന്ന് ജീവനുകൾ. ഫോറസ്റ്റ് വാച്ചർമാരായ വിഎ ശങ്കരനും എകെ വേലായുധനും പിന്നെ ട്രൈബൽ വാച്ചർ കെയു ദിവാകരനും. ഇതോടെ അനാഥമായത് 3 കുടുംബങ്ങളും.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്റിന് പാട്ടത്തിന് കൊടുത്ത ഭൂമിയിലായിരുന്നു തീപിടുത്തം. നാല് വർഷങ്ങൾക്ക് മുൻപാണ് ഇവർ പാഴ്മരങ്ങൾ മുറിച്ച് മാറ്റിയത്. എന്നാൽ പിന്നീട് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാനോ അടിക്കാട് വെട്ടി വൃത്തിയാക്കാനോ അവർ ശ്രമിച്ചില്ല.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡ്
ഏറെക്കുറെ അനാഥമാക്കപ്പെട്ട അവസ്ഥയിൽ സംരക്ഷിക്കപ്പെടാതെ ആ കാട്ട്ഭൂമി കിടന്നു. ഇതും തീ ആളിപ്പടരാൻ കാരണമായി. ഫോറസ്റ്റ് വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അല്ലാതിരുന്നതിനാൽ അവർക്കും ഇടപെടാൻ കഴിഞ്ഞില്ല. എങ്കിലും ഇത്തരമൊരു അപകടത്തെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ അവർ അത് കാര്യമാക്കിയുമില്ല.
ഈ തീ പിടുത്തം പ്രകൃതിദുരന്തമാണോ? നിലവിൽ അത്തരത്തിലുള്ള ഒരു സാഹചര്യം അവിടെയുണ്ടോ? തീ മനുഷ്യനിർമ്മിതമാണെന്ന് അധികൃതരും നാട്ടുകാരും ഉറപ്പിക്കുന്നതില്‍ എത്രത്തോളം കഴമ്പുണ്ട്?
തീ തുപ്പിയ അക്കേഷ്യ മലകള്‍
 

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) യുടെ കൈവശമുള്ള അക്കേഷ്യ മലയോരമാണ് കൊറ്റമ്പത്തൂരിനെ ദുരിതക്കയത്തിലാഴ്ത്തി കത്തി നശിച്ചത്. 475 ഹെക്ടര്‍ (ആയിരത്തിലേറെ ഏക്കര്‍) വരുന്ന അക്കേഷ്യ മരങ്ങളുടെ വനമാണ് ഈ മേഖലയില്‍.

എച്ച്എന്‍എല്ലിന്‍റെ കൈവശമാണെങ്കിലും നാലഞ്ച് വര്‍ഷം മുന്‍പ് വരെ ഇവിടെ അഗ്നിസുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ‘ഫയര്‍ലൈന്‍’ തയ്യാറാക്കിയും, ജനവാസ മേഖലയില്‍ നിന്ന് കാടിനെ വേര്‍തിരിച്ചും നടന്നിരുന്ന ഈ മുന്‍കരുതലുകള്‍ പിന്നീട് ഇല്ലാതായി. ഇതോടെയാണ് ഇവിടെ തീപിടുത്തങ്ങള്‍ പതിവായത്.

പേപ്പര്‍ പള്‍പ്പ് ഉണ്ടാക്കാനായി നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിന്ന് മരങ്ങള്‍ വെട്ടിക്കൊണ്ട് പോയത്. അക്കാലത്ത് ധാരാളം ജീവനക്കാര്‍ ഈ വനമേഖലയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ശമ്പളം നിലച്ചതോടെ പണി നിലച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വേനല്‍ക്കാലത്ത് പുല്ലു വെട്ടുന്നത് പോലുള്ള ജോലികള്‍ പിന്നീട് നടന്നിരുന്നില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലായ കാട്ടില്‍ ഇഞ്ചക്കാടുകളും, മറ്റ് പുല്‍ക്കാടുകളും സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്. ഇവയോടൊപ്പം കമ്പനിയുടെ ആവശ്യത്തിന് വെട്ടി മാറ്റിയ മരങ്ങളുടെ കുറ്റികളും അവശേഷിച്ചു. അങ്ങനെ, കനലൊരു തരി മതി എന്നായി കാടിന്‍റെ അവസ്ഥ.

പതിവായി തീപിടുത്തമുണ്ടാകുന്ന ഈ വനമേഖലയില്‍ നിന്ന് പരിസര പ്രദേശങ്ങളിലുള്ള തോട്ടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ വനം വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. ഇത്തവണ, അക്കേഷ്യ മരങ്ങള്‍ കത്തിത്തുടങ്ങിയപ്പോള്‍ തന്നെ, തീ പടരുന്നതിനുള്ള സാധ്യത തിരിച്ചറിഞ്ഞ വനം വകുപ്പിലെ 16 ജീവനക്കാര്‍ സംഘങ്ങളായി തിരിഞ്ഞ് തീയണക്കാന്‍ മല കയറുകയായിരുന്നു. ഈ ശ്രമമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ കലാശിച്ചത്.

ചരിത്രത്തില്‍ ആദ്യ സംഭവമെന്ന് വനം വകുപ്പ്

മൂന്ന് പേരുടെ ജീവന്‍ കവര്‍ന്ന കാട്ടു തീ തീര്‍ത്തും യാഥൃശ്ചികമാണെന്നും, മനുഷ്യ നിര്‍മ്മിതമാണെന്നുമാണ് വനം വകുപ്പ് അധികൃതരുടെ വാദം. ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലൊരു സംഭവം ഇതാദ്യമായാണെന്ന് മനസ്സിലാകുമെന്ന് പീച്ചി ഡിഎഫ്ഒ രാജേഷ് പറയുന്നു.

പീച്ചി ഡിഎഫ്ഒ, രാജേഷ്

 

“പതിനാല് വര്‍ഷമായി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിക്ക് പേപ്പര്‍ പള്‍പ്പ് ഉണ്ടാക്കാനായി അക്കേഷ്യ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന് കാട്, ലീസിന് നല്‍കിയിരിക്കുകയായിരുന്നു. എന്നാല്‍ മരങ്ങള്‍ വെട്ടി കൊണ്ടു പോയതിനു ശേഷം, ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ തടയാന്‍, കമ്പനി യാതൊരു പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അടിക്കാടുകള്‍ വളര്‍ന്ന് കാട് നാശമായിരിക്കുകയായിരുന്നു” രാജേഷ് കൂട്ടിച്ചേര്‍ത്തു.

എല്ലാ വേനലിലും കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് അടിക്കാട് വെട്ടിത്തെളിച്ച് ഫയർ ലൈൻ നിർമിക്കാറുണ്ടെങ്കിലും, ലീസിന് നല്‍കിയ ഭൂമിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് കമ്പനി നേരിട്ടാണ്. ഇക്കാര്യം കാണിച്ച് കമ്പനിക്ക് രണ്ടുതവണ വനം വകുപ്പ് കത്ത് നൽകിയെങ്കിലും ഇത് അവഗണിക്കുകയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം മനുഷ്യ നിർമിതമാണെന്നും അശ്രദ്ധയോ, മനപ്പൂർവമോ ആകാമെന്നും ഇത്‌ അന്വേഷിക്കുകയാണെന്നും ഡിഎഫ്ഒ പറഞ്ഞു. അന്തരീക്ഷത്തിലെ കൂടിയ താപനിലയും, കാറ്റും ഈ തീ ആളിപ്പടരാന്‍ കാരണമായി, പിന്നീടാണ് സ്ഥിതി നിയന്ത്രണാതീതമായതെന്നും രാജേഷ് പറഞ്ഞു.

സംഭവത്തിൽ വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലുള്ള പൂങ്ങോട് സ്റ്റേഷൻ കേസെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ഡിഎഫ്ഒ എ രഞ്ചനാണ് അന്വേഷണ ചുമതല. ഈ മേഖലയില്‍ കാട്ടു തീ പതിവാകുന്ന സാഹചര്യത്തില്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ വനം വകുപ്പ് സ്വീകരിച്ചിട്ടുമുണ്ട്.

തീ നിയന്ത്രണാതീതമാകുമ്പോള്‍…

ഇത്തരം സാഹചര്യങ്ങളില്‍, തൊട്ടടുത്ത ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യ നടപടി. തീയുടെ ചെറിയ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ പോലും കത്താന്‍ സാധ്യതയുള്ള പൊന്തക്കാടുകള്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, ഇവ നിയന്ത്രിതമായ കത്തിക്കുന്നതിന് വേണ്ട നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചു കഴിഞ്ഞെന്നാണ് രാജേഷ് പറയുന്നത്.

വെള്ളം കൊണ്ട് കാട്ടു തീ അണയ്ക്കുക എന്നത് പ്രായോഗികമല്ല, അത്തരത്തില്‍ സാധിക്കുമെങ്കില്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ പാകത്തിനുള്ള റോഡുകള്‍ കാടിനുള്ളില്‍ ഉണ്ടാകണമെന്നില്ല. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കുമെങ്കിലും കത്തിപ്പടരുന്ന തീയണയ്ക്കാന്‍ ഇവ പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ കാട്ടു തീയുണ്ടാകുമ്പോള്‍ തന്നെ നിയന്ത്രിക്കുകയാണ് വനം വകുപ്പ് അധികൃതര്‍ ചെയ്യുന്നത്.

ഇതിനായി ഫയര്‍ ബീറ്റേഴ്സ്, ഫയര്‍ ബ്ലോവേഴ്സ് പോലുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, തീ നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ എതിര്‍ ദിശയില്‍ നിന്ന് കൗണ്ടര്‍ ഫയറിങ്ങ് ചെയ്യാറാണ് പതിവ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീയണക്കുന്നത് പ്രോയോഗികമല്ലെന്ന് ഡിഎഫ്ഒ പറഞ്ഞു.

“രണ്ട് വര്‍ഷം മുമ്പ് പറമ്പിക്കുളത്ത് ഉണ്ടായ തീയണയ്ക്കാന്‍ എയര്‍ഫോഴ്സിന്‍റെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതാണ്. എന്നാല്‍ തീയില്‍ നിന്ന് നിശ്ചിത ഉയരത്തില്‍ പറന്ന് കൊണ്ട് മാത്രമേ വെള്ളം സ്പ്രേ ചെയ്യാന്‍ ഹെലികോപ്റ്ററിന് സാധിക്കൂ. അതിനാലാണ് എല്ലാ സാഹചര്യങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിക്കാത്തത്” രാജേഷ് കൂട്ടിച്ചേര്‍ത്തു.

കാട്ടില്‍ വെന്തെരിഞ്ഞ്…കാടിനെ അറിഞ്ഞവര്‍
കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ മരണപ്പെട്ട വിഎ ശങ്കരന്‍, എകെ വേലായുധന്‍,കെയു ദിവാകരൻ എന്നിവര്‍

തങ്ങൾക്കെല്ലാമായിരുന്ന അച്ഛന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനാകാത്ത മക്കൾ ശരത്തിനെയും ശനത്തിനെയുമാണ് കൊടുമ്പ് ചാത്തന്‍ചിറ കോളനിയില്‍ വട്ടപ്പറമ്പില്‍ ശങ്കരന്‍റെ വീട്ടില്‍ കാണാന്‍ സാധിക്കുന്നത്. കൊറ്റമ്പത്തൂര്‍ കാട്ടുതീയില്‍ മരണപ്പെട്ട മൂന്നു പേരില്‍ ഒരാളായ ശങ്കരന്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരനായിരുന്നു.

അമ്മ അരികില്ലാത്ത കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ശങ്കരനായിരുന്നു, കുടുംബത്തിന്റെ നെടുംതൂൺ. നാട്ടുകാർക്കും ഏറെ പ്രിയങ്കരൻ. നോവോടെയല്ലാതെ ശങ്കരനെ പറ്റി പറയാൻ ആർക്കുമായില്ല എന്നതാണ് അവിടെ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ച.

20 വർഷത്തെ പ്രവൃത്തി പരിചയമുണ്ട് ശങ്കരന്. കാട് എന്താണന്നറിയാം. എന്നിട്ടും ആളിപ്പടർന്ന കാടിന്റെ സംഹാര താണ്ഡവത്തിൽ നിന്ന് രക്ഷപ്പെടാൻ ശങ്കരനും കൂടെയുള്ള മറ്റു രണ്ടു പേർക്കും കഴിഞ്ഞില്ല. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍, 99% പൊള്ളലേറ്റ ശങ്കരന് ജീവനുണ്ടായിരുന്നു. എന്നാല്‍ മറ്റ് രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

കാട്ടു തീയില്‍ മരണപ്പെട്ട, വടക്കാഞ്ചേരി എടവണ വളപ്പില്‍ വേലായുധനും വനം വകുപ്പിലെ നിത്യവേതനം പറ്റുന്ന താത്കാലിക ജീവനക്കാരനായിരുന്നു. മൂന്നു മക്കളും ഭാര്യയുമുള്ള വേലായുധന്‍ അഞ്ച് വർഷമായി കാടു കാക്കുന്ന ജോലിയാണ് ചെയ്യുന്നത്. വനം ട്രൈബല്‍ വാച്ചറായിരുന്നു പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ ദിവാകരന്‍ സ്ഥിരം ജീവനക്കാരനായിരുന്നു. ഭാര്യ ഇന്ദിരയും, പത്ത് മാസം പ്രായമായ കുഞ്ഞുമാണ് ഇദ്ദേഹത്തിന്‍റെ കുടുംബം.

തീയണയ്ക്കാന്‍ പതിനാറ് പേരടങ്ങുന്ന ഒരു സംഘമാണ് മല കയറിയത്. എന്നാല്‍, കാറ്റിന്‍റെ തീവ്രത മൂലം തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് രാത്രി വീണ്ടും പോകാമെന്ന തീരുമാനത്തില്‍ മറ്റുള്ളവര്‍ തിരിച്ചിറങ്ങി വന്നു. പക്ഷെ മരണപ്പെട്ട മൂന്നുപേരും അവിടെ അകപ്പെടുകയായിരുന്നു.

ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് പരമാവധി സഹായം കിട്ടിയിട്ടുണ്ട്. അമ്പതിനായിരം രൂപയായിരുന്നു അടിയന്തിര ധനസഹായമായി വനംവകുപ്പ് നല്‍കിയത്. ഇതു കൂടി ചേര്‍ത്ത് ഏഴര ലക്ഷത്തോളം രൂപവീതം മൂന്നു കുടുംബങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

താത്കാലിക ജീവനക്കാരായ ശങ്കരന്‍റെയും, വേലായുധന്‍റെയും അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി നല്‍കാനുള്ള ശുപാര്‍ശയും വനം വകുപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിര ജീവനക്കാരനായ ദിവാകരന് ആനുകൂല്യങ്ങള്‍ ചിട്ടപ്പടി ലഭിക്കും.

അച്ചു മാഷിന് ഇത് രണ്ടാം ജന്മം

തലനാഴിരയ്ക്ക് ജീവൻ തിരിച്ച് കിട്ടിയത് ഇപ്പോഴും വിശ്വസിക്കാനാകാതെ, തന്റെയൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകരുടെ വേർപാടിന്റെ വേദനയിലാണ് അച്ചു മാഷെന്ന, എന്‍സി അച്ചു. പതിനാറ് വര്‍ഷക്കാലമായി ഫോറസ്റ്റ് വാച്ചറായി ജോലി നോക്കുന്ന അച്ചു മാഷിന് സമയോചിതമായ മനോധൈര്യവും അറിവുമാണ് തുണയായെത്തിയത്.

എന്‍സി അച്ചു, ഫോറസ്റ്റ് വാച്ചര്‍

ബികോം ബിരുദധാരിയായ അച്ചു മാഷ്, ട്യൂഷന്‍ ക്ലാസുകള്‍ നടത്തിയാണ് നാട്ടുകാരുടെ പ്രധാനപ്പെട്ട മാഷായത്. പുറകില്‍ നിന്ന് കത്തിപ്പടരുന്ന തീ ഭയന്ന് ദിവാരന്‍റെയും, വേലായുധന്‍റെയും, ശങ്കരന്‍റെയും ഒപ്പം ഓടിയെങ്കിലും പാതി വഴിയില്‍ വീണു പോവുകയായിരുന്നു ഫോറസ്റ്റ് വാച്ചറായ ഈ വയോധികന്‍.

എഴുന്നേറ്റ് ഓടിയാലും ഇനി മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അച്ചു മാഷ് വലതു വശത്തേക്ക് ഓടുകയും, തൊട്ടടുത്ത് ചവറില്ലാത്ത ഭാഗത്ത് കമിഴ്ന്ന് കിടക്കുകയും ചെയ്തു. ശരീരത്തിനു മുകളിലൂടെ പോയ തീയില്‍ അച്ചുമാഷിനും സാരമായ പൊള്ളലേറ്റു. തീ കുറഞ്ഞതോടെ പച്ചപ്പുള്ള ഭാഗത്തേക്ക് പോവുകയും ചെയ്തു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും തീയില്‍ വെന്തു മരിച്ച സഹപ്രവര്‍ത്തകരുടെ വിയോഗം അച്ചുമാഷിനെ തളര്‍ത്തിയിട്ടുണ്ട്.

അന്ന് പ്രളയം, ഇന്ന് തീ…

കൊറ്റമ്പത്തൂര്‍ ദുരിതക്കയത്തിലാകുന്നത് ഇതാദ്യമായല്ല, അന്ന് പ്രളയത്തിന്‍റെ രൂപത്തിലാണെങ്കില്‍ ഇന്ന് കാട്ടുതീ. സഹജീവികളുടെ വേര്‍പാടില്‍ ഈ നാട് ഉരുകാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

2018ലെ പ്രളയകാലം കേരളത്തിന് മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചപ്പോള്‍ കൊറ്റമ്പത്തൂരിനുമുണ്ട് ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ നാലു ജീവനുകളുടെ കഥ പറയാന്‍. കുറാഞ്ചേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേര്‍ മരിച്ച അതേ ദിവസമായിരുന്നു ഈ സംഭവവും.

കാട് മാത്രമല്ല, നാടും കത്തുന്ന കാലം

രാജ്യത്തെ അനീതിക്കും അക്രമത്തിനുമെതിരെയുള്ള പ്രതിഷേധച്ചൂടിനു പുറമെ, അന്തരീക്ഷ താപനില മുമ്പെങ്ങും രേഖപ്പെടുത്തിയിട്ടില്ലാത്ത രീതിയില്‍ ഉയരുമ്പോള്‍ കാടല്ല നാടും കത്തും…അതിന്‍റെ ഉദാഹരണങ്ങള്‍ നാം കണ്ണു കൊണ്ട് കണ്ട് തുടങ്ങി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിനു തീപിടിച്ച പോലുള്ള സംഭവങ്ങള്‍ നമുക്കിനിയും പ്രതീക്ഷിക്കാം.

ബ്രഹ്മപുരം മാലിന്യ പാന്‍റിലെ തീയണയ്ക്കുന്ന അഗ്നിശമന സേനാംഗങ്ങള്‍

സമീപകാല ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണ് കടന്നുപോയത്. ഫെബ്രുവരിയും അങ്ങനെ തന്നെ. ഏറെകാലമായി നാമെല്ലാം ചര്‍ച്ച ചെയ്യുന്ന കാലാവസ്ഥാവ്യതിയാനം അതിന്റെ വിശ്വരൂപം കാണിക്കാന്‍ തുടങ്ങിയെന്നു വേണം പറയാന്‍.

വരും ദിനങ്ങളില്‍ ചൂട് അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ കിട്ടിയിട്ടുണ്ട്. സൂര്യാഘാതവും, കുടിവെള്ളക്ഷാമവും ഭീഷണി മുഴക്കി എത്തിക്കഴിഞ്ഞു. സംഭവിക്കുന്നതൊക്കെ കണക്കുകൂട്ടലുകള്‍ക്കും പ്രവചനങ്ങള്‍ക്കും അപ്പുറത്താകുമ്പോള്‍ ദീര്‍ഘകാലാധിഷ്ടിത നടപടികള്‍ ഉണ്ടായേ തീരൂ…